വിവാദങ്ങള്‍ എമ്പുരാനെ ബാധിച്ചോ?, രണ്ടാം ദിവസം നേടിയത്, മലയാളത്തിന്റെ കണക്കുകള്‍ പുറത്ത്

വൻ ഹൈപ്പിലെത്തിയ ചിത്രമാണ് എമ്പുരാൻ. എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വൻ വിവാദവും ഉടലെടുത്തിരുന്നു. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബിലെത്തിയിരുന്നു എമ്പുരാൻ. നെഗറ്റീവ് പബ്ലിസിറ്റി മോഹൻലാല്‍ നായകനായ ചിത്രത്തെ ബാധിച്ചോ എന്നാണ് ഇനി അറിയേണ്ടത്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് സാക്നില്‍ക്ക് കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.  മലയാളം പതിപ്പ് 18.6 കോടിയാണ് ആദ്യ ദിനം നേടിയത്. എന്നാല്‍ രണ്ടാം ദിവസമാകട്ടെ 10.75 കോടി രൂപയും നേടി. എമ്പുരാൻ കുതിപ്പ് അവസാനിപ്പിക്കുന്നില്ല ഇനിയും കളക്ഷൻ റിക്കോര്‍ഡുകള്‍ തിരുത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയതും കണക്കിലെടുക്കുമ്പോള്‍ റിലീസ് ദിവസത്തെ അലയൊലികള്‍ ഇനിയും അവസാനിക്കില്ല എന്നാണ് വ്യക്തമാകുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.

2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ നടീനടൻമാരും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

Read More: വിവാദങ്ങൾ ഒരുവഴിക്ക്, കളക്ഷനിൽ ചരിത്രം കുറിച്ച് എമ്പുരാൻ, ആദ്യദിനം എൽ 2 ശരിക്കും എത്ര നേടി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin