ഏകദിന അരങ്ങേറ്റത്തില്‍ അതിവേഗ 50, ക്രുനാല്‍ പാണ്ഡ്യയുടെ ലോക റെക്കോര്‍ഡ് തകര്‍ത്ത് കിവീസ് താരം
നേപ്പിയര്‍: ഏകദിന അരങ്ങേറ്റത്തിലെ അതിവേഗ അര്‍ധ സെഞ്ചുറിയുടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് താരം മുഹമ്മദ് അബ്ബാസ്. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 24 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചാണ് മുഹമ്മദ് അബ്ബാസ് ലോക റെക്കോര്‍ഡ് അടിച്ചെടുത്തത്. ഏകദിന അരങ്ങേറ്റത്തില്‍ 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഇന്ത്യയുടെ ക്രുനാല്‍ പാണ്ഡ്യയുടെ പേരിലുള്ള റെക്കോര്‍ഡാണ് മുഹമ്മദ് അബ്ബാസ് തകര്‍ത്തത്. 2021ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ക്രുനാല്‍ പാണ്ഡ്യ 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ഏകദിന അരങ്ങേറ്റത്തിലെ അതിവേഗ ഫിഫ്റ്റിയുടെ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിനായി ആറാം നമ്പറിലാണ് 21കാരനായ മുഹമ്മദ് അബ്ബാസ് ബാറ്റിംഗിനിറങ്ങിയത്. ക്രീസിലെത്തിയതിന് പിന്നാലെ തകര്‍ത്തടിച്ച അബ്ബാസ് കിവീസ് സ്കോര്‍ 350ന് അടുത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 26 പന്തില്‍ 52 റണ്‍സെടുത്ത അബ്ബാസിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തു.
മത്സരത്തില്‍ 73 റണ്‍സിന്‍റെ ആധികാരിക ജയം നേടിയ ന്യൂസിലന്‍ഡ് മൂന്ന് മത്സര ഏകദിന പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ക്രുനാല്‍ പാണ്ഡ്യക്ക് പുറമെ വെസ്റ്റ് ഇന്‍ഡീസിന്‍റെ അലിക് അല്‍താനസെയും ഏകദിന അരങ്ങേറ്റത്തില്‍ 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിട്ടുണ്ട്. 2021ല്‍ ഏകദിന അരങ്ങേറ്റത്തില്‍ ഇന്ത്യയുടെ ഇഷാന്‍ കിഷന്‍ 33 പന്തില്‍ ശ്രീലങ്കയ്ക്കെതിരെ അര്‍ധസെഞ്ചുറി തികച്ചിട്ടുണ്ട്.
The moment 21-year-old Muhammad Abbas registered the fastest-ever fifty on ODI debut! Follow LIVE and free in NZ on TVNZ + & DUKE 📺 and @SportNationNZ 📻 Live scoring | https://t.co/CvmR1mQN5I #NZvPAK #CricketNation pic.twitter.com/6KtLNYbLIh
— BLACKCAPS (@BLACKCAPS) March 29, 2025
ന്യൂസിലന്‍ഡിനെതിരെ 345 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 39-ാം ഓവറില്‍ 249-3 എന്ന മികച്ച നിലയിലായിരുന്നു. എന്നാല്‍ ബാബര്‍ അസം പുറത്തായതോടെ പാകിസ്ഥാന്‍ കൂട്ടത്തകര്‍ച്ചയിലാി. 22 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഏഴ് വിക്കറ്റുകളും നഷ്ടമാക്കിയാണ് പാകിസ്ഥാന്‍ വമ്പന്‍ തോല്‍വി വഴങ്ങിയത്.