പ്രസവ കവറേജിന് മാത്രമായി ഇന്‍ഷുറന്‍സ് ലഭിക്കുമോ? ഒന്നിലധികം ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാനാകുമോ? അറിയേണ്ടതെല്ലാം
പ്രസവവും അനുബന്ധ ചികിത്സയുമായി ബന്ധപ്പെട്ടുള്ള ചെലവുകള്‍ക്ക് മാത്രമായി ഒരു അധിക ഇന്‍ഷുറന്‍സ് പോളിസി വാങ്ങാന്‍ കഴിയുമോ? പല ഇന്‍ഷുറന്‍സ് കവറേജുകള്‍ ചേര്‍ത്ത് പ്രസവ ചെലവുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമോ? പലരുടേയും പ്രധാനപ്പെട്ട സംശയങ്ങളിലൊന്നാണിത്. ഉദാഹരണത്തിന് പ്രസവവും അനുബന്ധ ചെലവുകളും വേണ്ടി വരുന്ന വനിതയ്ക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള കവറേജ്, ഭര്‍ത്താവെടുത്ത ഇന്‍ഷുറന്‍സ് കവറേജ് എന്നിവ കൂടി ചേര്‍ത്ത് പ്രസവവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് ക്ലെയിം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നിരിക്കട്ടെ…എന്താണ് ഇക്കാര്യത്തിലെ നടപടി ക്രമമെന്ന് പരിശോധിക്കാം.
ആദ്യമായി പ്രസവത്തിന് മാത്രം ഇന്‍ഷുറന്‍സ് പദ്ധതികളൊന്നുമില്ലെന്ന് അറിഞ്ഞിരിക്കുക. എന്നിരുന്നാലും, സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ ഭാഗമായി് പ്രസവ പരിരക്ഷ ലഭിക്കും. പ്രസവ പരിരക്ഷയ്ക്കുള്ള കാത്തിരിപ്പ് കാലയളവ് പല കമ്പനികളുടേയും വ്യത്യസ്തമാണ്. അതായത് ഇന്‍ഷൂറന്‍സ് കവറേജ് എടുത്ത് ശേഷം ഒരു നിശ്ചിത സമയ പരിധിക്ക് ശേഷമേ പ്രസവ കവറേജിന് അപേക്ഷിക്കാനാകൂ എന്ന് ചുരുക്കും. ഇത് ഒമ്പത് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ ആണ് . അതു കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികളുടെ ഇത്തരത്തിലുള്ള വെയിറ്റിംഗ് പിരീഡ് മനസിലാക്കി മാത്രം പോളിസി സ്വീകരിക്കുക. ഒമ്പത് മാസത്തെ കാത്തിരിപ്പ് കാലയളവുള്ള ചില പ്ലാനുകള്‍ മൂന്ന് വര്‍ഷത്തെ പ്രീമിയം മുന്‍കൂര്‍ പേയ്മെന്‍റ് ആയി ആവശ്യപ്പെടുന്നുണ്ടെന്നതും ശ്രദ്ധിക്കണം
ഇനി നേരത്തെ ഉന്നയിച്ച സംശയം, അതായത് ഒന്നിലധികം ഇന്‍ഷുറന്‍സുകള്‍ സംയോജിപ്പിച്ച് കവറേജ് ഉറപ്പാക്കാനാകുമോ എന്നത് പരിശോധിക്കാം. വ്യത്യസ്ത ഇന്‍ഷുറര്‍മാരിലൂടെ ക്ലെയിം വിഭജിക്കാന്‍ കഴിയും. ഒരു ഇന്‍ഷുററുമായി ഒരു ക്ലെയിം നടത്തിക്കഴിഞ്ഞാല്‍, ആ ഇന്‍ഷുററുടെ സെറ്റില്‍മെന്‍റ് വൗച്ചര്‍ അടുത്ത കമ്പനിയിലേക്ക് സമര്‍പ്പിക്കാം. ഇത് ക്ലെയിം ചെയ്യാത്ത തുക കണ്ടെത്താനും ബാക്കി തുക പ്രോസസ്സ് ചെയ്യാനും അടുത്ത ഇന്‍ഷുററെ സഹായിക്കും. കോര്‍പ്പറേറ്റ് ആരോഗ്യ പരിരക്ഷയ്ക്ക് പുറമേ ഒരു വ്യക്തിഗത ഇന്‍ഷുറന്‍സ് പോളിസി കൂടി ഉണ്ടായിരിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. തൊഴിലുടമ നല്‍കുന്ന പരിധിക്കപ്പുറം അധിക കവറേജ് ആവശ്യമായി വന്നേക്കാവുന്ന മെഡിക്കല്‍ ആവശ്യങ്ങള്‍ ഉണ്ടായേക്കാമെന്നതിനാലാണിത്.