ബെംഗളൂരുവിൽ പഠിക്കുന്ന കോട്ടയം സ്വദേശിയായ നഴ്സിംഗ് വിദ്യാർഥി, നാട്ടിലെത്തിയത് കയ്യിൽ എംഡിഎംഎയുമായി, പിടിവീണു
കോട്ടയം: ബെംഗളൂരുവിൽ നഴ്സിംഗ് പഠിക്കുന്ന കോട്ടയം സ്വദേശിയായ വിദ്യാർഥി എം ഡി എം എയുമായി പിടിയിലായി. കോട്ടയത്തുവച്ചാണ് എം ഡി എം എയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിലായത്. മൂലേടം സ്വദേശി സച്ചിൻ സാം ആണ് പൊലീസിന്‍റെ വലയിലായത്. 86 ഗ്രാം എം ഡി എം എ സച്ചിനിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കോട്ടയം ജില്ലാ പൊലീസ് മോധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതിനിടെതിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നിരവധി ക്രിമിനൽ കേസുകളിലെ പ്രതി എം ഡി എം എയും, കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി എന്നതാണ്. മലയിൻകീഴ് അണപ്പാട് സ്വദേശി അർജുൻ പെരുമ്പഴുതൂർ കിളിയോടു വച്ച് ചില്ലറ വിൽപ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നു വൻതോതിൽ എം ഡി എം എയും കഞ്ചാവും കേരളത്തിലേക്ക് എത്തിച്ചതിന് നിരവധി കേസുകളും ഏഴോളം മാല മോഷണം, പത്തോളം ബൈക്ക് മോഷണം കേസുകളുമുള്ള ഇയാൾ ഊരുവിലക്കിനെ തുടർന്ന് പ്രതി ഒളിവിൽ താമസിച്ചു വരികയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇയാളുടെ പക്കൽ നിന്നു 4.843 ഗ്രാം എം ഡി എം എയും 52.324 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൂടാതെ അണപ്പാടുള്ള വീട്ടിന്റെ മേൽക്കൂരയിൽ നിന്നു പ്ലാസ്റ്റിക് സ്വിപ്പ് ലോക്ക് കവറിൽ പൊതിഞ്ഞ 39.39 ഗ്രാം എം ഡി എം എയും കണ്ടെടുത്തു. നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്ത്, അസിസ്റ്റന്റ് ഇൻസ്പെക്ടർ മണിവർണ്ണൻ പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, അൽത്താഫ്. സിവിൽ എക്സൈസ് ഓഫീസർ ശാലിനി, എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.