ഭോപ്പാൽ: മീററ്റിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട “ബ്ലൂ ഡ്രം” കൊലപാതക കേസിന് സമാനമായി തന്നെ ഭാര്യയും കാമുകന്മാരും ചേര്‍ന്ന് കൊല്ലുമെന്ന് ആരോപിച്ച് സമരവുമായി യുവാവ്. കാമുകനും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ബ്ലൂ ഡ്രംമ്മിൽ സിമന്റിട്ട് മൂടിയ സംഭവത്തിന് പിന്നാലെയാണ് ഗ്വാളിയാര്‍ സ്വദേശിയായ 38-കാരൻ ആശങ്കയറിയിച്ച് സമരവുമായി രംഗത്തെത്തിയത്.
തന്റെ ഭാര്യയെ ശിക്ഷിക്കണം എന്ന് എഴുതിയ പ്ലക്കാര്‍ഡുമായാണ് അമിത് കുമാര്‍ സെൻ എന്നയാൾ പ്രതിഷേധ പ്രകടനം നടത്തിയത്. “അവൾ എന്നെ ചതിച്ചു, എന്റെ മകനെ കൊന്നു. അവൾ എന്നെയും കൊല്ലും. അടുത്തിടെ, രാജ്യത്ത് ഇത്തരം നിരവധി കേസുകൾ പുറത്തുവന്നിട്ടുണ്ട്. ഭാര്യ, കാമുകനുമായി ഒത്തുചേർന്ന്, നിരവധി ഭർത്താക്കൻമാരെ കൊലപ്പെടുത്തിയിട്ടുണ്ട്.എന്റെ ഭാര്യയ്ക്ക് മൂന്നോ നാലോ കാമുകന്മാരുണ്ട്’- എന്നും അമിത് പറയുന്നു.
തന്റെ ഭാര്യയും കാമുകനും ചേര്‍ന്ന് മകൻ ഹർഷിനെ കൊലപ്പെടുത്തി. ഇത്തരത്തിൽ ഗൂഢാലോചനയുടെ ഇര ഞാനാകും. ഇപ്പോൾ മറ്റൊരാളോടൊപ്പം താമസിക്കുന്ന എന്റെ ഭാര്യ ഇളയ മകനെ കൂടി കൊണ്ടുപോയിട്ടുണ്ട്. അവനും കൊല്ലപ്പെട്ടേക്കാം. പൊലീസിൽ നിരവധി പരാതികൾ നൽകിയിട്ടും നടപടിയൊന്നും സ്വീകരിക്കുന്നില്ല. ഉടൻ നടപടിയെടുക്കണമെന്നും തനിക്ക് സംരക്ഷണം നൽകണമെന്നും പ്രതിഷേധത്തിനിടെ ഇയാൾ പറഞ്ഞു.
അതേസമയം, ഔദ്യോഗികമായി പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഏതെങ്കിലും പരാതികൾ ലഭിച്ചാൽ സമഗ്രമായി അന്വേഷിക്കുമെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. ഫൂൽബാഗ് കവലയിലായിരുന്നു അമിതിന്റെ വ്യത്യസ്തമായ പ്രതിഷേധം നടന്നത്.