കത്തിയും വടിവാളുമായി വരില്ലെന്ന് ഉറപ്പു കിട്ടണം, ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വില്ലേജ് ഓഫീസർ
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി സഞ്ജു വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഏരിയാ സെക്രട്ടറിക്കെതിരെ ഒരു പരാതിയും ഇല്ലെന്ന് ഭീഷണി നേരിട്ട വില്ലേജ് ഓഫീസർ ജോസഫ് ജോർജ്. പത്തനംതിട്ട ആറന്മുള പൊലീസ് മാവേലിക്കരയിലെത്തി വില്ലേജ് ഓഫീസറുടെ മൊഴിയെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല.
ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉറപ്പു നൽകിയാൽ നാരങ്ങാനത്ത് തുടർന്നും ജോലി ചെയ്യുമെന്ന് ജോസഫ് ജോർജ് പറയുന്നു. ഫോണിലേക്ക് അജ്ഞാത നമ്പറിൽ നിന്ന് എത്തിയ ഭീഷണി കോളിൽ പ്രത്യേകം പരാതി സൈബർ സെല്ലിൽ നൽകും എന്നും വില്ലേജ് ഓഫീസർ വിശദമാക്കി. തൻ്റെ നേരെ ആരും കത്തിയും വടിവാളുമായി വരില്ലെന്ന് ഉറപ്പു കിട്ടണമെന്നും ജോസഫ് ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.