‘രാജവാഴ്ച പുനഃസ്ഥാപിക്കണം’; നേപ്പാളിൽ രാജഭരണാനുകൂലികൾ തെരുവിൽ, 2 മരണം, 112 പേർക്ക് പരിക്ക്

കാഠ്മണ്ഡു: കാഠ്മണ്ഡുവിൽ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജാവ് ഗ്യാനേന്ദ്ര ഷായുടെ അനുയായികൾ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ വ്യാപകമായ ആക്രമണം. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജവാഴ്ചയെ അനുകൂലിക്കുന്ന പ്രതിഷേധക്കാർ കല്ലെറിയുകയും രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് ആക്രമിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. തലസ്ഥാനമായ കാഠ്മണ്ഡുവിലെ പാർലമെന്റ് മന്ദിരത്തിലേക്ക് കല്ലെറിഞ്ഞ ജനക്കൂട്ടത്തെ തടയാൻ പൊലീസ് ബലപ്രയോഗം നടത്തി. കൊല്ലപ്പെട്ടവരിൽ മാധ്യമപ്രവർത്തകനുൾപ്പെടുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തെ രം​ഗത്തിറക്കി. വെള്ളിയാഴ്ച വൈകുന്നേരം 4.25 ന് തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. ശനിയാഴ്ച രാവിലെ 7 മണി മുതൽ കർഫ്യൂ പിൻവലിച്ചു. 105 പ്രക്ഷോഭകരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയുടെ ജനറൽ സെക്രട്ടറി ധവാൽ ശംഷേർ റാണ, പാർട്ടിയുടെ കേന്ദ്ര അംഗം രബീന്ദ്ര മിശ്ര എന്നിവരും ഉൾപ്പെടുന്നു.

രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നും ഹിന്ദു രാജ്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ രം​ഗത്തെത്തിയത്. പ്രക്ഷോഭത്തിന്റെ കൺവീനറായ ദുർഗ പ്രസായ് സുരക്ഷാ ബാരിക്കേഡ് തകർത്ത് ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്ന ബനേഷ്‌വോറിലേക്ക് നീങ്ങിയതിനെത്തുടർന്ന് പ്രകടനം അക്രമാസക്തമായി. സംഭവത്തിന് പ്രസായ് ഒളിവിലാണെന്ന് കാഠ്മണ്ഡു ജില്ലാ പൊലീസ് റേഞ്ച് പോലീസ് സൂപ്രണ്ട് അപിൽ ബൊഹാര പറഞ്ഞു.

ജനക്കൂട്ടത്തിനു നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. 1996-2006 കാലഘട്ടത്തിൽ 17,000 പേരുടെ മരണത്തിനിടയാക്കിയ മാവോയിസ്റ്റ് കലാപം അവസാനിപ്പിക്കുകയും നേപ്പാളിനെ ഹിന്ദു രാജ്യത്തിൽ നിന്ന് മതേതര, ഫെഡറൽ റിപ്പബ്ലിക്കാക്കി മാറ്റുകയും ചെയ്തു. 2008-ൽ പാർലമെന്റ് 239 വർഷം പഴക്കമുള്ള രാജവാഴ്ചയെ റദ്ദാക്കി. അവസാനത്തെ രാജാവായിരുന്ന 77 വയസ്സുള്ള ഗ്യാനേന്ദ്ര സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുശേഷം കാഠ്മണ്ഡുവിലെ ഒരു സ്വകാര്യ വീട്ടിലാണ് താമസം. 

By admin