മുട്ട വിൽപനക്കാരന് 50 കോടിയുടെ ബിസിനസ്? ആറ് കോടി രൂപ നികുതി അടയ്ക്കണം, രേഖകൾ സമർപ്പിക്കണമെന്ന് നോട്ടീസ്
അലിഗഡ്: ജ്യൂസ് കടയുടമയ്ക്ക് ഏഴ് കോടിയുടെ വിറ്റുവരവുണ്ടെന്നും നികുതി അടയ്ക്കാത്തതിന് കാരണം ബോധിപ്പിക്കണമെന്നും കാണിച്ച് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ച വിവരം കഴിഞ്ഞ ദിവസമാണ് വാർത്തയായത്. എന്നാൽ ഇതിന് പിന്നാലെ മുട്ട കച്ചവടക്കാരന്റെ പേരിൽ 50 കോടിയുടെ ബിസിനസ് നടത്തുന്ന വലിയ കമ്പനിയുണ്ടെന്ന് കാണിച്ച് ജിഎസ്ടി നോട്ടീസ് ലഭിച്ച മറ്റൊരു സംഭവം കൂടി പുറത്തുവരികയാണ്. മദ്ധ്യപ്രദേശിലെ ദാമോ ജില്ലയിൽ നിന്നാണ് പുതിയ റിപ്പോർട്ട്.
മുട്ട വിറ്റ് ഉപജീവനം നടത്തുന്ന പ്രിൻസ് സുമൻ എന്നയാളുടെ പേരിൽ പ്രിൻസ് എന്റർപ്രൈസസ് എന്ന കമ്പനി ന്യൂഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് നോട്ടീസിൽ പറയുന്നത്. 2022ൽ രജിസ്റ്റർ ചെയ്ത ഈ കമ്പനി ലെതർ, ഇരുമ്പ്, തടി എന്നിവയുടെ വിപണന രംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ വൻ തുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തുകയായിരുന്നു. ഏതാണ്ട് 50 കോടിയുടെ ഇടപാടുകളുടെ പേരിൽ ആറ് കോടി രൂപ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
താൻ മുട്ട മാത്രമാണ് വിൽക്കുന്നതെന്നും ഒരു ചെറിയ ഗ്രോസറി ഷോപ്പ് മാത്രമേ തനിക്കുള്ളുവെന്നും പ്രിൻസ് പറയുന്നു. 50 കോടിയുടെ ഇടപാടുകൾ നടത്താൻ ശേഷിയുണ്ടെങ്കിൽ താനെന്തിന് ഇങ്ങനെ നിത്യവൃത്തിക്ക് പോലും വകയില്ലാതെ കഴിയുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. തനിക്ക് കമ്പനിയുണ്ടെന്ന് നോട്ടീസിൽ പറയുന്ന ഡൽഹിയിൽ താൻ ജീവിതത്തിൽ ഇതുവരെ പോയിട്ടില്ലെന്നും പ്രിൻസ് കൂട്ടിച്ചേർത്തു.
ഇദ്ദേഹത്തിന്റെ തിരിച്ചറിയൽ രേഖകൾ ആരോ ദുരുപയോഗം ചെയ്തായിരിക്കാമെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെയും ആദായ നികുതി, ജിഎസ്ടിഅധികൃതരെയും സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 20ന് നൽകിയ നോട്ടീസിൽ 49.24 കോടിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇവയുടെ ബില്ലുകളും പർച്ചേയ്സ് വൗച്ചറുകളും ട്രാൻസ്പോർട്ടേഷൻ റെക്കോർഡുകളും ബാങ്ക് റെക്കോർഡുകളും ഉൾപ്പെടെയുള്ളവ നൽകണമെന്നും നിർദേശമുണ്ട്.