ആമസോൺ സ്ഥാപകന്റെ വിവാഹം, വെനീസ് വേദിയാകും; വ്യാജ വാർത്തകൾ നിഷേധിച്ച് നഗരം

ആമസോൺ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസിന്റെയും പ്രതിശ്രുതവധു ലോറൻ സാഞ്ചസിന്റെയും വിവാഹത്തിൽ തടസ്സങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ച് വെനീസ്. ജൂൺ 24 മുതൽ 26 വരെ വിവാഹ ആഘോഷങ്ങൾ നടക്കുമെന്നും വെനീസ് ലഗൂണിൽ എത്തുന്ന 500 മില്യൺ ഡോളർ വിലമതിക്കുന്ന കപ്പലിൽ  നടക്കുമെന്നും നഗര അധികൃതർ സ്ഥിരീകരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

അതിഥികളെ സ്വീകരിക്കാൻ നഗരം സജ്ജമാണെന്നും നഗരത്തിന്റെ പൗരാണികത ചോരാതെ നിലനിർത്തിക്കൊണ്ടായിരിക്കും ആഘോഷങ്ങൾ എന്ന് ഉറപ്പാക്കുമെന്നും സംഘാടകരെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും വെനീസ് മേയർ ലൂയിജി ബ്രുഗ്നാരോ പറഞ്ഞു. നഗരത്തിലെ താമസക്കാർക്കോ വിനോദസഞ്ചാരികൾക്കോ ​​ഒരു തടസ്സവും വരുത്താതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

2023 മേയിൽ ജെഫ് ബെസോസിന്റെയും പ്രതിശ്രുതവധു ലോറൻ സാഞ്ചസിന്റെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ബ്ലൂംബെർഗിന്റെ സമ്പന്ന സൂചിക പ്രകാരം, 60 കാരനായ ജെഫ്  ബെസോസ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ്‌. 244 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 54 കാരിയായ ലോറൻ സാഞ്ചസ് ദി വ്യൂ, കെടിടിവി, ഫോക്സ് 11 എന്നിവയുൾപ്പെടെ നിരവധി വാർത്താ ചാനലുകളുടെ റിപ്പോർട്ടറും വാർത്താ അവതാരകയുമായിരുന്നു.

നേരത്തെ, ദീർഘകാലത്തെ ദാമ്പ്യാത്യത്തിന് ശേഷം  മുൻ ഭാര്യയായ മക്കെൻസി സ്കോട്ടുമായി ബെസോസ് വിവാഹമോചനം നേടിയിരുന്നു. ന്യൂയോർക്ക് സിറ്റിയിൽ ഹെഡ്ജ് ഫണ്ട് ഡി.ഇ.ഷോയ്ക്ക് വേണ്ടി ജോലി ചെയ്യുമ്പോഴാണ് മക്കെൻസി സ്കോട്ട് ജെഫ് ബെസോസിനെ കണ്ടുമുട്ടുന്നത്. ആമസോൺ തുടങ്ങുന്നതിനായി സിയാറ്റിലിലേക്ക് മാറുന്നതിന് മുമ്പ് 1993 ൽ ഇരുവരും വിവാഹിതരായി. ആമസോൺ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറി. ജെഫ് ബെസോസുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മക്കെൻസി സ്കോട്ട് ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചത്. ജെഫ് ബെസോസിൽ നിന്നുള്ള വിവാഹമോചനത്തിന് ശേഷം, മക്കെൻസി സ്കോട്ടിന് 253600 കോടി രൂപയുടെ ആമസോൺ ഓഹരി ലഭിച്ചിരുന്നു

By admin