ഫോള്‍ഡബിള്‍ ഐഫോണ്‍ ഉള്ളതുതന്നെ; വൻ പ്രൊഡക്ഷൻ തുടങ്ങാൻ ആപ്പിൾ, പുതിയ വിവരം പുറത്ത്
കാലിഫോര്‍ണിയ: 2026-ന്‍റെ രണ്ടാംപകുതിയിൽ ആപ്പിൾ അവരുടെ ആദ്യത്തെ രണ്ട് ഫോൾഡബിൽ ഡിവൈസുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഏപ്രിൽ മാസത്തോടെ ഈ ഡിവൈസുകളുടെ പ്രാരംഭ പ്രോട്ടോടൈപ്പ് നിർമ്മിക്കും എന്നാണ് റിപ്പോർട്ടുകൾ. വരും വർഷങ്ങളിൽ കമ്പനി മടക്കാവുന്ന ഐഫോണും മടക്കാവുന്ന ഐപാഡ് പ്രോ മോഡലും അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ബുക്ക്-സ്റ്റൈൽ ഐഫോണിൽ 7.8 ഇഞ്ച് മെയിൻ ഡിസ്‌പ്ലേയും 5.5 ഇഞ്ച് കവർ ഡിസ്‌പ്ലേയും ഉണ്ടായിരിക്കാം. മടക്കാവുന്ന ഐപാഡ് പ്രോയിൽ 18.8 ഇഞ്ച് വലിയ മടക്കാവുന്ന സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നും വിവിധ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
അടുത്ത വര്‍ഷത്തിന്‍റെ രണ്ടാംപകുതിയിൽ ഫോൾഡബിൾ ഐഫോണിന്‍റെയും ഐപാഡ് പ്രോയുടെയും വൻതോതിലുള്ള ഉത്പാദനം ആപ്പിള്‍ ആരംഭിക്കുമെന്ന് അനലിസ്റ്റ് ജെഫ് പുവിനെ ഉദ്ധരിച്ച് മാക്‌റൂമേഴ്‌സ് റിപ്പോർട്ട് ചെയ്തു. ദിവസങ്ങള്‍ മുമ്പ് ജിഎഫ് സെക്യൂരിറ്റീസുമായി പങ്കിട്ട ഒരു ഗവേഷണ കുറിപ്പിൽ, രണ്ട് ഉപകരണങ്ങളും അടുത്തിടെ ഫോക്‌സ്‌കോണിൽ പുതിയ ഉൽപ്പന്ന (എൻപിഐ) ഘട്ടത്തിലേക്ക് പ്രവേശിച്ചതായി അനലിസ്റ്റ് ചൂണ്ടിക്കാട്ടി. സ്മാർട്ട്‌ഫോൺ നിർമ്മാണത്തിലെ എൻപിഐ ഘട്ടം ഒന്നിലധികം ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന ഒരു നിർണായക പ്രക്രിയയാണ്. ഒരു ഉപകരണത്തെ ആശയത്തിൽ നിന്ന് വൻതോതിലുള്ള ഉൽപ്പാദനത്തിലേക്ക് കൊണ്ടുപോകുന്നതും ഡിസൈൻ, എഞ്ചിനീയറിംഗ്, പ്രോട്ടോടൈപ്പിംഗ്, നിർമ്മാണം തുടങ്ങിയ ഘട്ടങ്ങൾ ഉൾക്കൊള്ളുന്നതുമാണ് ഇത്.
ഈ ഏപ്രിലിൽ ആപ്പിൾ പ്രോട്ടോടൈപ്പിംഗ് ഘട്ടത്തിലെത്തുമെന്നും ഉപകരണത്തിന്‍റെ പ്രവർത്തനക്ഷമമായ ഒരു മോഡൽ തയ്യാറാകുമെന്നും ജെഫ് പു പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. അതിനുശേഷം, പ്രോട്ടോടൈപ്പിനെ വിപണിക്ക് അനുയോജ്യമായ ഒരു ഉൽപ്പന്നമാക്കി മാറ്റുന്നതിന് ഫൈൻ-ട്യൂണിംഗും ഡിസൈൻ അധിഷ്ഠിത മാറ്റങ്ങളും ലഭിക്കും.
2026-ന്‍റെ നാലാംപാദത്തിൽ ആപ്പിൾ ഫോൾഡബിൾ ഐഫോണിന്‍റെയും ഫോൾഡബിൾ ഐപാഡ് പ്രോയുടെയും ഉത്പാദനം ആരംഭിക്കുമെന്ന് മുമ്പ് ടിഎഫ് സെക്യൂരിറ്റീസ് ഇന്‍റർനാഷണൽ അനലിസ്റ്റ് മിംഗ്-ചി കുവോ അവകാശപ്പെട്ടിരുന്നു. ഈ വിവരങ്ങള്‍ പുതിയ റിപ്പോർട്ട് ശരിവയ്ക്കുന്നു. ഈ ഉപകരണങ്ങൾ അടുത്ത വർഷമോ 2027-ലോ പുറത്തിറക്കുമെന്ന് കരുതപ്പെടുന്നു. മുൻ റിപ്പോർട്ടുകൾ പ്രകാരം മടക്കാവുന്ന ഐഫോണിന് 7.8 ഇഞ്ച് ഇന്‍റേണൽ ഡിസ്‌പ്ലേയും 5.5 ഇഞ്ച് കവർ ഡിസ്‌പ്ലേയും ഉണ്ടാകുമെന്ന് അവകാശപ്പെട്ടിരുന്നു. തുറക്കുമ്പോൾ ഫോൾഡ് ചെയ്യുന്നതിന്‍റെ യാതൊരുവിധ അടയാളങ്ങളും ഇത് കാണിക്കില്ല. ഫേസ് ഐഡി ഒഴിവാക്കി പകരം ഒരു സൈഡ്-മൗണ്ടഡ് ടച്ച് ഐഡി സെൻസറുമായി ഇത് എത്തിയേക്കാം. ഫോൾഡബിൾ ഐപാഡ് പ്രോയിൽ 18.8 ഇഞ്ച് ഒഎൽഇഡി സ്‌ക്രീൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഡിസ്‌പ്ലേയ്ക്ക് താഴെയായി ഫേസ് ഐഡി സജ്ജീകരണവും ഉണ്ടാകാം. ഡിവൈസിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ നിലവിൽ അജ്ഞാതമാണ്.
Read more: സാംസങ് ഗാലക്‌സി എസ്25 അൾട്ര വാങ്ങാന്‍ റെഡിയായി നില്‍ക്കുവാണോ? വരുന്നു പുതിയ കളർ ഓപ്ഷൻ