ഒരേ തൂവല്‍പ്പക്ഷികള്‍; പ്രിയങ്ക ചോപ്രയും ശോഭാ ചേച്ചിയും തമ്മിലെന്ത്?

ജീവിതത്തിന്‍റെ ഓട്ടപ്പാച്ചിലുകള്‍ക്കും ഉപ്പ് രസങ്ങള്‍ക്കും ഇടയില്‍ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷത്കരിക്കാന്‍ മറന്ന് പോകുന്നവരുണ്ട്. എന്നാല്‍  ജീവിതത്തിലെ പ്രാരബ്ധങ്ങളും ഉത്തരവാദിത്തങ്ങളും തീരാന്‍ കാത്തിരിക്കാതെ ആത്മവിശ്വാസത്തോടെ  പരിശ്രമിച്ചു കൊണ്ടേയിരിക്കുക എന്ന് പറയുന്നവരുമുണ്ട്.

 

ലസമായ ചില പകലുകളില്‍, ‘പെണ്‍ ജീവിത നുണക്കഥകള്‍’ എഴുതി സ്ത്രീകളുടെ ഉള്‍ക്കാഴ്ചകളെ ഒട്ടും കലര്‍പ്പില്ലാതെ ബോധ്യപ്പെടുത്തിയ എഴുത്തുകാരി അഷിതയുടെ  വരികള്‍ ഓടിയെത്തും. 

അതിങ്ങനെയാണ്: ‘ചില ദിവസങ്ങള്‍ ആര്‍ത്തുലച്ചു പൂക്കുന്നു, ചിലവ മൂകമായി കൊഴിഞ്ഞു പോകുന്നു, ജീവിതത്തിനും ഋതു സഹജം.’
 
ഒട്ടും പ്രൊഡക്റ്റീവ് അല്ലാത്ത, മൂകമായി പൊഴിയുന്ന ദിവസങ്ങള്‍ കൂടി കൂടി വരും. ചില ദിവസങ്ങളില്‍ ശൂന്യതയോടൊപ്പം ഇടക്കിടെ പൊട്ടി വരുന്ന മൂഡ് സ്വിങ്‌സും മുന്നിലേക്ക് എത്തും. മനസ്സ്  ഞെരുങ്ങിയമരും. അപ്പോഴൊക്കെ അഭയം പ്രാപിക്കുന്നത് ഏതെങ്കിലും പോഡ്കാസ്റ്റില്‍ ആയിരിക്കും. 

ഒന്ന് 

അതില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു കണ്ടിട്ടുണ്ടാവുക പ്രിയങ്ക ചോപ്രയുടെ പോഡ്കാസ്റ്റ് ആണ്. എത്ര ശക്തയായ സ്ത്രീയാണവര്‍. കണ്ണുകളിലെ ആത്മവിശ്വാസം, വാക്കുകളിലൂടെ പുറത്തേക്ക് വരുന്ന മനോധൈര്യം. അവരെ ഒരുപാട് ഇഷ്ടപ്പെടാന്‍ ഒരുപാട് കാരണങ്ങളുണ്ട്. ചോദ്യ കര്‍ത്താവിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ലവലേശം പതറാതെ കാമ്പുള്ള മറുപടികള്‍ തനിമ ചോരാതെ പറയുന്ന അവരെ അത്ഭുതത്തോടെ, വീണ്ടും വീണ്ടും കേട്ടിരുന്നിട്ടുണ്ട്. പ്രിവിലേജുകള്‍ക്കിടയില്‍ ജീവിക്കുന്നവര്‍ക്ക് ഇതൊക്കെ പറയാന്‍ എളുപ്പമാണെന്ന് പറയാമെങ്കിലും ഇന്നത്തെ  നിലയിലേക്ക് എത്തിച്ചേരാനായി അവര്‍ എടുത്ത കഠിനാധ്വാനം കണക്കിലെടുക്കാതിരിക്കാനാവില്ല. കടന്ന് പോയ ദിവസങ്ങളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളും സ്ത്രീകളോട് അവര്‍ പറയാറുള്ള ഉപദേശങ്ങളും ചിന്തകളും ആത്മവിശ്വാസവും എല്ലാം പ്രചോദിപ്പിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രയുടെ ഇന്‍റര്‍വ്യുകള്‍ കണ്ട് തീരുമ്പോഴേക്കും, ജീവിതത്തിന്‍റെ ചില നിശ്ചലാവസ്ഥകളോര്‍ത്ത് ഉരുണ്ടുകൂടിയ കാര്‍മേഘങ്ങളൊക്കെ ഒഴിയും. ഉള്ളില്‍ ചാറിപ്പൊടിയാനായി വെമ്പിയ നനവൊക്കെ വറ്റും. അകമേ, വല്ലാത്തൊരു തെളിമയും പ്രസരിപ്പും വന്നു നിറയും. 

ജീവിതത്തില്‍ സ്വാധീനിച്ച സ്ത്രീകളെ കുറിച്ച് ഓര്‍ത്താല്‍ പെട്ടെന്ന് ഓടിയെത്തുക രണ്ട് പേരാണ്. ഒന്ന് പ്രിയങ്ക ചോപ്ര. മറ്റൊരാള്‍ നാട്ടിലെ ശോഭ ചേച്ചി. ഇവര്‍ തമ്മില്‍ പ്രത്യക്ഷത്തില്‍ സാമ്യതകളൊന്നും തന്നെയില്ല. എന്നാല്‍ രണ്ട് പേര്‍ക്കുമിടയില്‍ പോസിറ്റീവ് മനോഭാവത്തിന്‍റെ സമാനമായ ഇടങ്ങള്‍ ഏറെയുണ്ട്. 

രണ്ട്

അറിയപ്പെടാതെ പോയ ഒരുപാടുപേരില്‍ ഒരാളാണ് ശോഭ ചേച്ചി. ഒരു പക്ഷേ, ലോക ഭൂപടത്തില്‍ എവിടെയും അടയാളപ്പെടുത്താന്‍ സാധ്യതയില്ലാത്ത ഒരുവള്‍. പലപ്പോഴും തോന്നിയിട്ടുണ്ട്, ചില മനുഷ്യരെ എത്ര പെട്ടെന്നാണ് ലോകം അഹങ്കാരി എന്ന് മുദ്ര കുത്തുന്നതെന്ന്. എന്നാല്‍, അവര്‍ കടന്നുവന്ന പിന്നാമ്പുറ കഥകള്‍ കേട്ടാല്‍ പലപ്പോഴും തോന്നാറുണ്ട്, ഒരു കൈ അറിഞ്ഞു സഹായിക്കാത്ത മനുഷ്യരാണ് എന്താണെന്ന് പോലും അറിയാതെ മറ്റുള്ളവരെ ജഡ്ജ് ചെയ്യുന്നത്. എളുപ്പം വിലയിടുന്നത്.  

ശോഭ ചേച്ചി ഒരു സാധാരണ കുടുംബത്തിലെ മൂന്ന് മക്കളില്‍ മൂത്തവളായിരുന്നു. അമ്മ ആരുടെ കൂടെയോ ഒളിച്ചോടി. അച്ഛന്‍ രണ്ടാമതും വിവാഹം കഴിച്ചു. പിന്നീട് അവരെ വളര്‍ത്തിയത് അമ്മയുടെ അമ്മയായിരുന്നു. സഹോദന്‍മാരില്‍ ഒരാളെ അച്ഛനും ഇളയ ആളെ അമ്മയും കൊണ്ടു പോയി. 70 -കളില്‍ ജനിച്ച സ്ത്രീ ആയത് കൊണ്ട് തന്നെ ആ കുടുംബത്തെ ദാരിദ്ര്യവും കഷ്ടപ്പാടും ഒരുപാട് തീണ്ടിയിട്ടുണ്ട്. സമൂഹത്തിന്‍റെ സൗന്ദര്യ സങ്കല്പങ്ങളില്‍ നിന്നും ഏറെ അകലെയായതിനാല്‍ വളരെ വൈകിയായിരുന്നു അവരുടെ വിവാഹം. സാമ്പത്തിക ഞെരുക്കം ആവോളം ഉള്ളതിനാല്‍ ഒമ്പതില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. മറ്റുള്ളവരെ  കുത്തി നോവിച്ച് ആനന്ദം കണ്ടെത്തുന്ന പാഴ് ജന്മങ്ങളുടെ ഒരുപാട് കളിയാക്കലുകളും സഹതാപങ്ങളും കേട്ടശേഷമാണ് അവര്‍ വിവാഹിതയായത്. എന്നാല്‍, വിവാഹം അവരെ സംബന്ധിച്ചിടത്തോളം അത്ര സമാധാന പൂര്‍ണമായിരുന്നില്ല.

എരിതീയില്‍ നിന്ന് വറ ചട്ടിയിലേക്ക് എന്നതായിരുന്നു അവസ്ഥ. മദ്യപാനി ആയിരുന്ന ഭര്‍ത്താവിന്‍റെ പീഡനങ്ങള്‍ക്കിടയിലായിരുന്നു ജീവിതം. അതിനിടയില്‍ രണ്ട് മക്കളുടെ അമ്മയായി.  അയാളുടെ ശാരീരിക പീഡനങ്ങള്‍ സഹിക്കവയ്യാതായപ്പോള്‍ രണ്ട് മക്കളെയും കൂട്ടി ചേച്ചി വീട് വീട്ടിറങ്ങി. പിന്നീട് തുന്നലും ബീഡി തെറുപ്പും അച്ചാര്‍ വില്‍പ്പനയും ഒക്കെയായി ജീവിക്കാനുള്ള പാച്ചിലുകള്‍. അതിനിടയില്‍ പകുതിക്ക് നിര്‍ത്തിയ വിദ്യാഭ്യാസം തുടര്‍ന്നു. അങ്ങനെ പത്ത് പാസായി. പക്ഷേ, പിന്നെയും വിധി അവരെ പരീക്ഷണ വസ്തുവാക്കി. ഇടക്ക് ന്യൂമോണിയ ബാധിച്ചു. തിരിച്ചിനി ജീവിതത്തിലേക്ക് ഇല്ല എന്ന ഘട്ടത്തില്‍ എത്തി. അതിനിടെ മകന് ഒരപകടം. തളര്‍ത്താന്‍ മറ്റനേകം അനുഭവങ്ങള്‍. എങ്കിലും അവര്‍ തളര്‍ന്നില്ല. തോല്‍പിക്കാന്‍ കാത്തിരുന്ന ജീവിതത്തിന് നേരെ കൊഞ്ഞനം കുത്തി ജീവിതം കൈ കുമ്പിളില്‍ ഒതുക്കാനുള്ള നെട്ടോട്ടം. 

അംഗനവാടിയിലെ ഹെല്‍പര്‍ ആയിരുന്ന ചേച്ചി. നാട്ടിലെ സകല പരിപാടികളിലും സജീവമായിരുന്നു. അതിനിടെ അവരുടെ കുഞ്ഞു വീട് പുതുക്കി. മകന് പിന്നീട് ആര്‍മിയില്‍ ജോലി കിട്ടി. മകള്‍ ഒരു സ്‌കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഇപ്പോള്‍ പേരകുട്ടികളൊക്കെ ആയി ജീവിക്കുന്നതിനിടയില്‍ കാന്‍സറിന്‍റെ രൂപത്തില്‍ ദുര്‍വിധി പിന്നെയും വന്നു. ആദ്യത്തെ സ്റ്റേജ് ആയതിനാല്‍ കീമോ കഴിഞ്ഞു. ചേച്ചി, ഇപ്പോള്‍ സുഖം പ്രാപിച്ചു. 

ജീവിതത്തിന്‍റെ തീച്ചൂളയില്‍ നിന്ന് ഒറ്റയ്ക്ക് വഴി വെട്ടി വന്നത് കൊണ്ടാണോ എന്നറിയില്ല, ചേച്ചിയുടെ വാക്കുകള്‍ക്ക് മൂര്‍ച്ചയും തെളിമയും കൂടുതലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ മൂര്‍ച്ചയായിരിക്കും ചിലപ്പോള്‍ പലര്‍ക്കും രസിക്കാതിരുന്നത്. ‘ഒറ്റ ജീവിതല്ലേ ഉള്ളൂ അതോണ്ട്  ഡിഗ്രി എടുക്കണം’ എന്ന് ചേച്ചി പറഞ്ഞതായി അമ്മ ഇടക്കപ്പെഴോ പറയുന്നത് കേട്ടു. ലൈബ്രറിയില്‍ നിന്നും പുസ്തകമെടുത്ത് കോലായിലെ മൂലക്ക് ഇരുന്ന് സാകൂതം വായിക്കുന്ന ചേച്ചിയെ എത്രയോ തവണ കണ്ടിട്ടുണ്ട്. നേരില്‍ കാണുമ്പോഴൊക്കെ വാത്സല്യം ചൊരിയുന്ന അവരുടെ അടുത്തെത്തുമ്പോള്‍ ഒരുപാട് സന്തോഷം തോന്നും, ഹൃദയം എന്തെന്നില്ലാതെ തുളുമ്പി മറയും, അടുത്ത് ചെന്ന് കെട്ടി പിടിക്കാന്‍ തോന്നും. ചേച്ചിയുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍, അല്ലെങ്കില്‍ വേറൊരാള്‍ ആയിരുന്നുവെങ്കില്‍ എങ്ങനെ ഈ  അനുഭവങ്ങളെ  മറികടക്കുമായിരുന്നുവെന്ന് എത്രയോ തവണ ആലോചിച്ചിട്ടുണ്ട്.  

ജീവിതം വച്ച് നീട്ടിയ കയ്പ്പുള്ള മിഠായികളെ എത്ര എളുപ്പമാണ് അവര്‍ നുണച്ച് ഇറക്കിയതെന്ന് തോന്നും. ഒരു മുഴം കയറിന്‍റെ അറ്റത്തോ പാളങ്ങളിലോ അവസാനിക്കുമായിരുന്ന ജീവിതത്തെ എത്രമാത്രം ശ്രദ്ധിച്ചാണ് വീണ്ടും വീണ്ടും അവര്‍ അടുക്കിപെറുക്കി വെയ്ക്കുന്നതെന്ന് തോന്നും. ഞങ്ങളുടെ നാട്ടില്‍, മധ്യ വയസ്സിലെത്തിയ സ്ത്രീകള്‍ക്കിടയില്‍ ആദ്യമായി ചുരിദാര്‍ ഇട്ടത് ചേച്ചി ആയിരുന്നു. സകലമാന പെണ്‍ ജനങ്ങളുടെ ആക്ഷേപത്തിന് പാത്രമായിട്ടും അതൊന്നും വകവെക്കാതെ തന്‍റേടത്തോടെ ചേച്ചി ജീവിച്ചു.  ‘നിങ്ങള് സൂപ്പര്‍ ആണ് ചേച്ചി’ എന്ന് മനസ്സില്‍ ഒരായിരം തവണ പറഞ്ഞിട്ടുണ്ട്. 
 
ജീവിതത്തിന്‍റെ ഓട്ടപ്പാച്ചിലുകള്‍ക്കും ഉപ്പ് രസങ്ങള്‍ക്കും ഇടയില്‍ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷത്കരിക്കാന്‍ മറന്ന് പോകുന്നവരുണ്ട്. എന്നാല്‍  ജീവിതത്തിലെ പ്രാരബ്ധങ്ങളും ഉത്തരവാദിത്തങ്ങളും തീരാന്‍ കാത്തിരിക്കാതെ ആത്മവിശ്വാസത്തോടെ  പരിശ്രമിച്ചു കൊണ്ടേയിരിക്കുക എന്ന് പറയുന്നവരുമുണ്ട്. ശോഭേച്ചി അത്തരമൊരാളാണ്. ഒരു പാഠപുസ്തകത്തില്‍ നിന്നും ലഭിക്കാത്ത തെളിമയാര്‍ന്ന പെണ്‍ അതിജീവനത്തിന്‍റെ പാഠങ്ങളാണ് ചേച്ചിയുടെ ജീവിതം.

 

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം

 

 

By admin