ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്, അനികേതിനെ ചാടിപ്പിടിച്ച് ജേക് ഫ്രേസര്‍ മക്‌ഗുര്‍ക്

വിശാഖപട്ടണം: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് തകര്‍ന്നടിഞ്ഞപ്പോള്‍ രക്ഷകനായത് അഞ്ചാമനായി ക്രീസിലെത്തിയ 23കാരന്‍ അനികേത് വര്‍മയായായിരുന്നു. പവര്‍ പ്ലേ തീരും മുമ്പ് ക്രീസിലെത്തിയ അനികേത് അക്സര്‍ പട്ടേലിന്‍റെ പന്തില്‍ നല്‍കിയ അനായാസ ക്യാച്ച് എക്സ്ട്രാ കവറില്‍ അഭിഷേക് പോറല്‍ കൈവിട്ടിരുന്നു.

പിന്നീട് ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും തകര്‍ത്തടിച്ച അനികേതാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അനികേത് പിന്നീട് നേരിട്ട എട്ട് പന്തില്‍ അടിച്ചെടുത്തത് 24 റണ്‍സായിരുന്നു. ഡല്‍ഹി ക്യാപ്റ്റൻ അക്സര്‍ പട്ടേലിനെ നിലം തൊടാതെ പറത്തിയ അനികേത് തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ പറത്തിയപ്പോള്‍ കുല്‍ദീപ് യാദവിനെയും സിക്സിന് തൂക്കി.

ഐപിഎൽ: ഒറ്റയാനായി പൊരുതി അനികേത് വർമ, സ്റ്റാർക്കിന് 5 വിക്കറ്റ്; ഡൽഹിക്കെതിരെ ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ

പതിനഞ്ചാം ഓവറില്‍ കുല്‍ദീപിനെതിരെ സിക്സ് അടിച്ച അനികേത് വീണ്ടും സിക്സിന് ശ്രമിച്ചെങ്കിലും സ്ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ ജേക് ഫ്രേസര്‍ മക്‌ഗുര്‍കിന്‍റെ അവിശ്വസനീയ ക്യാച്ചില്‍ പുറത്തായി. സിക്സെന്ന് ഉറപ്പിച്ച ഷോട്ട് ബൗണ്ടറിയില്‍ ഉയര്‍ന്നുചാടി മക്‌ഗുര്‍ക് കൈയിലൊതുക്കിയപ്പോള്‍ അനികേത് അവിശ്വസനീയതയോടെ ക്രീസില്‍ തലകുനിച്ചിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് മക്‌ഗുര്‍ക് ബൗണ്ടറിയില്‍ കൈയിലൊതുക്കിയത്.

അനികേത് പുറത്തായതോടെ 200 കടക്കുമെന്ന് കരുതിയ ഹൈദരാബാദ് ഇന്നിംഗ്സ് 163 റണ്‍സില്‍ അവസാനിച്ചു. അനികേതിന് പിന്നാലെ ഹര്‍ഷല്‍ പട്ടേലിനെ അക്സര്‍ പട്ടേലും വിയാന്‍ മുള്‍ഡറെ ഫാഫ് ഡൂപ്ലെസിയും തകര്‍പ്പന്‍ ക്യാച്ചുകളിലൂടെ പുറത്താക്കിയാണ് ഹൈദരാബാദ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. അനികേതിന് പുറമെ ഹെന്‍റിച്ച് ക്സാസൻ ഹൈദരാബാദിനായി 32 റണ്‍സടിച്ചപ്പോള്‍ ട്രാവിസ് ഹെഡ് 22 റണ്‍സെടുത്തു. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ അഞ്ചും കുല്‍ദീപ് യാദവ് മൂന്നും വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin