അഫ്ഗാൻ പൗരത്വ കാർഡുള്ളവർ തിങ്കളാഴ്ചയോടെ പാകിസ്താൻ വിടണം, ഏപ്രിൽ 1 മുതൽ നാടുകടത്തുമെന്ന് മുന്നറിയിപ്പ്

ഇസ്ലാമാബാദ്: പാകിസ്താനിൽ കഴിയുന്ന അഫ്ഗാൻ സിറ്റിസൻ കാർഡ് (എസിസി) കൈവശമുള്ളവർക്ക് സ്വമേധയാ രാജ്യം വിടാനുള്ള സമയ പരിധി തിങ്കളാഴ്ച അവസാനിക്കും. അതിനുശേഷം രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്നവരെ തടങ്കലിലാക്കാനും നാട് കടത്താനുമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു. ഏപ്രിൽ ഒന്ന് മുതൽ ഇവരെ കസ്റ്റഡിയിലെടുക്കും. 

അഫ്ഗാനിൽ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. 2023ലാണ് ആദ്യഘട്ടം ആരംഭിച്ചത്. ജനുവരിയിലാണ് അഫ്ഗാൻ പൗരത്വ കാർഡ് കൈവശമുള്ളവരോട് രാജ്യം വിടാൻ ഭരണകൂടം ഉത്തരവിട്ടത്. ഇല്ലെങ്കിൽ  നാടുകടത്തുമെന്ന് മുന്നറിയിപ്പും നൽകി. പ്രവിശ്യാ സർക്കാരുമായി ചേർന്നാണ് നടപടി ഏകോപിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നാഖ്‍വി പറഞ്ഞു. ക്രമീകരണങ്ങൾ വെള്ളിയാഴ്ച നടന്ന ഉന്നതതല യോഗം അവലോകനം ചെയ്തു.

നാടുകടത്തലിന് മുമ്പ് അഫ്ഗാൻ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ഹോൾഡിംഗ് സെന്‍ററുകളിൽ താമസിപ്പിക്കും. ഇവിടെ ഭക്ഷണ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. 25 ലക്ഷം അഫ്ഗാൻ പൗരരാണ് പാകിസ്താനിലുള്ളത്. അതിൽ 8.4 ലക്ഷം പേർക്കാണ് എസിസി കാർഡുള്ളത്. 

സിസി കാർഡ് താൽക്കാലികമായി പാകിസ്താനിൽ തങ്ങുന്നതിനുള്ള  അനുമതിയാണ്. യുഎൻഎച്ച്സിആർ നൽകിയ രജിസ്ട്രേഷൻ കാർഡുകൾ ഉള്ളവരെയും നാട് കടത്തുമെന്നാണ് അറിയിപ്പ്. അനധികൃത താമസക്കാരായ അഫ്ഗാൻ പൗരന്മാർക്ക് സ്ഥലവും വീടും മറ്റും വാടകയ്ക്ക് നൽകുന്ന പൗരന്മാർക്കും അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് അറിയിപ്പുണ്ട്. 

രാജ്യമാകെ സൈന്യത്തെ വിന്യസിച്ച് ലെബനൻ; ഭീഷണിയുണ്ടായാൽ ലെബനനിലെ എല്ലായിടത്തും ആക്രമണം നടത്തുമെന്ന് ഇസ്രയേൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin