പ്രണയത്തിന്‍റെ വ്യാഴവട്ടങ്ങള്‍, കരുതലിന്‍റെയും സ്‌നേഹത്തിന്‍റെയും കൈത്താങ്ങ്!
വാവ ഉണ്ടങ്കിലും എന്‍റെ കാര്യങ്ങള്‍ക്കൊന്നും അവള്‍ ഇതുവരെ ഒരു കുറവും വരുത്തിയിട്ടില്ല. അമ്മ എന്ന രീതിയിലും ഭാര്യ എന്ന രീതിയിലും പരിപൂര്‍ണ വിജയമാണ് അവള്‍.
എന്‍റെ ജീവിതത്തിലെ സ്ത്രീ. ഇക്കാര്യം ആലോചിക്കുമ്പോള്‍ മുന്നില്‍ വരുന്നത് എന്‍റെ ഭാര്യയാണ്. അമ്മു, എന്‍റെ ഭാര്യ.
അമ്മുവിനെ ഞാന്‍ പരിചയപ്പെടുന്നത് 2013 -ലാണ്. 16-ാം വയസ്സില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട എനിക്ക് അതോടെ എല്ലാമെല്ലാമായി മാറുകയായിരുന്നു അവള്‍. പണ്ട് തൊട്ടേ ഉള്‍വലിഞ്ഞ് ജീവിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ അമ്മു അങ്ങനെ അല്ല, അവള്‍ തുറന്ന് ഇടപെടുന്ന ഒരാളാണ്.
അമ്മു വളരെ ബോള്‍ഡ് ആണ്. 10 വയസുള്ളപ്പോള്‍ അമ്മുവിന് അപകടം സംഭവിക്കുന്നു. ഒരു തീപ്പൊള്ളല്‍ അപകടം. അത് കഴിഞ്ഞാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. തീപ്പിടിത്തത്തിന് ശേഷം അമ്മു എല്ലാത്തിനെയും തരണം ചെയ്ത് കൊണ്ട് പൂര്‍വ്വാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും ഒരു പോലെ വിജയിച്ച ഒരാളാണ് അവള്‍. 2015 -ല്‍ കേരള ടോക്‌ബോള്‍ ടീം അംഗമായിരുന്നു അവള്‍. 2016 മുതല്‍ 2020 -വരെ കേരള ഹാന്‍റ് ബോള്‍ ടീമിലും ദേശീയ സൈക്കിളിംഗ് ടീമിലും അവളുണ്ടായിരുന്നു. 2020 -ല്‍ എംജി സര്‍വകലാശാല ട്രാക്ക് സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത ചാമ്പ്യനായി.
2013 -ല്‍ കണ്ടുമുട്ടിയെങ്കിലും 2014 -ലാണ് ഞങ്ങള്‍ പ്രണയം തുറന്ന് പറയുന്നത്. പിന്നീട് 12 വര്‍ഷത്തോളം നീണ്ട പ്രണയത്തിലായിരുന്നു. കല്യാണം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായിട്ടൊള്ളൂ. പ്രണയിക്കുന്ന സമയം തൊട്ട് ഇന്ന് വരെ എനിക്കാരുമില്ലെന്ന കുറവ് അവള്‍ എന്നെ അറിയിച്ചിട്ടില്ല. എന്‍റെ നല്ല സമയങ്ങളിലും മോശം സമയങ്ങളിലും എന്‍റെ താങ്ങായി അവള്‍ കൂടെത്തന്നെ ഉണ്ടായിരുന്നു.
ഞാന്‍ പോലും മനസിലാക്കാത്ത എന്നിലെ പല കാര്യങ്ങളും മനസിലാക്കുകയും അതൊക്കെ എന്നിലൂടെ നിറവേറ്റി എടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവളാണ് അമ്മു. എല്ലാവിധത്തിലും എന്നെ പ്രോത്സാഹിപ്പിക്കുന്നവള്‍. ഞാന്‍ പറയുന്നത് എല്ലാം ക്ഷമയോടെ കേട്ട് ആവശ്യമെങ്കില്‍ വേണ്ട ഉപദേശം തന്ന് അവള്‍ എന്‍റെ കൂടെ നില്‍ക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ഞുവാവയുണ്ട്. വാവ ഉണ്ടങ്കിലും എന്‍റെ കാര്യങ്ങള്‍ക്കൊന്നും അവള്‍ ഇതുവരെ ഒരു കുറവും വരുത്തിയിട്ടില്ല. അമ്മ എന്ന രീതിയിലും ഭാര്യ എന്ന രീതിയിലും പരിപൂര്‍ണ വിജയമാണ് അവള്‍.
എല്ലാവരും പറയുന്നത് പോലെ ഏതൊരു ആണിന്‍റെ വിജയത്തിന് പിന്നില്‍ ഒരു പെണ്ണ് ഉണ്ടാകും. എന്‍റെ എല്ലാ വിജയത്തിന് പിന്നിലും അമ്മുവുണ്ട്.
എന്‍റെ ജീവിതത്തിലെ സ്ത്രീ കൂടുതല്‍ എഴുത്തുകൾ വായിക്കാം