പുലി ഭീതിയിൽ കഴിയുന്ന ചാലക്കുടി നിവാസികളെ കൂടുതൽ ഭീതിയിലാക്കി വീണ്ടും പുലിയുടെ സാന്നിധ്യം
തൃശൂര്‍: ചാലക്കുടിയില്‍ ഇന്നലെ രാത്രി വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാര്‍. വളര്‍ത്തുന്ന നായയെ പിടികൂടാന്‍ പുലി ശ്രമിച്ചെന്നും പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇതുവരെ പുലിയെ പിടികൂടാൻ സാധിക്കാത്തത് ജനങ്ങളിൽ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചു. പുലി ഭീതിയില്‍ സ്കൂളുകൾ അടച്ചതോടെ കുട്ടികളെല്ലാം വീട്ടിൽ തന്നെ കഴിയുകയാണ്. പലരും പുറത്തിറങ്ങാൻ പോലും മടിക്കുന്നു.
അന്നനാട് കുറുവക്കടവ് സ്വദേശി ജനാര്‍ദ്ദന മേനോന്റെ വീട്ടിലെ വളര്‍ത്തുനായയെ ആണ് പുലി ആക്രമിച്ചത്. നായയുടെ കുരകേട്ട് വീട്ടുകാര്‍ ജനാലയിലൂടെ ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് പുലി ആക്രമിക്കുന്നത് കണ്ടത്. ചാലക്കുടി നഗരത്തില്‍ പുലിയെ കണ്ടതിന് പിന്നാലെയാണ് അന്നനടയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ജനാലയിലൂടെ നോക്കിയപ്പോള്‍ നായയെ ആക്രമിക്കുന്ന പുലിയെ വ്യക്തമായി കണ്ടതായി വീട്ടുടമയായ നന്ദിനി പറഞ്ഞു. നായയുടെ അസാധാരണമായ കുരകേട്ടാണ് നോക്കിയപ്പോള്‍ പുലി നായയെ കടിച്ചുപിടിച്ച് നില്‍ക്കുന്നതാണ് കണ്ടതെന്ന് നന്ദിനി പറയുന്നത്.
പുലിയെ കണ്ട് പേടിച്ച നന്ദിനി ഒച്ചവെക്കുകയും മകനെ വിളിച്ചുണര്‍ത്തുകയും ചെയ്തു. മകനും നാട്ടുകാരും ചേര്‍ന്ന് കൂടുതല്‍ ബഹളംവയ്ക്കുകയും സമീപപ്രദേശത്തെ ലൈറ്റുകള്‍ ഇടുകയും ചെയ്തതോടെയാണ് പുലി നായയെ ഉപേക്ഷിച്ച് ഓടിമറഞ്ഞത്. നായയെ കടിച്ചുവലിച്ച് കൊണ്ടുപോകാനാണ് പുലി ശ്രമിച്ചത്. നായയെ ചങ്ങലകൊണ്ട് കെട്ടിയിട്ടിരുന്നതിനാല്‍ ഇതിന് സാധിക്കാതിരിക്കുന്നത് എന്നാണ് വീട്ടുടമ പറയുന്നത്. സംഭവമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തി. എന്നാൽ പുലിയെ കണ്ടെത്താൻ സാധിച്ചില്ല. പുലിയുടെ ആക്രമണത്തിൽ വളർത്തു നായക്ക് മുഖത്തും കഴുത്തിനും പരിക്കേറ്റു.
കൂടുതല്‍ സ്ഥലങ്ങളില്‍ പുലി സാന്നിധ്യമുണ്ടെന്ന വാര്‍ത്ത പരന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം മുതലാണ് പുലിയെ കണ്ടെന്നുള്ള വാര്‍ത്തകള്‍ പരന്നത്. മൂന്ന് സ്ഥലങ്ങളിലാണ് പുതിയതായി പുലിയെ കണ്ടത്. കോട്ടാറ്റ്, സിഎംഐ പബ്ലിക് സ്‌കൂള്‍ പരിസരം, ഇറിഗേഷന്‍ ക്വോര്‍ട്ടേഴ്‌സിന് പിന്‍ഭാഗം എന്നിവിടങ്ങളിലാണ് വ്യാഴം രാത്രിയും വെള്ളി പുലര്‍ച്ചെയുമായി പുലിയെ കണ്ടതായി പറയുന്നത്. മൂന്ന് സ്ഥലങ്ങളിലും വനംവകുപ്പെത്തി പരിശോധന നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. ദൗത്യസംഘം വിശ്രമമില്ലാതെ നഗരസഭ വിവിധ ഭാഗങ്ങളില്‍ പരിശധന കര്‍ശനമാക്കിയിട്ടുണ്ട്. പുലിയെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നതോടെ നാട്ടുകാര്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. സ്കൂളുകൾ അടച്ചതോടെ കുട്ടികൾ പുറത്തിറങ്ങാൻ പോലും മടിക്കുകയാണ്. സന്ധ്യ കഴിയുന്നതോടെ പലസ്ഥലങ്ങളിലും ആളുകൾ പുറത്തിറങ്ങുന്നില്ല. കടകളെല്ലാം നേരത്തെ അടയ്ക്കുകയാണ്.
പുഴയോരം കേന്ത്രീകരിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്. വഞ്ചിയില്‍ പുഴയിലും പരിസരങ്ങളിലും ടെര്‍മല്‍ കാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ടെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. പരസരത്തെ വീടുകളിലെ സിസിടിവി കാമറകളുടെ പരിശോധനയും നടത്തുന്നുണ്ട്. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ നടപടിയാരംഭിച്ചു. പുലിയെ നേര്‍ത്ത കണ്ട സ്ഥലങ്ങള്‍ വിട്ട് പുലി മറ്റിടത്തേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം.