ഐപിഎല്‍: ഹൈദരാബാദിന്‍റെ ഫ്യൂസൂരി ഡല്‍ഹി, 7 വിക്കറ്റ് ജയവുമായി രണ്ടാമത്
വിശാഖപട്ടണം: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റ് ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഹൈദരാബാദ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. 27 പന്തില്‍ 50 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ജേക് ഫ്രേസര്‍ മക്ഗുര്‍ഗ് 38 റണ്‍സടിച്ചപ്പോള്‍ അഭിഷേക് പോറല്‍ 34 റണ്‍സുമായി പുറത്താകാതെ നിന്നു. തുടര്‍ച്ചയായ രണ്ടാം ജയവുമായി ഡല്‍ഹി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് കളികളില്‍ രണ്ടാം തോല്‍വി വഴങ്ങിയ ഹൈദരാബാദ് ആറാം സ്ഥാനത്തേക്ക് വീണു. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 18.4 ഓവറില്‍ 163ന് ഓള്‍ ഔട്ട്, ഡല്‍ഹി ക്യാപിറ്റല്‍ 16 ഓവറില്‍ 166-3.
164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്കായി ഓപ്പണര്‍മാരായ ഫാഫ് ഡൂപ്ലെസിയും ജേക് ഫ്രേസര്‍ മക്ഗുര്‍കും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഒമ്പത് ഓവറില്‍ 81 റണ്‍സടിച്ചു. 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡൂപ്ലെസി പിന്നാലെ സീഷാന്‍ അൻസാരിയുടെ പന്തില്‍ പുറത്തായെങ്കിലും അടി തുടര്‍ന്ന മക്‌ഗുര്‍ക് ഡല്‍ഹിയെ മുന്നോട്ട് നയിച്ചു. സീഷാന്‍ അന്‍സാരി മക്‌ഗുര്‍കിനെയും(32 പന്തില്‍ 38), കെ എല്‍ രാഹുലിനെയും(5 പന്തില്‍ 15) മടക്കിയെങ്കിലും അഭിഷേക് പോറലും(18 പന്തില്‍ 34), ട്രിസ്റ്റന്‍ സ്റ്റബ്സും(14 പന്തില്‍ 21) ചേര്‍ന്ന് ഡല്‍ഹിയെ അതിവേഗം ജയത്തിലേക്ക് നയിച്ചു. ഹൈദരാബാദിനായി സീഷാന്‍ അന്‍സാരി നാലോവറില്‍ 42 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
CLASS KL IS BACK..!!!!
– WHAT A SHOT BY KL RAHUL. pic.twitter.com/YmjIwARX6E
— Tanuj (@ImTanujSingh) March 30, 2025
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന്‍റെ പവര്‍ ഹിറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോൾ ഒറ്റക്ക് പൊരുതിയ അനികേത് വര്‍മയുടെ അര്‍ധസെഞ്ചുറി മികവില്‍ സണ്‍റൈസേഴ്സ് ഭേദപ്പട്ട സ്കോറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.4 ഓവറില്‍ 163 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തി 41 പന്തില്‍ 74 റണ്‍സടിച്ച അനികേത് വര്‍മയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ഹെന്‍റിച്ച് ക്ലാസന്‍ 32ഉം ട്രാവിസ് ഹെഡ് 22 ഉം റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചും കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി.