പരിശീലനത്തിന് എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്
അയ്യന്തോൾ: തൃശ്ശൂരിൽ ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അയ്യന്തോൾ സ്വദേശി കൽഹാര അപ്പാർട്ട്മെന്‍റിൽ സുരേഷ് കുമാർ (60) നെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ സ്പെഷ്യൽ പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. തന്‍റെ സ്ഥാപനത്തിൽ കരാട്ടേ പരിശീലത്തിനായി എത്തിയ 10 വയസുകാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചതോടെയാണ് വിവരം പുറത്തായത്. പിന്നീട് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിച്ചു. 20 ഓളം രേഖകൾ ഹാജരാക്കി. സമൂഹമനസാക്ഷിക്ക് ഒരു സന്ദേശമാക്കണം ശിക്ഷ എന്ന പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധുവിന്‍റെ വാദം കോടതി അംഗീകരിച്ചാണ് ജഡ്ജ് ഷെറിൻ ആഗ്നസ് ഫെർണാണ്ടസ് ശിക്ഷ പ്രഖ്യാപിച്ചത്.