ഐപിഎൽ: ഒറ്റയാനായി പൊരുതി അനികേത് വർമ, സ്റ്റാർക്കിന് 5 വിക്കറ്റ്; ഡൽഹിക്കെതിരെ ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ
വിശാഖപട്ടണം: പവര്‍ ഹിറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോഴും ഒറ്റക്ക് പൊരുതിയ അനികേത് വര്‍മയുടെ അര്‍ധസെഞ്ചുറി മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പട്ട സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.4 ഓവറില്‍ 163 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ചാമനായി ക്രീസിലെത്തി 41 പന്തില്‍ 74 റണ്‍സടിച്ച അനികേത് വര്‍മയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ഹെന്‍റിച്ച് ക്ലാസന്‍ 32ഉം ട്രാവിസ് ഹെഡ് 22 ഉം റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചും കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി.
പവര്‍ പോയ പവര്‍ പ്ലേ
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലെത്തിയ ഹൈദദരാബാദിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ട്രാവിസ് ഹെഡ് രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും അഭിഷേക് ശര്‍മ(1) റണ്ണൗട്ടായത് ഹൈദരാബാദിന് തിരിച്ചടിയായി. മുകേഷ് കുമാര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ അതിശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച ഇഷാന്‍ കിഷനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറില്‍ കിഷനെ(2) സ്റ്റാര്‍ക്ക് തേര്‍ഡ് മാനില്‍ ട്രിസ്റ്റന്‍ സ്റ്റബ്സിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ സ്റ്റാര്‍ക്ക് അഞ്ച് വൈഡ് വഴങ്ങിയെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയെ(0) അക്കൗണ്ട് തുറക്കും മുമ്പെ മടക്കി ഹൈദാരാബാദിനെ കൂട്ടത്തകര്‍ച്ചയിലാക്കി.
ഒരറ്റത്ത് ഹെഡ് തകര്‍ത്തടിക്കുമ്പോഴും തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് ഹൈദരാബാദിന് തിരിച്ചടിയായി. മിച്ചല്‍ സ്റ്റാര്‍ക്കിന് പവര്‍ പ്ലേയില്‍ മൂന്നാം ഓവര്‍ നല്‍കാനുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അക്സര്‍ പട്ടേലിന്‍റെ തീരുമാനം വീണ്ടും ഫലം കാണുന്നതാണ് പിന്നീട് കണ്ടത്. പവര്‍ പ്ലേയിലെ അഞ്ചാം ഓവര്‍ എറിയാനെത്തിയ സ്റ്റാര്‍ക്ക് ആദ്യ പന്തില്‍ തന്നെ തകര്‍ത്തടിച്ച ട്രാവിസ് ഹെഡിനെ(12 പന്തില്‍ 22) വിക്കറ്റിന് പിന്നില്‍ കെ എൽ രാഹുലിന്‍റെ കൈകളിലെത്തിച്ചു. ഇതോടെ 37-4ലേക്ക് ഹൈദരാബാദ് കൂപ്പുകുത്തി. സ്റ്റാര്‍ക്കിന്‍റെ ഓവറില്‍ സിക്സും ഫോറും പറത്തിയ ക്ലാസസന്‍ ഹൈദരാബാദിനെ 50 കടത്തി.
അനികേത് രക്ഷകന്‍
അക്സര്‍ പട്ടേല്‍ എറിഞ്ഞ വര്‍ പ്ലേയിലെ അവസാന ഓവറില്‍ അനികേത് വര്‍മ നല്‍കിയ ക്യാച്ച് എക്സ്ട്രാ കവറില്‍ അഭിഷേക് പോറല്‍ കൈവിട്ടത് ഹൈദരാബാദിന് അനുഗ്രഹമായി. പിന്നീട് തിരിഞ്ഞുനോക്കാതെ തകര്‍ത്തടിച്ച അനികേതാണ് ഹൈദരാബാദിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. തകര്‍ത്തടിച്ച് തുടങ്ങി പ്രതീക്ഷ നല്‍കിയ ഹെന്‍റിച്ച് ക്ലാസന്‍(19 പന്തില്‍ 32) പതിനൊന്നാം ഓവറില്‍ മോഹിത് ശര്‍മയുടെ പന്തില്‍ പുറത്താവുമ്പോള്‍ ഹൈദരാബാദ് 114 റിണ്‍സിലെത്തിയിരുന്നു.
ക്ലാസന് പിന്നാലെ അഭിനവ് മനോഹറും(4), നായകന്‍ പാറ്റ് കമിന്‍സും(2) വീണെങ്കിലും അനികേത് സ്പിന്നര്‍മാരെ നിലം തൊടാതെ പറത്തി ഹൈദരാബാദിനെ 150ന് അടുത്തെത്തിച്ചു. 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അനികേത് 41 പന്തില്‍ 74 റണ്‍സെടുത്ത് കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ജേക് ഫ്രേസര്‍ മക്‌ഗുര്‍ഗിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങി. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ആരുമില്ലാതെ പോയ ഹൈദരാബാദിന് 18.4 ഓവറില്‍ 163ന് ഓള്‍ ഔട്ടായി. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 35 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോല്‍ കുല്‍ദീപ് യാദവ് 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.