ഇക്കുറി രക്ഷപെടുമോ സല്‍മാന്‍ ഖാന്‍? ‘സിക്കന്ദര്‍’ ആദ്യ റിവ്യൂസ് പുറത്ത്

ഉത്തരേന്ത്യന്‍ സിം​ഗിള്‍ സ്ക്രീന്‍ തിയറ്ററുകളില്‍ സല്‍മാന്‍ ഖാനെപ്പോലെ ആഘോഷിക്കപ്പെട്ട ബോളിവുഡ് താരങ്ങള്‍ കുറവാണ്. അതിനാല്‍ത്തന്നെ ഈ താരത്തിന്‍റെ ബോക്സ് ഓഫീസ് സാധ്യതയും അപാരമാണ്. എന്നാല്‍ ഷാരൂഖ് ഖാന്‍ ഒഴികെ മറ്റാര്‍ക്കും താരമൂല്യത്തിനൊത്തുള്ള വിജയങ്ങള്‍ ഇല്ലാത്ത സമീപകാല ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ ചിത്രങ്ങളുടെ അവസ്ഥയും മോശമാണ്. 2023 ല്‍ പുറത്തെത്തിയ ടൈ​ഗര്‍ 3 മാത്രമായിരുന്നു അതിനൊരു അപവാദം. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 450 കോടിയില്‍ ഏറെ ചിത്രം നേടിയിരുന്നു. ഇന്നിതാ സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം സിക്കന്ദര്‍ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷമുള്ള അഭിപ്രായങ്ങള്‍ എക്സില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

തമിഴ് സംവിധായകന്‍ എ ആര്‍ മുരു​ഗദോസ് ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ രശ്മിക മന്ദാന, കാജല്‍ അ​ഗര്‍വാള്‍, സത്യരാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സമ്മിശ്രമായ പ്രതികരണങ്ങളാണ് ആദ്യ ഷോകള്‍ക്ക് ശേഷം ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റേതെന്നും അതിനാല്‍ത്തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും വെങ്കി റിവ്യൂസ് എന്ന ​ഹാന്‍ഡില്‍ കുറിച്ചു.

 

കാര്‍ത്തികേയ നായകനായ തെലുങ്ക് ചിത്രം രാജ വിക്രമാര്‍ക്ക, വിജയ്‌യുടെ ബി​ഗില്‍ ഉള്‍പ്പെടെ പല തെന്നിന്ത്യന്‍ ചിത്രങ്ങള്‍ പൊടിതട്ടിയെടുത്തതാണ് സിക്കന്ദറെന്ന് ആകാശ്‍വാണി എന്ന് ഹാന്‍ഡില്‍ പോസ്റ്റ് ചെയ്യുന്നു. പാനി പൂരി എന്ന ഹാന്‍ഡില്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത് അഞ്ചില്‍ ഒന്നര സ്റ്റാര്‍ ആണ്. ജീവനില്ലാത്ത കഥയുള്ള, എന്‍​ഗേജ് ചെയ്യിക്കാത്ത, ഡള്‍ ആക്ഷന്‍ ഡ്രാമ എന്നാണ് ലെറ്റ്സ് സിനിമ എന്ന ​ഹാന്‍ഡില്‍ കുറിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന് പോസിറ്റീവ് റിവ്യൂസും ലഭിക്കുന്നുണ്ട്. 

 

സല്‍മാന്‍ ഖാന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന ഒന്നാണ് സിക്കന്ദറെന്ന് അഖിലേഷ് കുമാര്‍ എന്നയാള്‍ എക്സില്‍ കുറിച്ചു. ചിത്രത്തിലെ ആക്ഷനും ഇമോഷനും ​ഗാനങ്ങളുമൊക്കെ വളരെ മികച്ചതാണെന്നും. ചിത്രം ലണ്ടനില്‍ കണ്ട അനുഭവം ഷാഹിദ് ധരംസി എന്നയാളും കുറിച്ചിട്ടുണ്ട്. ​ഗംഭീര അനുഭവമായിരുന്നു ചിത്രമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; ‘സമരസ’ പൂർത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin