മൂന്ന് മണിക്കൂര്‍ വൈകി, ആരോപണം തിരിച്ചടിച്ചു, സംഘടകര്‍ക്ക് 4 കോടി നഷ്ടം: ഗായിക നേഹ കക്കർ വിവാദത്തില്‍

മുംബൈ: മെൽബണിൽ നടന്ന സംഗീത പരിപാടിയില്‍ വൈകിയെത്തിയ ഗായിക നേഹ കക്കർ വിവാദത്തിലായിരുന്നു. മാർഗരറ്റ് കോർട്ട് അരീനയിൽ തന്‍റെ പരിപാടിക്കായി  മൂന്ന് മണിക്കൂർ വൈകി എത്തിയതിനെത്തുടർന്ന് ജനക്കൂട്ടം അവര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു, അന്ന് വേദിയില്‍ കരഞ്ഞ നേഹയുടെ വീഡിയോ വൈറലായിരുന്നു. 

ഷോയ്ക്ക് എത്തിയ ചിലര്‍ ‘ഗോ ബാക്ക്’ എന്ന് വിളിക്കുന്നത് വൈറലായ വീഡിയോയില്‍ കേൾക്കാമായിരുന്നു. ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോകൾക്ക് പിന്നാലെ വന്‍ ട്രോളാണ് ഗായിക ഏറ്റുവാങ്ങിയത്. 

പിന്നീട് ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച നേഹ,  ഷോയുടെ സംഘാടകരുടെ കെടുകാര്യസ്ഥതയാണ് പ്രശ്നത്തിലേക്ക് നയിച്ചത് എന്ന് കുറ്റപ്പെടുത്തി. ഷോ സംഘാടകരായ ബീറ്റ്സ് പ്രൊഡക്ഷന്‍ തന്‍റെ പ്രതിഫലം പോലും തരാതെ പറ്റിച്ചെന്നും. തന്നെ താമസിച്ച ഹോട്ടലില്‍ നിന്നും ഇറക്കി വിട്ടെന്നും ഗായിക ആരോപിച്ചു. 

ഇപ്പോൾ പരിപാടിയുടെ സംഘടകരായ ബീറ്റ്സ് പ്രൊഡക്ഷൻ നേഹയുടെ വാദങ്ങൾ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ്. നേഹയുടെ പ്രൊഫഷണലിസം ഇല്ലായ്മയാല്‍ ഇനി മുതല്‍ മാർഗരറ്റ് കോർട്ട് അരീനയിൽ ഷോ സംഘടിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് വിലക്ക് ലഭിച്ചെന്നാണ് കമ്പനി രേഖകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

കമ്പനി പങ്കിട്ട സ്ക്രീൻഷോട്ടുകൾ പ്രകാരം, നേഹയുടെ മെൽബൺ, സിഡ്നി ഷോകള്‍ കാരണം കമ്പനിക്ക് 4.52 കോടി രൂപ നഷ്ടമുണ്ടായി എന്നാണ് പറയുന്നത്. 

മെൽബൺ ഷോയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് ശേഷം   ബീറ്റ്സ് പ്രൊഡക്ഷൻ തനിക്കും ടീമിനും കാറുകൾ, ഭക്ഷണം, താമസം എന്നിവ നൽകിയില്ലെന്ന് നേഹ കക്കർ ആരോപിച്ചിരുന്നു. എന്നാല്‍ നേഹയ്ക്കും സംഘത്തിനും നല്‍കിയ തുകകളുടെ ബില്ലുകള്‍ പ്രസിദ്ധീകരിച്ചാണ് സംഘടകര്‍ ഇതിന് മറുപടി നല്‍കിയത്. നേഹ ഷോയ്ക്ക് ശേഷം കാറില്‍ കയറുന്ന വീഡിയോകളും ഇവര്‍ പുറത്തുവിട്ടു. 

നേഹയുടെ ടീം പുകവലിച്ചതിനാല്‍ സംഘടകര്‍ക്ക് സിഡ്നിയിലെ ഹോട്ടലില്‍ വിലക്ക് ലഭിച്ചെന്നും സംഘാടകര്‍ പറയുന്നു. മെല്‍ബണ്‍ ഷോ പരാജയമായതിന് പിന്നാലെ സംഘടകര്‍ക്കെതിരെ ആരോപണവുമായി എത്തിയ ഗായികയുടെ വാദങ്ങള്‍ തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് പുതിയ വാദങ്ങള്‍. 

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന് ചരിത്ര നേട്ടം; 100 ദിനങ്ങളും 100 കോടിയും പിന്നിട്ട് ‘മാർക്കോ’

3 മണിക്കൂര്‍ വൈകിയെത്തി സംഗീത പരിപാടി വേദിയില്‍ പൊട്ടിക്കരഞ്ഞ് ഗായിക നേഹ കക്കർ

By admin