തെറിക്കുത്തരം മുറിപ്പത്തല്‍, നിവൃത്തികെടുമ്പോള്‍ ഒറ്റവെട്ട്, സാറാമ്മച്ചിയുടെ അതിജീവന സമരങ്ങള്‍!

പിന്നീടൊരിക്കല്‍ രക്തം ഒലിക്കുന്ന കൈയുമായി വീട്ടിൽ നിന്നും ഇറങ്ങി വരുന്ന അവരുടെ ഭര്‍ത്താവിനെയാണ് നാട്ടുകാര്‍ കണ്ടത്. സാറാമ്മച്ചി വെട്ടിയതാണ്. അങ്ങനെ കിട്ടിയ മുറിവായിരുന്നു ആ കൈത്തണ്ടയില്‍. അന്നും ഞങ്ങള്‍ അടക്കം പറഞ്ഞു, ‘എന്ത് സ്ത്രീയാണ് അവര്!’

 

 

സാറാമ്മച്ചി. സ്വന്തം വിധിയെ സ്വന്തം നിലപാടില്‍ നിന്നും കൊത്തിയെടുത്തവള്‍. എന്‍റെ മനസ്സിലെ സ്ത്രീയെന്ന സങ്കല്‍പത്തിന് കനത്ത പ്രഹരം ഏല്പിച്ചവള്‍. അടുത്ത് കണ്ട പല സ്ത്രീ ജീവിതങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയായി മാറി നിന്നവള്‍. സ്ത്രീക്ക് സമൂഹം ചാര്‍ത്തി കൊടുത്ത ക്ഷമയുടെ മൂര്‍ത്തി ഭാവം കണ്ടില്ലെന്ന് നടിച്ചവള്‍. 

സാറാമ്മച്ചിയുമായി വഴക്കിടാത്തവര്‍ കുറവായിരിക്കും ഞങ്ങളുടെ നാട്ടില്‍. ‘നാട്ടിലെ പ്രധാന വഴക്കാളി’ എന്നതായിരുന്നു അവരുടെ വിലാസം. ഇവര്‍ എന്താണിങ്ങനെ എന്നാണ്, മറ്റെല്ലാവരെയും പോലെ ഞാനും പണ്ട് കരുതിയിരുന്നത്. എന്നാല്‍, കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, സാറാമ്മച്ചിയായിരുന്നു ശരിയെന്ന്. അവര്‍ നടത്തിയ ഓരോ തര്‍ക്കങ്ങളും നിലനില്‍പ്പിനും ആത്മാഭിമാനം സംരക്ഷിക്കാനും ആയിരുന്നുവെന്ന് ഇപ്പോള്‍ എനിക്കറിയാം. 

കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു സാറാമ്മച്ചിയുടെ ദാമ്പത്യ ജീവിതം. മൂന്ന് മക്കളെ വളര്‍ത്താന്‍ അവര്‍ക്ക് ആകെയുള്ള ആശ്രയം പശു വളര്‍ത്തലും ചെറിയ കൃഷികളും മറ്റുമായിരുന്നു. അതില്‍ നിന്നുള്ള ചെറിയ നീക്കിയിരുപ്പുകളായിരുന്നു അവരുടെ ഏകാശ്രയം. എന്നാല്‍, ഒന്നിനും സഹായിക്കാത്ത ഭര്‍ത്താവ് ആ നീക്കിയിരുപ്പില്‍ നിന്നും കൈയ്യിട്ട് വാരാന്‍ വരുമ്പോള്‍ അവര്‍ വിട്ടുകൊടുക്കില്ല. എന്ത് വില കൊടുത്തും അവര്‍ അയാളെ ചെറുക്കും. വഴക്കാവും, ബഹളമാവും. പക്ഷേ, പുറത്ത് നിന്ന് ഇത് കേള്‍ക്കുന്ന നാട്ടുകാര്‍ക്ക് പറയാന്‍ മുന്‍വിധിയില്‍ വാറ്റിയെടുത്ത സ്ഥിരം പല്ലവി മാത്രമേ ഉണ്ടായിരുന്നുള്ളൂ- ‘എന്ത് വൃത്തികെട്ട സ്ത്രീയാണ് അവര്!’ 

പിന്നീടൊരിക്കല്‍ രക്തം ഒലിക്കുന്ന കൈയുമായി വീട്ടിൽ നിന്നും ഇറങ്ങി വരുന്ന അവരുടെ ഭര്‍ത്താവിനെയാണ് നാട്ടുകാര്‍ കണ്ടത്. സാറാമ്മച്ചി വെട്ടിയതാണ്. അങ്ങനെ കിട്ടിയ മുറിവായിരുന്നു ആ കൈത്തണ്ടയില്‍. അന്നും ഞങ്ങള്‍ അടക്കം പറഞ്ഞു, ‘എന്ത് സ്ത്രീയാണ് അവര്!’ ഒന്നും എടുത്ത് വില്‍ക്കാന്‍ കിട്ടാതായപ്പോള്‍ അയാള്‍ സാറാമ്മച്ചിയുടെ ഏകാശ്രയമായ പശുവിനെ വില്‍ക്കാന്‍ ശ്രമിച്ചതായിരുന്നു അതിന് കാരണമെന്ന കാര്യം മാത്രം ആരും പറഞ്ഞില്ല! 

ഇന്നിപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്, സാറാമ്മച്ചിയായിരുന്നു ശരി! അവര്‍ സ്വന്തം നിലനില്‍പ്പിന് വേണ്ടിയാണ് പോരാടിയത്. ആ പോരാട്ടം വെളിയില്‍ നിന്നുള്ളവര്‍ ആ നിലയ്ക്ക് മനസ്സിലാക്കിയിരുന്നില്ല. അവരുടെ സ്‌നേഹത്തിന്‍റെ ചൂടും ദയയുടെ നേര്‍മ്മയും കണ്ടെത്താന്‍ സാധിക്കത്തവരാണ് ‘എന്ത് സ്ത്രീയാണ് അവര്’ എന്ന് വീണ്ടും വിലാപ കാവ്യം ചമച്ചത്!

ഇന്ന്  അവരുടെ മൂന്ന് മക്കളും നല്ല നിലയിലാണ്. ഭര്‍ത്താവ് മരിച്ചു. ഇന്നാ വീട്ടില്‍ അവര്‍ ഒറ്റക്കാണ്. മക്കള്‍ മൂന്ന് പേരും അവരവരുടെ വീടുകളില്‍. അവര്‍ വീട്ടിലേക്ക് ക്ഷണിക്കുമ്പോഴൊക്കെ സാറാമ്മച്ചി പറയും, ‘ആരോഗ്യമുള്ള കാലം വരെ ഇവിടെ മതി’. ഇന്നും കോഴിവളര്‍ത്തലും പച്ചക്കറി കൃഷിയും മറ്റുമായി ജീവിക്കുകയാണവര്‍. സ്വന്തം ജീവിതം തന്‍റെ തന്നെ ഉത്തരവാദിത്തമാണെന്നും തന്‍റെ ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുക എന്നത് തന്‍റെ തന്നെ സ്വാതന്ത്ര്യമാണെന്നും അവര്‍ സമൂഹത്തോട് ഉച്ചത്തില്‍ വിളിച്ച് പറയുകയാണ്. എന്നാലും സമൂഹം പറയും, ‘ഈ പ്രായത്തില്‍ ഒറ്റയ്ക്ക് ! ഇവര്‍ക്ക് ഇതിന്‍റെ വല്ല അവശ്യവുമുണ്ടോ? എന്തൊരു സ്ത്രീയാണ് അവര്!’

ആ കേള്‍ക്കുന്നത് സാറാമ്മച്ചിയുടെ ഉച്ചത്തില്‍ ഉള്ള ശബ്ദമാണ്. ചന്തയില്‍ മീന്‍കാരനോട് വിലപേശുകയാണ് അവര്‍: ‘ടാ ചെറുക്കാ, നിന്‍റപ്പനോട് ചോദിച്ചാല്‍ മതി ഈ സാറാമ്മ ആരാണെന്ന്, അര കിലോ മത്തി 100 രൂപയ്ക്ക് തന്നാല്‍ ഞാന്‍ എടുത്തോളാം. എന്നെ പറ്റിക്കാന്‍ നിക്കല്ലേയ് നീ..’- ഈ സംഭാഷണം ഇങ്ങനെ തുടരും..
      
ഓരോ മനുഷ്യ ജീവിതവും അടുത്തറിയുമ്പോള്‍ നമ്മളുടെ മനസ്സില്‍ സമൂഹം പണിതുവെച്ച ലേബലുകള്‍ മാഞ്ഞുപോവും. ശരിക്കും മനുഷ്യരെല്ലാം പാവങ്ങളാണ്, സ്‌നേഹിക്കാന്‍ അറിയുന്നവരാണ്. ജീവിത സാഹചര്യങ്ങളാണ് ഒട്ടും ചേരാത്ത പല മുഖംമൂടികളും അണിയാന്‍  നമ്മളെ പ്രാപ്തരാക്കുന്നത്.

 

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം

 

 

By admin