ദോശ, ഇഡ്ഡലി, സാമ്പാര്‍, ചട്നി, പുറത്തായതിന് പിന്നാലെ ആര്‍സിബി താരത്തോട് പ്രതികാരം തീര്‍ത്ത് ചെന്നൈ ടീം ഡിജെ

ചെന്നൈ:ഐപിഎല്ലില്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെ ആര്‍സിബി താരം ജിതേഷ് ശര്‍മ പുറത്തായപ്പോള്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിയത് ദോശ, ഇഡ്ഡലി, സാമ്പാര്‍, ചട്നി പാട്ട്. മത്സരത്തിന് മുുമ്പ് ചെന്നൈയെ കളിയാക്കിയ ജിതേഷ് ശര്‍മയോട് പ്രതികാരം തീര്‍ക്കാനാണ് ചെന്നൈ ഡിജെ ഈ പാട്ട് തന്നെ തെരഞ്ഞെടുത്തത് എന്നാണ് ആരാധകപക്ഷം.

മത്സരത്തിന് മുന്നോടിയായി നടത്തിയ അഭിമുഖത്തില്‍ ജിതേഷിനോട് ചെന്നൈ എന്ന പേര് കേള്‍ക്കുമ്പോള്‍ എന്താണ് ആദ്യം മനസിലേക്ക് വരുന്നത് എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടി നല്‍കിയപ്പോഴാണ്  ദോശ, ഇഡ്ഡലി, സാമ്പാര്‍, ചട്നി പാട്ട് പാടിയത്. ചെന്നൈയെ കളിയാക്കുന്ന രീതിയില്‍ കുറച്ച് ഉച്ചത്തിലായിരുന്നു ജിതേഷിന്‍റെ പാട്ട്.

ഐപിഎല്‍ ഓറഞ്ച് ക്യാപ്: സഞ്ജു ആദ്യ 10ൽ നിന്ന് പുറത്ത്, വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി ചെന്നൈ താരം

ഇന്നലെ ആര്‍സിബി ഇന്നിംഗ്സിനിടെ ആറാമനായി ക്രീസിലെത്തിയ ജിതേഷ് ശര്‍മ ആറ് പന്തില്‍ 12 റണ്‍സെടുത്താണ് പുറത്തായത്. ഒരു ഫോറും ഒരു സിക്സും പറത്തിയ ജിതേഷിനെ സാം കറന്‍റെ പന്തില്‍ ഖലീല്‍ അഹമ്മദാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ജിതേഷ് പുറത്തായി ഡഗ് ഔട്ടിലേക്ക് മടങ്ങുമ്പോഴാണ് സ്റ്റേഡിയത്തില്‍  ദോശ, ഇഡ്ഡലി, സാമ്പാര്‍, ചട്നി പാട്ട് മുഴങ്ങിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സടിച്ചപ്പോൾ ചെന്നൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെ നേടാനായിരുന്നുള്ളു. 41 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയും 30 റണ്‍സുമായി പുറത്താകാതെ നിന്ന എം എസ് ധോണിയും 25 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും മാത്രമാണ് ചെന്നൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.ആര്‍സിബിക്കായി ജോഷ് ഹേസല്‍വു‍ഡ് മൂന്ന് വിക്കറ്റെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin