ഉള്ളടക്കത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം ഉയര്‍ന്ന എമ്പുരാന് പിന്തുണയുമായി പ്രതിപക്ഷ നേടാവ് വി ഡി സതീശന്‍. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
“സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികൾക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാർ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ട. സിനിമ ഒരു കൂട്ടം കലാകാരൻമാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിൻ്റെയും ഭീരുത്വത്തിൻ്റെയും ലക്ഷണമാണ്. എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങൾ തെളിഞ്ഞുതന്നെ നിൽക്കുമെന്നതും മറക്കരുത്. എമ്പുരാനൊപ്പം അണിയറ പ്രവർത്തകർക്കൊപ്പം”, വി ഡി സതീശന്‍റെ കുറിപ്പ്.
പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍റെ ഉള്ളടക്കത്തെക്കൊച്ചി സംഘപരിവാര്‍ ഹാന്‍ഡിലുകളാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം വിമര്‍ശനവുമായി എത്തിയത്. പിന്നാലെ സംഘപരിവാര്‍ നേതാക്കളും രംഗത്തെത്തി. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗസൈനറും ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം വിമര്‍ശനങ്ങളെത്തുടര്‍ന്ന് ചിത്രം റീ എഡിറ്റ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ സ്വമേധയാ രംഗത്തെത്തിയിരുന്നു. നിലവില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തില്‍ 17 കട്ടുകള്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ചയോടെയാവും റീ എഡിറ്റ് ചെയ്ത പതിപ്പ് തിയറ്ററുകളില്‍ എത്തുക. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ വന്‍ പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, 2019 ല്‍ പുറത്തെത്തിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; ‘സമരസ’ പൂർത്തിയായി