സാംസങ് ഗാലക്‌സി എസ്25 അൾട്ര വാങ്ങാന്‍ റെഡിയായി നില്‍ക്കുവാണോ? വരുന്നു പുതിയ കളർ ഓപ്ഷൻ
ദില്ലി: ദക്ഷിണ കൊറിയൻ ടെക് കമ്പനിയായ സാംസങ് ഗാലക്‌സി എസ്25 അൾട്രയുടെ പുതിയ ഡാർക്ക് കളർ വേരിയന്‍റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നു. ഇതുസംബന്ധിച്ച് സൂചന കമ്പനി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കിട്ടു. തിളങ്ങുന്ന രൂപവും കറുത്ത നിറവുമുള്ള ഉൽപ്പന്നങ്ങളുടെ ഒരു കൊളാഷ് പങ്കിട്ടാണ് ദക്ഷിണ കൊറിയൻ ടെക് ഭീമന്‍റെ ട്വീറ്റ്. ‘പുതിയ സ്റ്റൈലിന്‍റെ ഒരു ഷേഡ് സ്വീകരിക്കാൻ തയ്യാറാകൂ!’- എന്നായിരുന്നു ട്വീറ്റ്.
ഏഴ് ഔദ്യോഗിക നിറങ്ങളിലാണ് ഗാലക്‌സി എസ്25 അൾട്രാ പുറത്തിറക്കിയിരിക്കുന്നത്. ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈറ്റ് സിൽവർ, ടൈറ്റാനിയം സിൽവർ ബ്ലൂ എന്നിവയാണ് റീട്ടെയിലർമാരിൽ നിന്നും സാംസങിൽ നിന്നും ലഭ്യമായ ഔദ്യോഗിക ഓപ്ഷനുകൾ, അതേസമയം സാംസങിന്‍റെ ഔദ്യോഗിക സ്റ്റോറുകളിൽ എക്സ്ക്ലൂസീവ് ടൈറ്റാനിയം ജെറ്റ് ബ്ലാക്ക്, ടൈറ്റാനിയം ജേഡ് ഗ്രീൻ, ടൈറ്റാനിയം പിങ്ക് ഗോൾഡ് ഓപ്ഷനുകൾ ലഭ്യമാണ്. സാംസങ് ഇന്ത്യ ഇപ്പോൾ ഉപകരണത്തിനായി എട്ടാമത്തെ നിറം അവതരിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതിൽ പുതിയ ഇരുണ്ട ഷേഡ് ഉൾപ്പെടുന്നു.
സാംസങ് എസ്25 അൾട്രയുടെ പുതിയ കളർ വേരിയന്‍റ് എന്തായിരിക്കുമെന്ന് കണ്ടറിയണം. ചാരനിറത്തിന്‍റെ ഒരു ഇരുണ്ട ഷേഡ് ടീസർ സൂചിപ്പിക്കുന്നു, ടീസറിലെ എസ് പെൻ ടൈറ്റാനിയം ഗ്രേ പതിപ്പിൽ കാണുന്നതിനേക്കാൾ ഇരുണ്ട ഷേഡ് കാണിക്കുന്നു. സാംസങിന് ഇതിനകം എസ്25 അൾട്രയുടെ രണ്ട് കറുത്ത കളർ പതിപ്പുകൾ ഉണ്ട്, അതിനാൽ രണ്ടാമത്തെ ഗ്രേ പതിപ്പ് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. പുതിയ എസ്25 അൾട്രാ ഷേഡ് ഇന്ത്യയ്ക്ക് മാത്രമായിരിക്കുമോ അതോ കൂടുതൽ വിപണികളിലേക്ക് എത്തുമോ എന്ന് കണ്ടറിയണം.
ഫോണിന്‍റെ സ്പെസിഫിക്കേഷനുകള്‍
ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ച് പറയുമ്പോൾ, മറ്റ് കളർ പതിപ്പുകളുടെ അതേ സവിശേഷതകളോടെയാണ് സാംസങ് ഈ പുതിയ ഗാലക്‌സി എസ്25 അൾട്രാ വേരിയന്‍റ് പുറത്തിറക്കാൻ സാധ്യത. അതിനാൽ ഈ ഉപകരണത്തിന് 2കെ+ റെസല്യൂഷനും, 120Hz റിഫ്രഷ് നിരക്കും, 2600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ഉള്ള 6.9 ഇഞ്ച് ഡൈനാമിക് എല്‍റ്റിപിഒ അമോലെഡ് 2എക്സ് ഡിസ്‌പ്ലേയും ലഭിക്കും.
ഗാലക്‌സി എസ്25 അൾട്രയിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോട്ടോഗ്രാഫിക്കായി റീയര്‍ മൊഡ്യൂളിൽ 200 എംപി (മെയിൻ) + 10 എംപി (ടെലിഫോട്ടോ) + 50 എംപി (പെരിസ്‌കോപ്പ് ടെലിഫോട്ടോ) + 50 എംപി (അൾട്രാ വൈഡ്) ക്വാഡ് ക്യാമറ സജ്ജീകരണമുണ്ട്, മുൻവശത്ത് 12 എംപി സെൽഫി ഷൂട്ടർ ഉണ്ട്. 45 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗും 15 വാട്സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന ഒരു വലിയ 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ഈ സ്‍മാർട്ട്‌ഫോണിൽ ലഭിക്കും.