ധോണിക്കപ്പുറം ഒരു താരം, ടീം; ചെന്നൈ ചിന്തിക്കേണ്ട സമയമായില്ലേ?

ആരാധകര്‍ എപ്പോഴും അങ്ങനെയാണ് യാഥാര്‍ത്ഥ്യത്തിനപ്പുറം വൈകാരിക തലങ്ങള്‍ക്കാണ് മുൻതൂക്കം. വൈകാരികതയ്ക്കൊപ്പം ടീമും വിജയിക്കുമ്പോഴാണ് ആ രസക്കൂട്ട് പൂര്‍ണതിയിലെത്തുക. പക്ഷേ, പരാജയപ്പെടുകയാണെങ്കിലോ, അതൊരു പ്രൊഫഷണല്‍ ഫ്രാഞ്ചൈസിയെ സംബന്ധിച്ച് മറികടക്കേണ്ട കടമ്പ തന്നെയാണ്, അതില്‍ തര്‍ക്കമില്ല. 

എം എസ് ഡി, കഴിഞ്ഞ ഒന്നരപതിറ്റാണ്ടോളമായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഐഡെന്റിറ്റി ഈ മൂന്നക്ഷരത്തിലാണ് ചുരുങ്ങിയിരിക്കുന്നത്. ഇതിനപ്പുറത്തേക്ക് ചെന്നൈ ചിന്തിച്ചു തുടങ്ങേണ്ട സമയമായില്ലെയെന്നത് ഫാനിസത്തിനപ്പുറത്ത് ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതില്ലേ. 

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഒരു മാമത്ത് സ്കോര്‍ പിന്തുടരുകയാണ് ചെന്നൈ. സ്വന്തം മൈതാനത്ത്. ചെപ്പോക്കെന്നല്ല, ഐപിഎല്ലില്‍ ചെന്നൈ കളിക്കുന്ന ഏതൊരു ഗ്യാലറിയേയും പോലെ ആരാധകര്‍ കാത്തിരിക്കുകയാണ് തല ദര്‍ശനത്തിനായി. ഒരു വശത്ത് റണ്‍റേറ്റ് കുതിച്ചുയരുകയും ചെന്നൈ ബാറ്റര്‍മാര്‍ കൂടാരം കയറുകയുമാണ്. 

ജഡേജ വന്നു, അശ്വിൻ വന്നു. പക്ഷേ ഇരുവരേക്കാളും മികച്ച സ്ട്രോക്ക് പ്ലെയറായ ധോണി എത്തിയത് ഒൻപതാം നമ്പറിലായിരുന്നു. ധോണിയുടെ കരിയറില്‍ ഐപിഎല്ലില്‍ രണ്ടാമത്തെ തവണയാണ് ഒൻപതാം നമ്പറില്‍ മൈതാനത്ത് എത്തുന്നത്. അപ്പോഴേക്കും ചെന്നൈക്ക് എത്തിപ്പിടിക്കാവുന്നതിലും ദൂരത്തിലായിരുന്നു വിജയം. 28 പന്തില്‍ 98 റണ്‍സ്. പക്ഷേ, മോഡേണ്‍ ഡെ ക്രിക്കറ്റില്‍ ഇതൊരു അസാധ്യമായ സ്കോര്‍ അല്ല.

തോല്‍വി ഉറച്ച മത്സരത്തില്‍പ്പോലും ചെന്നൈ ഗ്യാലറി ആര്‍ത്തിരമ്പുകയായിരുന്നു. ആ ബാറ്റില്‍ നിന്ന് ഒരു ബൗണ്ടറിയേലും കണ്ടാല്‍ മതിമറക്കുന്ന ആരാധകര്‍ക്ക് 16 പന്തില്‍ 30 റണ്‍സ് നല്‍കിയാണ് ധോണി കളം വിട്ടത്. സ്ട്രൈക്ക് റേറ്റ് 187. ചെന്നൈ നിരയില്‍ തന്നെ മാറ്റാര്‍ക്കും ഇന്നലെ ഇത്ര വേഗത്തില്‍ സ്കോര്‍ ചെയ്യാനായില്ല. ‍

ഹേസല്‍വുഡിന്റെ ഷോ‍ര്‍ട്ട് ബോളുകള്‍ക്ക് മുന്നില്‍ പവര്‍പ്ലേയില്‍ പോലും ബൗണ്ടറി കണ്ടെത്താൻ ചെന്നൈ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. പക്ഷേ, ധോണിക്കതിന് കഴിഞ്ഞു, അതും 43-ാം വയസില്‍. എങ്കില്‍ എന്തുകൊണ്ട് ധോണി ക്രീസിലെത്താൻ വൈകി. 

കഴിഞ്ഞ സീസണില്‍ നെറ്റ് റണ്‍റേറ്റായിരുന്നു ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വിലങ്ങുതടിയായത്. അതു 0.06 വ്യത്യാസത്തില്‍. ഒരോ റണ്‍സും എത്ര നിര്‍ണായകമാണെന്ന് ചെന്നൈക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത സീസണ്‍ കൂടിയായിരുന്നു 2024.

ഇപ്പോഴിതാ ചെപ്പോക്കിലെ ഏറ്റവും വലിയ തോല്‍വി ചെന്നൈ ഏറ്റുവാങ്ങിയിരുന്നു. ധോണി നേരത്തെ ക്രീസിലെത്തിയാല്‍ തോല്‍വിയുടെ ആഘാതം അല്‍പ്പമെങ്കിലും കുറക്കാൻ സാധിക്കുകയില്ലെ. ധോണിയെ കാത്തുവെച്ചുകൊണ്ട് ചെന്നൈ എന്ത് തന്ത്രമാണ് മെനയുന്നതെന്നതും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ഫിനിഷര്‍ റോള്‍ ഭംഗിയായി ധോണി നിര്‍വഹിക്കുന്നത് കഴിഞ്ഞ സീസണില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കണ്ടതാണ്. പക്ഷേ, രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ അത് ആവര്‍ത്തിക്കാൻ ധോണിക്ക് സാധിച്ചിട്ടില്ല. ധോണി മധ്യനിരയിലേക്ക് എങ്കിലും എത്തിയാല്‍ വ്യത്യാസമുണ്ടാക്കാൻ സാധിക്കില്ലേ എന്ന ചോദ്യത്തിന് രണ്ട് സീസണിന്റെ പഴക്കമുണ്ടിപ്പോള്‍. 

വിക്കറ്റിന് പിന്നില്‍ ധോണി തീര്‍ക്കുന്ന അത്ഭുതത്തിന് പകരംവെക്കാനാരുമില്ലെന്നത് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. പക്ഷേ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന പൊസിഷൻ പൂര്‍ണമായി ചെന്നൈ ഉപയോഗിക്കുന്നുണ്ടോ? 

ഹെൻറിച്ച് ക്ലാസൻ, സഞ്ജു സാംസണ്‍, ജോസ് ബട്ട്ല‍ര്‍, ക്വിന്റണ്‍ ഡി കോക്ക്, റിയാൻ റിക്കല്‍ട്ടണ്‍ എന്നിവര്‍ ബാറ്റുകൊണ്ട് ടീമിന്റെ വിജയത്തിന് നല്‍കുന്ന സംഭാവനയുടെ അഭാവം ചെന്നൈക്കില്ലേ? പ്രത്യേകിച്ചും ചെന്നൈയുടെ മധ്യനിര ദുര്‍ബലമായ സാഹചര്യത്തില്‍. ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ശിവം ദൂബെ എന്നിവര്‍ മികച്ച ഫോമിലല്ലെന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ തെളിയിച്ച് കഴിഞ്ഞു.

Its time to think beyond Dhoni. സ്വന്തം ടീമിലെ ഓരോ താരങ്ങള്‍ പുറത്താകുമ്പോഴും ആർത്തുല്ലസിക്കുന്ന ഗ്യാലറി. അവർ ടീമിനെയാണ് താരത്തെ മാത്രമാണോ പിന്തുണയ്ക്കുന്നതെന്ന ആശങ്ക നിലനില്‍ക്കുന്നു. ധോണിക്ക് പകരം ഒരു മുഖം വളർത്തിക്കൊണ്ടുവരുന്നതില്‍ ചെന്നൈ പരാജയപ്പെട്ടുവെന്ന് വേണം കണക്കാക്കാൻ.

ഉദാഹരണമായി എടുക്കാനാകുന്ന ഫ്രാഞ്ചൈസിയാണ് മുംബൈ. ഒപ്പത്തിനൊപ്പമുള്ള രണ്ട് ടീമുകള്‍. മുംബൈയുടെ ആദ്യ മുഖം സച്ചിൻ തെണ്ടുല്‍ക്കർ എന്ന ഇതിഹാസമായിരുന്നു. പിന്നീടത് രോഹിത് ശർമയായി മാറി. ഇന്ന് രോഹിതിനൊപ്പം ആരാധകർ ഉറക്കെ വിളിക്കുന്ന പേരുകള്‍ നിരവധിയാണ്. ജസ്പ്രിത് ബുംറ, ഹാർദിക്ക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, തിലക് വർമ…എന്നിങ്ങനെ നീളുന്നു പട്ടിക. 

മഞ്ഞ ജേഴ്സിയില്‍ ഇത്തരമൊരു നീണ്ട നിര ധോണിക്കപ്പുറം കാണാനാകില്ല. ജഡേജ നായകനായപ്പോള്‍ ചെന്നൈ ആരാധകർ പോലും വിമർശനം ഉന്നയിക്കുകയും ധോണിയുടെ തിരിച്ചുവരവിനായി മുറവിളികൂട്ടുകയും ചെയ്തതാണ്.

താൻ വീല്‍ചെയറിലാണെങ്കിലും കളത്തിലിറക്കാൻ ചെന്നൈ തയാറാകുമെന്ന് ധോണി തന്നെ സീസണിന് മുൻപ് വെളിപ്പെടുത്തിയിരുന്നു. പക്ഷേ, എത്രകാലം ധോണിയിലേക്ക് ചുരുങ്ങാൻ ചെന്നൈക്കാകും. കിരീടമെന്ന സ്വപ്നം എത്തിപ്പിടിക്കണമെങ്കില്‍ ആരാധകരെ ഒപ്പം കൂട്ടണമെങ്കില്‍ ധോണിക്കപ്പുറം ഒരു ടീമിനെ ചെന്നൈ വാർത്തെടുക്കണമെന്ന് മുൻതാരങ്ങള്‍ വരെ പറഞ്ഞുതുടങ്ങിയിരിക്കുന്നു.

By admin