സ്‍മാർട്ട്‌ഫോണാണോ കയ്യിൽ? ഈ അലേർട്ട് ഫീച്ചർ ഓണാക്കിയാൽ ഭൂചലന സാധ്യത മുൻകൂട്ടി അറിയാം, ചെയ്യേണ്ടത് ഇത്ര മാത്രം

കഴിഞ്ഞ ദിവസം തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക്, മ്യാൻമർ,  വടക്കുകിഴക്കൻ ഇന്ത്യയുടെ ഭാഗങ്ങളിലും 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം വലിയ വിനാശമാണ് ഉണ്ടാക്കിയത്. മേഘാലയ, ഗുവാഹത്തി, കൊൽക്കത്ത എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നമ്മുടെ കൈയ്യിൽ സ്മാർട്ട്ഫോണുണ്ടെങ്കിൽ ഭൂകമ്പ സാധ്യത മുൻകൂട്ടി അറിയാനാകും. 

ആധുനിക സ്‍മാർട്ട്‌ഫോണുകളിൽ ഭൂചലനം കണ്ടെത്തുന്ന ആക്‌സിലറോമീറ്ററുകൾ സജ്ജീകരിച്ചിച്ചിട്ടുണ്ട്.  ഈ ഫീച്ചർ ഓണാക്കുന്നതിലൂടെ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്രകൃതിദുരന്തങ്ങളിൽ നിന്ന് ഒരുചുവട് മുന്നിൽ നിൽക്കാനും അടിയന്തര സാഹചര്യങ്ങളിൽ സ്വയം പരിരക്ഷിക്കാനും സാധിക്കും. ഭൂകമ്പങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന ചില സ്‍മാർട്ട്‌ഫോൺ ക്രമീകരണങ്ങളെക്കുറിച്ച് അറിയാം.
 
സ്‍മാർട്ട്‌ഫോണിൽ ഭൂകമ്പ മുന്നറിയിപ്പുകൾ എങ്ങനെ പ്രവർത്തനക്ഷമമാക്കാം?

ആൻഡ്രോയിഡ് ഉപയോക്താക്കൾ:

ഗൂഗിളിന്റെ ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ആൻഡ്രോയിഡ് 5.0 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകളിൽ സംയോജിപ്പിച്ചിരിക്കുന്നു. ഭൂകമ്പങ്ങൾ കണ്ടെത്താൻ ഇത് നിങ്ങളുടെ ഫോണിന്റെ ആക്‌സിലറോമീറ്റർ ഉപയോഗിക്കുന്നു, കൂടാതെ കുലുക്കം സംഭവിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് അലേർട്ടുകൾ അയയ്ക്കാനും ഇതിന് കഴിയും. നിങ്ങളുടെ ഉപകരണത്തിൽ ലൊക്കേഷൻ സേവനങ്ങൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും നിങ്ങളുടെ ഫോൺ സെറ്റിംഗ്‍സിൽ ഭൂകമ്പ മുന്നറിയിപ്പ് സജീവമാക്കിയിട്ടുണ്ടെന്നും ഉറപ്പാക്കുക.

ഐഒഎസ് ഉപയോക്താക്കൾ:

ഐഫോണുകളിൽ ഭൂകമ്പം കണ്ടെത്തുന്നതിനുള്ള ഒരു ബിൽറ്റ്-ഇൻ സിസ്റ്റം ഇല്ലെങ്കിലും, ഉപയോക്താക്കൾക്ക് മൈഷേക്ക് (MyShake) പോലുള്ള മൂന്നാം കക്ഷി ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. ബെർക്ക്‌ലി സീസ്‌മോളജിക്കൽ ലബോറട്ടറി വികസിപ്പിച്ചെടുത്ത മൈഷേക്ക്,  ഭൂകമ്പ ഡാറ്റ ശേഖരിക്കുകയും ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് നേരത്തെയുള്ള മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നു. ഇൻസ്റ്റാൾ ചെയ്ത ശേഷം അലേർട്ടുകൾ പ്രവർത്തനക്ഷമമാക്കാൻ ആപ്പിന്‍റെ സജ്ജീകരണ നിർദ്ദേശങ്ങൾ പാലിക്കുക.

ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേക്കും ആറ് പ്രദേശങ്ങളിലേക്കും അതിന്റെ കവറേജ് വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് ഭൂചലനമുണ്ടാകും മുമ്പ് സുരക്ഷാമുന്നറിയിപ്പുകൾ സ്വീകരിക്കാൻ സഹായകരമാകും. അതേസമയം  2025 ഫെബ്രുവരിയിൽ, ഗൂഗിളിന്‍റെ  ഈ ഫീച്ചർ ബ്രസീലിലെ സാവോ പോളോയിലും റിയോ ഡി ജനീറോയിലും തെറ്റായ മുന്നറിയിപ്പുകൾ നൽകിയിരുന്നു.  സിസ്റ്റത്തിന്റെ കൃത്യത മെച്ചപ്പെടുത്തുന്നതിനായി ഗൂഗിൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Read More : Digital India Facts : എന്താണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി, എന്തൊക്കെ സേവനങ്ങള്‍, ലക്ഷ്യങ്ങള്‍, ഭാവിപദ്ധതികള്‍
 

By admin