ഗുജറാത്തിനെതിരെ നേടിയത് വെറും 8 റൺസ്; എന്നിട്ടും റെക്കോര്‍ഡ് ബുക്കിൽ ഇടംപിടിച്ച് രോഹിത്!
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ പുതിയ നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് താരം രോഹിത് ശര്‍മ്മ. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4 പന്തിൽ വെറും 8 റൺസ് നേടി രോഹിത് മടങ്ങിയിരുന്നു. മുഹമ്മദ് സിറാജിനെ തുടര്‍ച്ചയായി രണ്ട് തവണ ബൗണ്ടറി കടത്തിയ രോഹിത് മുംബൈ ഇന്ത്യൻസ് ആരാധകര്‍ക്ക് പ്രതീക്ഷ നൽകിയെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. 4 പന്തുകൾ മാത്രം നേരിട്ട രോഹിത് റെക്കോര്‍ഡ് സ്വന്തമാക്കിയാണ് മടങ്ങിയത്.
ഐപിഎല്ലിന്റെ ചരിത്രത്തിൽ 600 ബൗണ്ടറികൾ നേടുന്ന നാലാമത്തെ താരം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. രണ്ട് ബൗണ്ടറികൾ നേടിയതോടെ രോഹിത്തിന്റെ ബൗണ്ടറികളുടെ എണ്ണം 601 ആയി. 259-ാം മത്സരത്തിലാണ് രോഹിത്തിന്റെ നേട്ടം. 222 മത്സരങ്ങളിൽ നിന്ന് 768 ബൗണ്ടറികൾ നേടിയ ശിഖര്‍ ധവാനാണ് പട്ടികയിൽ ഒന്നാമത്. 254 മത്സരങ്ങളിൽ നിന്ന് 711 ബൗണ്ടറികൾ നേടിയ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തുണ്ട്. 184 മത്സരങ്ങളിൽ നിന്ന് 663 ബൗണ്ടറികൾ നേടിയ ഡേവിഡ് വാര്‍ണറാണ് മൂന്നാം സ്ഥാനത്ത്. 205 മത്സരങ്ങളിൽ നിന്ന് 506 ബൗണ്ടറികൾ നേടിയ സുരേഷ് റെയ്നയാണ് രോഹിത്തിന് പിന്നിൽ അഞ്ചാം സ്ഥാനത്ത്. ഗൗതം ഗംഭീര്‍ (492), അജിങ്ക്യ രഹാനെ (485), റോബിൻ ഉത്തപ്പ (481), ദിനേഷ് കാര്‍ത്തിക് (466), ഫാഫ് ഡുപ്ലസി (424) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ.
അതേസമയം, ഐപിഎല്ലിന്‍റെ 18-ാം സീസണിൽ മോശം തുടക്കമാണ് മുംബൈ ഇന്ത്യൻസിന് ലഭിച്ചിരിക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈ പോയിന്റ് പട്ടികയിൽ 9-ാം സ്ഥാനത്താണ്. രാജസ്ഥാൻ റോയൽസ് മാത്രമാണ് മുംബൈയ്ക്ക് പിന്നിലുള്ളത്. ആദ്യ ജയം തേടി ഗുജറാത്തിനെതിരെ ഇറങ്ങിയ മുംബൈ 36 റൺസിന് പരാജയപ്പെടുകയായിരുന്നു. 197 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ മുംബൈയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടാനേ സാധിച്ചുള്ളൂ.
READ MORE: ഒരു വേദിയിൽ അതിവേഗം 1,000 റൺസ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരം; പുതിയ നേട്ടം സ്വന്തമാക്കി ഗിൽ