ഐപിഎല്ലിന്റെ 18-ാം സീസണിൽ പോരാട്ടം കടുപ്പിച്ച് ടീമുകൾ. ഗുജറാത്ത് ടൈറ്റൻസ് – മുംബൈ ഇന്ത്യൻസ് മത്സരം പൂര്‍ത്തിയായതോടെ പോയിന്റ് പട്ടികയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് 9-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. രണ്ട് മത്സരങ്ങളിൽ ഒരു ജയം സ്വന്തമാക്കിയ ഗുജറാത്താകട്ടെ മൂന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തുകയും ചെയ്തു.
ഐപിഎല്ലിലെ കരുത്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ ഇത്തവണ രണ്ട് മത്സരങ്ങൾ പൂര്‍ത്തിയാക്കിയപ്പോൾ മോശം പ്രകടനമാണ് പുറത്തെടുത്തത്. പോയിന്റ് പട്ടികയിൽ മുംബൈയ്ക്കും താഴെ 10-ാമതാണ് രണ്ട് മത്സരങ്ങളും പരാജയപ്പെട്ട രാജസ്ഥാൻ റോയൽസിന്റെ സ്ഥാനം. 9-ാമതുള്ള മുംബൈയ്ക്ക് തൊട്ടുമുകളിലാണ് ചെന്നൈ എത്തി നിൽക്കുന്നത്. അദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയ ചെന്നൈ രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുന്നിൽ തകര്‍ന്നടിഞ്ഞു. ആര്‍സിബിയാകട്ടെ കളിച്ച രണ്ട മത്സരങ്ങളിലും വിജയിച്ച് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഓറഞ്ച് ക്യാപ്പിന് വേണ്ടിയുള്ള മത്സരം കടുക്കുകയാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് 145 റൺസ് അടിച്ചുകൂട്ടിയ ലഖ്നൗ താരം നിക്കോളാസ് പൂരാനാണ് ഒന്നാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളിൽ നിന്ന് 137 റൺസ് നേടിയ ഗുജറാത്ത് താരം സായ് സുദര്‍ശൻ രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് മത്സരങ്ങളിൽ നിന്ന് 124 റൺസുമായി ലഖ്നൗവിന്‍റെ തന്നെ മിച്ചൽ മാര്‍ഷാണ് മൂന്നാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളിൽ നിന്ന് 114 റൺസുമായി സൺറൈസേഴ്സ് താരം ട്രാവിസ് ഹെഡ് നാലാം സ്ഥാനത്തും 106 റൺസുമായി സൺറൈസേഴ്സിന്റെ തന്നെ ഇഷാൻ കിഷൻ അഞ്ചാം സ്ഥാനത്തുമുണ്ട്. ഈ സീസണിലെ ഏക സെഞ്ച്വറിയും ഇഷാൻ കിഷൻറെ പേരിലാണ്.
പര്‍പ്പിൾ ക്യാപ് ലക്ഷ്യമിട്ടുള്ള ബൗളര്‍മാരുടെ പോരാട്ടവും കടുക്കുകയാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റുകൾ വീഴ്ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം നൂര്‍ അഹമ്മദാണ് ഒന്നാമത്. 6 വിക്കറ്റുകൾ വീഴ്ത്തിയ ലഖ്നൗ താരം ശാര്‍ദ്ദൂൽ താക്കൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. 5 വിക്കറ്റുകൾ സ്വന്തമാക്കിയ ബെംഗളൂരു പേസര്‍ ജോഷ് ഹേസൽവുഡാണ് മൂന്നാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളിൽ നിന്ന് 4 വിക്കറ്റുകൾ വീതം വീഴ്ത്തിയ ചെന്നൈ താരം ഖലീൽ അഹമ്മദ്, ടൈറ്റൻസിന്റെ സായ് കിഷോര്‍ എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.
READ MORE: ഗുജറാത്തിനെതിരെ നേടിയത് വെറും 8 റൺസ്; എന്നിട്ടും റെക്കോര്‍ഡ് ബുക്കിൽ ഇടംപിടിച്ച് രോഹിത്!