ഡോങ്കി റൂട്ട് വഴി യുഎസിലേക്ക് മനുഷ്യക്കടത്ത്, 50 ലക്ഷം വരെ തലവരി പണം; മുഖ്യ സൂത്രധാരൻ പിടിയിൽ
ദില്ലി: അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്ത് കേസിലെ പ്രധാന സൂത്രധാരനെ എൻ ഐ എ അറസ്റ്റ് ചെയ്തു. അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട പഞ്ചാബ് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. ദില്ലി സ്വദേശി ഗഗൻദീപ് സിങ്ങിനെയാണ് ഏജൻസി അറസ്റ്റ് ചെയ്തത്.
ഡോങ്കി റൂട്ടിലൂടെ മനുഷ്യക്കടത്ത് നടത്തിയിരുന്ന വ്യക്തിയാണ് ഇയാളെന്ന് എൻഐഎ പറഞ്ഞു. 45 മുതൽ 50 ലക്ഷം രൂപയാണ് ഇതിനായി വാങ്ങിയത്. അമേരിക്കയിലേക്ക് എത്തിക്കാൻ അനധികൃതമായി മെക്സിക്കൻ അതിർത്തിയിലൂടെ അടക്കം ഇന്ത്യക്കാരെ കൊണ്ടുപോകുന്ന സംഘത്തിൻ്റെ നടത്തിപ്പുകാരനാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
ആളുകളെ വിദേശത്തേക്ക് അയക്കാനുള്ള ലൈസൻസോ മറ്റ് അംഗീകാരങ്ങളോ ഗഗൻദീപ് സിങ്ങിന് ഉണ്ടായിരുന്നില്ല. അനധികൃത കുടിയേറ്റക്കാരന് കാട്ടി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം ഏജൻറ് മാർക്ക് എതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് എൻഐ എ വൃത്തങ്ങൾ വ്യക്തമാക്കി.