രാക്ഷസൻമാരുടെ കാലടികൾ പതിഞ്ഞയിടമെന്ന് വിശ്വാസം; രാക്ഷസപ്പാറ പൈതൃക സഞ്ചാര കേന്ദ്രമാക്കണം എന്ന ആവശ്യം ശക്തം

തൃശൂർ: തിരുവില്വാമലയിലെ രാക്ഷസപ്പാറ പൈതൃക സഞ്ചാര കേന്ദ്രമാക്കണം എന്ന ആവശ്യം ശക്തമാകുന്നു. വില്വാമലയുടെ സൗന്ദര്യത്തിൽ ഇന്നും നിറവാർന്ന കാഴ്ച്ചകളിൽ രാക്ഷസപ്പാറയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. നരഭോജികളായ രാക്ഷസൻമാർ മനുഷ്യരെ കൊന്നൊടുക്കാൻ തുടങ്ങിയതോടെ പഞ്ചപാണ്ഡവർ സ്ഥലത്തെത്തുകയും രാക്ഷസന്മാരുമായി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് പാണ്ഡവർ രാക്ഷസന്മാരെ അമ്പെയ്ത്ത് നടത്തി കൊല്ലുകയും ഈ പാറയിൽ അടക്കം ചെയ്യുകയും ചെയ്തു. ഇതോടെയാണ് രാക്ഷസൻ പാറ എന്ന പേര് കിട്ടിയത് എന്നാണ് ഐതിഹ്യം. രാക്ഷസൻമാരുടെ കാലടികൾ പതിഞ്ഞയിടമെന്ന് വിശ്വസിക്കുന്നിടത്ത് പൗരാണിക അടയാളങ്ങൾ ഇന്നും ഇവിടെ ചരിത്ര അവശേഷിപ്പുകളായി കാണാനാകും.  

വില്വാദ്രിനാഥ ക്ഷേത്രത്തിനും പറക്കോട്ട് കാവിനും അടുത്തായി നിലകൊള്ളുന്ന രാക്ഷസപ്പാറ നിരവധി പേരെ ആകർഷിക്കുന്ന ഇടമാണ്. മലയാള സാഹിത്യത്തിലെ ഹാസ്യ കഥകളുടെ തമ്പുരാൻ പയ്യൻസിനെയും ചാത്തൻസിനെയും കൂടെ കൂട്ടിയ വി.കെ.എൻ അടക്കം ഒട്ടേറെ സമയം ചിലവഴിച്ച് കഥകളോട് മന്ത്രിച്ച ഇവിടം പ്രകൃതിയുടെ പരിലാളനകളെ കൂട്ടി വെക്കുന്നുണ്ട് ഇപ്പോഴും. ചില സൂപ്പർഹിറ്റ്  മലയാള സിനിമകളിലും ഈ പ്രദേശം ലൊക്കേഷനൊരുക്കിയിട്ടുണ്ട്. പറക്കോട്ട് കാവ് താലപ്പൊലിക്കെത്തിയവർപോലും ഈ പാറപ്പുറത്ത് നിന്ന് കരിമരുന്നിന്റെ ചന്തം അടുത്തറിഞ്ഞതും ചരിത്രമാണ്. രാക്ഷസൻ പാറയും, പുനർജനിയും, ഭാരത പുഴയും, വി.കെ.എൻ സ്മാരകവുമൊക്കെ കോർത്തിണക്കി പൈതൃക സന്ദർശന കേന്ദ്രമാക്കി മാറ്റിയാൽ ഇവിടെ എത്തുന്നവർക്ക് ഏറെ ആകർഷണമായി മാറും. 

ദിനംപ്രതി വൈകുന്നേരങ്ങളിൽ നിരവധി ആളുകൾ നിത്യ സന്ദർശകരായി വന്നുപോവുകയും, അവധി ദിവസങ്ങളിൽ സാധാരണ ദിവസങ്ങളേക്കാൾ തിരക്ക് എത്തിച്ചേരുന്നതും രാക്ഷസപ്പാറയുടെ ഒരു പ്രത്യേകതയാണ്. ഇതിനായി ടൂറിസം, സാംസ്കാരികം, ദേവസ്വം വകുപ്പുകൾ കാര്യമായി ഇടപെട്ടാൽ വളരെ നന്നാകും. ഇതിന്റെ സാധ്യത ഏറ്റെടുത്ത് പ്രാവർത്തികമാക്കാൻ ഗ്രാമപഞ്ചായത്തിന്റെയും  ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും കൂടി ശ്രമം ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.

READ MORE: ഹിൽ പാലസ് മ്യൂസിയം ഇനി ഹരിത ടൂറിസം കേന്ദ്രം; പ്രഖ്യാപനവുമായി അനൂപ് ജേക്കബ് എംഎൽഎ

By admin