ഗാസയിൽ പുതിയ വെടിനിർത്തൽ കരാർ അംഗീകരിക്കുന്നുവെന്ന് ഹമാസ്, ആക്രമണം തുടർന്ന് ഇസ്രയേൽ; 20 പേർ കൂടി കൊല്ലപ്പെട്ടു

കെയ്റോ: ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരുന്നതിന് ഈജിപ്തിന്റെയും ഖത്തറിന്റെയും മദ്ധ്യസ്ഥതയിൽ തയ്യാറാക്കിയ പുതിയ കരാർ സ്വീകാര്യമാണെന്ന് ഹമാസ് അറിയിച്ചു. രണ്ട് ദിവസം മുമ്പ് ലഭിച്ച നിർദേശങ്ങൾ സ്വീകാര്യമാണെന്ന് ഹമാസ് ശനിയാഴ്ച മദ്ധ്യസ്ഥരെ അറിയിച്ചു. “ഖത്തറിലെയും ഈജിപ്തിലെയും മദ്ധ്യസ്ഥർ വഴി രണ്ട് ദിവസം മുമ്പ് വെടിനിർത്തൽ നിർദേശങ്ങൾ തങ്ങൾക്ക് ലഭിച്ചതായും അത് പരിശോധിച്ച് അനുകൂല തീരുമാനമെടുക്കുകയും അംഗീകരിക്കുകയും ചെയ്തു” എന്ന് ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ അറിയിച്ചു.

പുതിയ വെടിനിർത്തൽ കരാറിനോട് ഇസ്രയേലിൽ നിന്നും അനുകൂല പ്രതികരണം ലഭിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം ഇത് സംബന്ധിച്ചുള്ള വാർത്താ ഏജൻസിയുടെ അന്വേഷണത്തോട് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിക്കാൻ തയ്യാറായില്ല. കരാറിനെ ഇസ്രയേൽ അട്ടിമറിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഹമാസ് നേതാവ് പറഞ്ഞു. ഇസ്രയേലിൽ നിന്ന് ഹമാസ് പിടികൂടി അഞ്ച് ബന്ദികളെ കൂടി മോചിപ്പിക്കാമെന്നതാണ് വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥ. ഓരോ ആഴ്ചയും ഒരാളെ വീതമെന്ന നിലയിലായിരിക്കും ഇങ്ങനെ മോചിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.

മദ്ധ്യസ്ഥരിൽ നിന്ന് വെടിനിർത്തൽ കരാർ നിർദേശങ്ങൾ ലഭിച്ചതായും അമേരിക്കയുമായി സഹകരിച്ച് തങ്ങളുടെ നിർദേശങ്ങൾ കൈമാറിയിട്ടുണ്ടെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം. ജനുവരി 19നാണ് ഗാസയിൽ ആദ്യഘട്ട വെടിനിർത്തയിൽ ഗാസയിൽ നിലവിൽവന്നത്. ഇതിന്റെ ഭാഗമായി ഹമാസ് ബന്ദികളിൽ ചിലരെ വിട്ടയക്കുകയും ഇസ്രയേൽ ജയിലിലുള്ള പലസ്തീനികളെ ഇസ്രയേൽ മോചിപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് ഘട്ട വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിൽ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനും ഗാസയിൽ നിന്നുള്ള ഇസ്രയേൽ പിന്മാറ്റം പൂർത്തിയാക്കാനുമാണ് ലക്ഷ്യമിട്ടിരുന്നത്.

അതേസമയം ശനിയാഴ്ചയും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നു. ഇരുപതോളം പേർ ശനിയാഴ്ച മാത്രം ആക്രമങ്ങളിൽ കൊല്ലപ്പെട്ടതായാണ് വിവരം. മാർച്ച് 18നാണ് ഇസ്രയേൽ വീണ്ടും ഗാസയിൽ വ്യോമാക്രമണം തുടങ്ങിയത്. ഒപ്പം ഇസ്രയേൽ സൈനികർ ഗാസയിൽ കൂടുതൽ സ്ഥലങ്ങളിൽ വെടിവെപ്പ് നടത്തി. ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് മേൽ സമ്മർദം ശക്തമാക്കാനാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin