ഓസ്റ്റിയോപൊറോസിസ്; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് ഇതിന്‍റെ കാരണം. ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും ഇടയാകുന്നു. പല കാരണങ്ങള്‍ കൊണ്ട് ഓസ്റ്റിയോപോറോസിസ് രോഗം ഉണ്ടാകാം. മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ്, കാത്സ്യത്തിന്‍റെ കുറവ്, കായികാധ്വാനം ഇല്ലാത്തത്, അമിത മദ്യപാനം, പുകയിലയുടെ ഉപയോഗം തുടങ്ങിയവ രോഗ സാധ്യതയെ കൂട്ടാം.
ലക്ഷണങ്ങള്‍
അസ്ഥി വേദന, നടുവേദന, മുട്ടുവേദന, നടക്കാന്‍ ബുദ്ധിമുട്ട്, കഴുത്തു വേദന, നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക, ഉയരം കുറയുക അല്ലെങ്കിൽ പുറം വളഞ്ഞു പോവുക, എല്ലുകള്‍ തള്ളി നില്‍ക്കുക, ശ്വാസം മുട്ടൽ തുടങ്ങിയവയൊക്കെ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.
ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വ്യായാമം
എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
2. വെള്ളം
വെള്ളം ധാരാളം കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
3. വണ്ണം കുറയ്ക്കുക
ഭാരം കൂടുമ്പോള്‍ മുട്ടുവേദനയും മറ്റുമൊക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ശരീരഭാരം കൂടാതെ നോക്കുക.
4. ഭക്ഷണക്രമം
എല്ലുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്കായി ചെയ്യേണ്ടത്.
5. കാത്സ്യം, വിറ്റാമിന്‍ ഡി
എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ട കാത്സ്യം, വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
6. ആന്‍റി ഇന്‍ഫ്ലമേറ്ററി ഭക്ഷണങ്ങള്‍
ഇലക്കറികള്‍, ഫാറ്റി ഫിഷ്, നട്സ്, ബെറി പഴങ്ങള്‍ തുടങ്ങിയ ആന്‍റി ഇന്‍ഫ്ലമേറ്ററി ഭക്ഷണങ്ങള്‍ കഴിക്കുന്നത് സന്ധി വേദന കുറയ്ക്കാന്‍ സഹായിക്കും.
7. പുകവലി, മദ്യപാനം ഒഴിവാക്കുക
പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക. പുകവലിയും മദ്യപാനവും അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത കുറയ്ക്കുകയും അസ്ഥികളുടെ ശക്തിക്ക് ആവശ്യമായ കാത്സ്യം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും.
8. ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ഉപ്പ്, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവയും അമിതമായി കഴിക്കാതിരിക്കുന്നതാണ് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ നല്ലത്.
ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:
പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, മുട്ട, മത്സ്യം, ബദാം, വാള്‍നട്സ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ ഉപ്പ്, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ അമിതമായി കഴിക്കാതിരിക്കുന്നതാണ് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ നല്ലത്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: കാത്സ്യമോ വിറ്റാമിന്‍ ഡിയോ? എല്ലുകളുടെ ആരോഗ്യത്തിന് കൂടുതൽ പ്രധാനം ഏത്? ഡോക്ടര്‍ പറയുന്നു