ലഹരിക്കേസ് പ്രതിയ്ക്കെതിരെ പൊലീസ് നടപടി, സ്വത്ത് കണ്ടുകെട്ടി, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
കോഴിക്കോട്: ലഹരിക്കേസ് പ്രതിയുടെ സ്വത്ത് പൊലീസ് കണ്ടുകെട്ടി. മലപ്പുറം സ്വദേശി കണ്ണനാരി പറമ്പിൽ സിറാജിന്‍റെ സ്വത്ത് ആണ് കണ്ടുകെട്ടിയത്. ലഹരി വിറ്റ് നേടിയ സ്വത്ത് കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. കോഴിക്കോട് ടൗൺ പൊലീസ് ആണ് നടപടിയെടുത്തത്.
മലപ്പുറത്ത് പ്രതിയുടെ പേരിലുള്ള 4.5 സെന്‍റ് സ്ഥലം, പ്രതിയുടെ പേരിലുള്ള സ്‌കൂട്ടർ എന്നിവയാണ് കണ്ടുകെട്ടിയത്. ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ (SAFEMA)ഉത്തരവ് പ്രകാരമാണ് കണ്ടുകെട്ടൽ. ഫെബ്രുവരി 16ന് 778 ഗ്രാം എംഡിഎംഎയുമായി സിറാജ് പിടിയിലായിരുന്നു. ഈ കേസിലാണ് പൊലീസിന്‍റെ സ്വത്ത് കണ്ടുകെട്ടൽ നടപടി.
കോഴിക്കോട് റെയിൽവെ സ്റ്റേഷൻ ആനിഹാൾ റോഡിൽ നിന്നും ടൗൺ പൊലീസും സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് 778 ഗ്രാം എംഡിഎംഎയുമായി സിറാജ് പിടിയിലാകുന്നത്.
പ്രതിയുടെ പേരിലുള്ള മലപ്പുറം ജില്ലയിലെ ചെറുകാവിലുള്ള പ്രതിയും കുടുംബവും താമസിക്കുന്ന വീട് ഉൾപ്പെടെയുള്ള 4.5 സെന്‍റ് സ്ഥലവും പ്രതിയുടെ പേരിലുള്ള KL-11-BR-5623 ഏപ്രില സ്കൂട്ടറുമാണ് ടൗൺ പൊലീസ് കണ്ടു കെട്ടിയത്. കൂടാതെ കോഴിക്കോട് ആക്സിസ് ബാങ്കിന്‍റെ മലാപ്പറമ്പ് ശാഖയിൽ പ്രതിയുടെ പേരിലുള്ള അക്കൌണ്ടിലെ 15,085.72 രൂപയും പ്രതിയുടെ ഉമ്മയുടെ അക്കൗണ്ടിലെ 33,935.53 രൂപയും ഉൾപ്പെടുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.