കഴിഞ്ഞ വർഷം റോബസ്റ്റ പൂവിട്ടത് വെള്ളനിറത്തിൽ, ഇക്കൊല്ലം കളറൊന്ന് മാറി, പച്ച പൂവുമായി കാപ്പിച്ചെടി
പുല്‍പ്പള്ളി: കഴിഞ്ഞ വര്‍ഷം തൂവെള്ള നിറത്തില്‍ ആയിരുന്നു പുല്‍പള്ളി പഞ്ചായത്തിലെ കോളറാട്ടുകുന്ന് മേനംപടത്ത് തോമസിന്റെ തോട്ടത്തിലെ കാപ്പിച്ചെടികളിലെല്ലാം പൂവിരിഞ്ഞത്. പക്ഷേ ഇത്തവണ ആ തോട്ടത്തിലെ ഒരു ചെടിയില്‍ മാത്രം വിരിഞ്ഞത് ള്ളംപച്ചനിറത്തിലുള്ള പൂക്കളാണ്. മഴപെയ്തശേഷം ഒരു കാപ്പിച്ചെടിമാത്രം പച്ചനിറത്തില്‍ പൂവിട്ടത് കഴിഞ്ഞ ദിവസമാണ് തോമസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. നിറം മാറുമെന്ന് കരുതിയെങ്കിലും പച്ച നിറത്തിന് മാറ്റമില്ലാതെ വന്നതോടെയാണ് തോമസ് സംഭവം നാട്ടുകാരില്‍ ചിലരോട് പങ്കുവെച്ചത്.
ഇതോടെ പച്ച കാപ്പിപൂവ് കാണാന്‍ തോട്ടത്തിലേക്ക് നാട്ടുകാരില്‍ ഏറെപേരും എത്തി. കഴിഞ്ഞ വര്‍ഷം വെള്ള നിറത്തിലായിരുന്നു പൂവിട്ട് കാപ്പിക്കുരു ഉണ്ടായതെന്ന് തോമസ് പറയുന്നു. പതിറ്റാണ്ടുകളായി കാപ്പിക്കൃഷി ചെയ്തുവരുന്ന തോമസിന്റെ അനുഭവത്തില്‍ ആദ്യമായാണ് വെള്ള നിറത്തിലല്ലാതെ കാപ്പി പൂക്കുന്നത്. തോട്ടത്തിലെ മറ്റു കാപ്പിച്ചെടികളിലെല്ലാം വെള്ളപ്പൂവാണ്.
വീടിനോട് ചേര്‍ന്നുള്ള 60 സെന്റ് സ്ഥലത്താണ് അമ്പത്തിയെട്ടുകാരനായ തോമസ് റോബസ്റ്റ ഇനത്തിലുള്ള കാപ്പി കൃഷി ചെയ്യുന്നത്. സംഭവം കൃഷിഭവനില്‍ അറിയിച്ചതോടെ അവിടെ നിന്ന് ഉദ്യോഗസ്ഥരെത്തി ചെടിയുടെയും പൂവിന്റെയും ചിത്രമെടുത്ത് പഠനവിധേയമാക്കാനുള്ള ശ്രമത്തിലാണ്. പച്ചനിറത്തില്‍ കാപ്പിപ്പൂ വിരിഞ്ഞതിന് കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കാരണമാകാമെന്നും കരുതുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം