കേരള തീരത്ത് ഇന്ന് ഒരു മണിക്കൂർ നേരം ചന്ദ്രനെ കാണാൻ സാധ്യത; നാളെ പെരുന്നാളിന് സാധ്യതയെന്ന് ഹുസൈൻ മടവൂർ
കോഴിക്കോട്: കേരള തീരത്ത് ഇന്ന് ഒരു മണിക്കൂർ നേരം ചന്ദ്രനെ കാണാൻ സാധ്യത ഉണ്ടെന്നും നാളെ പെരുന്നാൾ ആകാൻ സാധ്യത ഉണ്ടെന്നും മുജാഹിദ് നേതാവ് ഹുസൈൻ മടവൂർ. പെരുന്നാൾ സന്ദേശത്തിൽ വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരായ പ്രചാരണത്തിനും ഉപയോഗപ്പെടുത്തുമെന്നും വഖഫ് വിഷയം ഉന്നയിക്കുമെന്നും ഹുസൈൻ മടവൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് കേരളത്തിലെ വിശ്വാസികൾ.
വ്രതാനുഷ്ഠാനത്തിന്‍റെയും പ്രാർത്ഥനയുടെയും ദിവസങ്ങളാണ് കടന്നു പോകുന്നത്. വേനലവധിയും കൂടി എത്തിയതോടെ വീടുകൾ സന്തോഷത്തിന്‍റെയും ഒത്തുചേരലിന്‍റെയും ഇടങ്ങളായി മാറി. പെരുന്നാളുടുപ്പുകളടക്കം എല്ലാം തയ്യാർ. മൈലാഞ്ചി ഇടാനും അണിയിക്കാനുമുള്ള തിരക്കിലാണ് പെൺകൂട്ടങ്ങൾ. ഇനി മാസപ്പിറവിക്കായുള്ള കാത്തിരിപ്പാണ്. അതേസമയം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി നാളെയാണ് ഈദുൽ ഫിത്തർ ആഘോഷം.