ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ്
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍ദിക് മുംബൈ ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന സവിശേഷത്. മുജീബ് ഉര്‍ റഹ്മാനും ഇന്ന് കളിക്കും. മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ പ്ലേയിംഗ് ഇലവനിലില്ല. ഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം…
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാതിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, റയാന്‍ റിക്കിള്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, മുജീബ് ഉര്‍ റഹ്മാന്‍, സത്യനാരായണ രാജു.
പതിവ് തെറ്റിക്കാതെ ഈ സീസണിലും തോല്‍വിയോടെയാണ് മുംബൈ ഇന്ത്യന്‍സ് തുടങ്ങിയത്. പഞ്ചാബ് കിംഗ്‌സിനോട് പൊരുതി വീണ ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യ ജയത്തിനായി ഇരു ടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ തീപാറും പോരാട്ടത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ട്രെന്‍ഡ് ബോള്‍ട്ടും ദീപക് ചഹറും നയിക്കുന്ന പേസ് നിരയിലേക്ക് ഹാര്‍ദ്ദിക് പാണ്ഡ്യ കൂടി എത്തുമ്പോള്‍ മുംബൈക്ക് ബൗളിംഗില്‍ പേടിക്കാനില്ല. സ്വന്തം തട്ടകത്തില്‍ മുംബൈയെ വിറപ്പിക്കാന്‍ ഉറച്ചാണ് ഗുജറാത്ത് എത്തുന്നത്.
പഞ്ചാബിനെതിരെ 243 റണ്‍സ് പിന്തുടര്‍ന്ന്, വെറും 11 റണ്‍സ് അകലെ ജയം കൈവിട്ട ഗുജറാത്തിന്റെ ബാറ്റിംഗ് നിരയെ മുംബൈ കരുതിയിരിക്കണം. ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്ലര്‍, റുഥര്‍ഫോര്‍ഡ് എന്നിവരെല്ലാം ആദ്യ മത്സരത്തില്‍ മികവ് പുറത്തെടുത്തു. ബൗളിംഗ് യൂണിറ്റാണ് ഗുജറാത്തിന്റെ പോരായ്മ. മുഹമ്മദ് സിറാജും കാഗിസോ റബാഡയും നയിക്കുന്ന പേസ് നിര പ്രതീക്ഷ കാക്കണം.
ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ റാഷിദ് ഖാന്റെ ഓവറുകളും നിര്‍ണായകമാകും. ഐപിഎല്ലില്‍ ഇതിന് മുന്‍പ് ഇരു ടീമുകളും ഏറ്റമുട്ടിയത് 5 തവണ. ഇതില്‍ മൂന്നിലും ജയിച്ചത് ഗുജറാത്തായിരുന്നു.