റെയ്ഡ് 2 ടീസർ പുറത്തിറങ്ങി: അജയ് ദേവ്ഗണിന്‍റെ വില്ലനായി റിതേഷ് ദേശ്മുഖ്!
മുംബൈ: അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന റെയ്ഡ് 2 ന്റെ ടീസർ വെള്ളിയാഴ്ച പുറത്തിറങ്ങി. മൂർച്ചയുള്ള സംഭാഷണങ്ങൾ, ആക്ഷനും നിറഞ്ഞതാണ് ടീസർ. ചിത്രത്തിൽ ഐആർഎസ് ഓഫീസർ അമയ് പട്നായിക് ആയി വീണ്ടും അജയ് ദേവ്ഗണ്‍ എത്തുന്നു. ആദ്യ ഭാഗത്തിലെ വില്ലനായിരുന്ന സൗരഭ് ശുക്ല അവതരിപ്പിച്ച രാമേശ്വര്‍ സിംഗിനെ ടീസറിന്‍റെ ആദ്യം കാണിക്കുന്നുണ്ട്.
ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത് റിതേഷ് ദേശ്മുഖ് ആണ്. ദാദഭായി എന്ന റോളിലാണ് അദ്ദേഹം എത്തുന്നത്. ടീസറിൽ, അജയ് ദേവ്ഗണിന്‍റെ കഥാപാത്രത്തിന്‍റെ മുന്‍കാല ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. അമയ് പട്നായിക് 74 റെയ്ഡുകൾ നടത്തിയിരുന്നു എന്നും കാണിക്കുന്നു.
അജയ് ദേവ്ഗണും റിതേഷ് ദേശ്മുഖും തമ്മിലുള്ള മൂർച്ചയുള്ള വാഗ്വാദങ്ങൾ ടീസറിൽ കാണാം. അജയ് ദേവ്ഗണിന്‍റെ 2018 ലെ ഹിറ്റ് ചിത്രമായ റെയ്ഡിന്റെ തുടർച്ചയാണ് റെയ്ഡ് 2. 1980 കളില്‍ നടന്ന ഒരു യഥാർത്ഥ ആദായനികുതി റെയ്ഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ആദ്യ ഭാഗം വന്‍ ഹിറ്റായിരുന്നു. വാണി കപൂറാണ് റെയ്ഡ് 2വില്‍ നായികയായി എത്തിയിരിക്കുന്നത്.
ചിത്രം മെയ് 1 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസും ടീസീരിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത രാജ് കുമാര്‍ ഗുപ്ത തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിത് ത്രിവേദിയാണ് സംഗീതം നല്‍കുന്നത്. റിതേഷ് ഷാ, രാജ് കുമാർ ഗുപ്ത, ജയ്ദീപ് യാദവ്, കരൺ വ്യാസ് എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.
2018 ല്‍ നാല്‍പ്പത് കോടി മുടക്കി നിര്‍മ്മിച്ച റെയ്ഡിന്‍റെ ആദ്യഭാഗത്ത് ഇല്ല്യാനയായിരുന്നു നായിക. ചിത്രം ബോക്സോഫീസില്‍ 153 കോടി നേടിയിരുന്നു.
അഭിഭാഷകനായി അക്ഷയ് കുമാര്‍, ഒപ്പം മാധവനും; കേസരി 2 ഏപ്രിൽ 18ന് തിയറ്ററുകളിൽ
‘ദക്ഷിണേന്ത്യക്കാര്‍ ബോളിവുഡ് ചിത്രങ്ങള്‍ കാണുന്നില്ല’; വിമര്‍ശനവുമായി സല്‍മാന്‍ ഖാന്‍