ഇൻസ്റ്റഗ്രാമിൽ ഒരു ഹായ്, അയച്ചത് ഗുണ്ടയുടെ പെൺസുഹൃത്തിന്, പിന്നെ സിനിമാ സ്റ്റൈൽ അതിക്രമം; യുവതിയടക്കം റിമാൻഡിൽ

ആലപ്പുഴ:  ഗുണ്ടയുടെ പെൺ സുഹൃത്തിന് ഇൻസ്റ്റാഗ്രാമിൽ ‘ഹായ്’ സന്ദേശം അയച്ചതിനു യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ പ്രതികൾ റിമാൻഡിൽ. യുവതി ഉൾപ്പടെ നാലു പേരെയാണ് സംഭവത്തിൽ പൂച്ചാക്കൽ പോലിസ് അറസ്റ്റ് ചെയ്തത്.  അരൂക്കുറ്റി പാലത്തിന് സമീപം ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അരൂക്കുറ്റി സ്വദേശിയയ ജിബിനെ ഒരു സംഘം ഭീഷണി പ്പെടുത്തി തട്ടിക്കൊണ്ടു പോയത്. 

തുടർന്ന് ആളില്ലാത്ത വീട്ടിൽ എത്തിച്ച് സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. പിറ്റേ ദിവസമാണ് യുവാവ് ഇവിടെ നിന്ന് രക്ഷപെടുന്നത്. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അരൂ ക്കുറ്റി സ്വദേശിയായ പ്രഭജിത്തിന്റെ പെൺസുഹൃത്ത് എറണാകുളം ഇടക്കൊച്ചി സ്വദേശി മേരി സെലിൻ ഫെർണാണ്ടസിന് ഇൻസ്റ്റാഗ്രാമിൽ ഹായ് എന്ന് സന്ദേശം അയച്ചതിനായിരുന്നു മർദനം.

ഇവർ ഉൾപ്പടെ സംഭവത്തിൽ ഒളിവിൽ ആയിരുന്ന നാലു പ്രതികളെയും പൊലിസ് അറസ്റ്റ് ചെയ്തു. പ്രഭജിത്, മേരി സെലിൻ ഫെർണാണ്ടസ് എന്നിവരെ എറണാകുളം പുത്തൻ കുരിശ്ശിലെ ലോഡ്ജിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ സുഹൃത്തുക്കൾ ആയ അരൂർ സ്വദേശി യദു കൃഷ്ണൻ, അജയ് ബാബു, എന്നിവരെ അരൂർ ഭാഗത്ത് നിന്നും പൊലിസ് കസ്റ്റഡിയിൽ എടുത്തു. 

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ ആകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതി പ്രഭജിത്ത് നിരവധി കേസുകളിൽ പ്രതിയാണ്. നട്ടെല്ലിനും വാരിയെല്ലുകൾക്കും, മുതുകിനും ഗുരുതരമായി പരിക്കേറ്റ ജിബിൻ ചികിത്സയിൽ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin