എന്തുകൊണ്ട് ക്ലീൻ ടെക്നോളജിക്കായി ഇന്ത്യയും യൂറോപ്പും ധാരണയിലെത്തണം

എഴുതിയത്: Janka Oertel, Director, Asia Programme, Senior Policy Fellow, European Council on Foreign Relations

ജിയോപൊളിറ്റിക്സിൽ വന്ന കുഴപ്പങ്ങളും അമേരിക്കയുടെ വ്യാപാരനയത്തിലും സഖ്യരാജ്യങ്ങളോടുള്ള നയത്തിലും വന്ന മാറ്റവും യൂറോപ്പിനെ ഉലച്ചു. ട്രംപ് സർക്കാർ 2.0 വരുന്നതിന് ഒരുങ്ങാൻ എട്ട് വർഷം ഉണ്ടായിട്ടും, അദ്ദേഹത്തിന്റെ വരവ് ഉണ്ടാക്കാൻ സാധ്യതയുള്ള മാറ്റങ്ങൾക്ക് അനുസൃതമായി തയാറെടുക്കാൻ യൂറോപ്പിന് കഴിഞ്ഞില്ല. യു.എസ് സുരക്ഷയിലുള്ള ആശ്രയത്വവും ചൈനാ വ്യാപാരബന്ധവും റഷ്യയിൽ നിന്നുള്ള ഊർജ്ജവും എളുപ്പത്തിൽ ഒഴിവാക്കാനാകാവുന്നതല്ല. പക്ഷേ, പ്രശ്നങ്ങളെല്ലാം ഒരുമിച്ച് എത്തിയതോടെ ഭീതിയും ഉച്ചത്തിലായി.
കഴിഞ്ഞ ഇ.യു-ഇന്ത്യ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ സമ്മേളനത്തിൽ നിന്നും വെളിവായതുപോലെ തങ്ങളുടെ കാര്യപ്രാപ്തിക്ക് തടസ്സമായി നിൽക്കുന്ന ആശ്രയത്വത്തിന്റെ കുടുക്ക് അഴിക്കാൻ യൂറോപ്പിന് കഴിയണം എന്നതിൽ ബ്രസൽസിന് ധാരണയുണ്ട്. യൂറോപ്പിന് അതിവേഗം മുന്നോട്ടുപോകണം എന്നുമാത്രമല്ല, ആഗോളതാൽപര്യങ്ങൾ തങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കാനും നീതിയുക്തമായ വ്യാപാരബന്ധവും വിതരണത്തിലെ വൈവിധ്യവും തെളിയിക്കാൻ ഇന്ത്യയോട് ഈ വർഷം തന്നെ പുതിയ വ്യാപാരകരാർ ഒപ്പിടാൻ കഴിയുകയും വേണം. പക്ഷേ, യൂറോപ്പിനും ഇന്ത്യയ്ക്കും ഒരുപോലെ ഉതകുന്ന ഒരു പുതിയ സാങ്കേതികവിദ്യാ കരാറിന് കൂടെ സാധ്യതയുണ്ട്.
യൂറോപ്പിന്റെ പ്രശ്നങ്ങൾ അധികവും സ്വയം വരുത്തിവെച്ചതാണ്. ആദ്യ ട്രംപ് സർക്കാരും എളുപ്പമായിരുന്നില്ല. കൊവിഡ്-19 മഹാമാരി യൂറോപ്പിന്റെ സാമ്പത്തിക പ്രശ്നങ്ങളു സുരക്ഷാപ്രശ്നങ്ങളും കൂടുതൽ ഗുരുതരമാക്കി. ജോ ബൈഡന്റെ തെരഞ്ഞെടുപ്പിന് ശേഷം വാചകത്തിൽ മാത്രം ഒതുങ്ങുന്നതായി യൂറോപ്പിന്റെ പെരുമാറ്റം. അവർ നിക്ഷേപം, രാഷ്ട്രീയം എന്നിവയിലെ അപകടങ്ങൾ തരണം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല. ട്രംപ് 2.0 എത്തുമ്പോൾ യൂറോപ്പിന്റെ പൂമുഖത്ത് ഒരു വലിയ യുദ്ധവും ഊർജ്ജ വില വരുത്തിവെച്ച ഒരു സാമ്പത്തിക ദുരന്തവുമുണ്ട്. അതേസമയം തന്നെ ചൈനയുടെ വാണിജ്യരീതികളും തടയേണ്ടിവരുന്നു.

ബീജിങ് യൂറോപ്പിനെ സംബന്ധിച്ച് ഒരു സുരക്ഷാഭീഷണി തന്നെയാണ്. കാരണം അത് യുക്രൈൻ യുദ്ധത്തിൽ റഷ്യയെ നേരിട്ട് പിന്തുണയ്ക്കുന്നു. മാത്രമല്ല യൂറോപ്പിന്റെ ദീർഘകാല സാമ്പത്തിക മത്സരത്തിൽ ചൈനയാണ് പ്രധാന എതിരാളി. നിലവിൽ ക്ലീൻ ടെക് വിതരണ ശൃംഖലകൾ ചൈനയാണ് നിയന്ത്രിക്കുന്നത്. ഡീകാർബണൈസേഷനും യൂറോപ്പിന്റെ നിർമ്മാണ വ്യവസായവും തമ്മിലുള്ള അന്തരവും ഇതിൽ പ്രകടമാണ്. ചൈന വിതരണശൃംഖലകളുടെ പൂർണമായുമുള്ള സംയോജനത്തിലൂടെ നിയന്ത്രണം കാണിക്കുന്നു. ഇതിലൂടെ യൂറോപ്പിൽ നിരവധി തൊഴിലുകൾ, നവീനത, പ്രതിരോധം തുടങ്ങിയവ പ്രകടിപ്പിക്കുന്ന മേഖലകൾ നിയന്ത്രിക്കുന്നു. ഇവയിൽ വാഹനങ്ങൾ, കാറ്റ്, ഗ്രിഡ് അടിസ്ഥാനസൗകര്യങ്ങൾ, റോബോട്ടിക്സ്, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. നിർമ്മാണ വൈഭവത്തിലെ മുൻനിരക്കാർ എന്ന പേര് യൂറോപ്പിന് നഷ്ടമാകുകയാണ്.

ബീജിങ് നൽകുന്ന സമ്മർദ്ദവും ട്രംപ് പുതുതായി ഏർപ്പെടുത്തിയ നികുതികളുംകൂടെ ആകുമ്പോൾ ക്ലീൻ ടെക് മേഖലയിൽ നിക്ഷപം കുറയും. ഇത് യൂറോപ്യൻ വ്യവസായമേഖലയെ ബാധിക്കും. യു.എസ് ഇപ്പോൾ യൂറോപ്പിനെ സംബന്ധിച്ച് വലിയ കയറ്റുമതി വിപണിയല്ല. പ്രത്യേകിച്ചും കാറ്റ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിൽ ഇത് വിപണിയെ ബാധിക്കും. യു.എസ് വിപണി ചുരുങ്ങുന്നത് മുൻപത്തെ യു.എസ് സർക്കാരുകൾ കൈയ്യയച്ച് നടത്തിയ ചെലവുകൾക്ക് നേരെ വിപരീതമാണ്. 

യൂറോപ്പിനും ഇന്ത്യയ്ക്കും ഒരു രാജ്യത്തെ മാത്രം ആശ്രയിച്ചുള്ള ഇടപാടുകളും ഏതെങ്കിലും ഒരു ഭൂവിഭാഗം മാത്രം കേന്ദ്രീകരിച്ചുള്ള വിപണനശൃംഖലകളും ആഗോളീകരണത്തിന്റെ ഭാഗമായുള്ള ഒരു ഉപോൽപ്പന്നമല്ല, മറിച്ച് സുരക്ഷയ്ക്കും സാമ്പത്തികത്തിനും അപകടകരമായ ഒന്നാണ്. ഉദാഹരണത്തിന് ചൈനീസ് കമ്പനികൾ ഏതാനും വർഷങ്ങൾക്കിടെ ഇന്ത്യയുടെ കാറ്റ് ഉൽപ്പന്നങ്ങളുടെ വിപണിയിൽ 40 ശതമാനം കൈയ്യടക്കി. ഇത് ആഗോളതലത്തിൽ തുടർന്നാൽ വെസ്റ്റാസ്, എനെർകോൺ, സീമൺസ് ഗമേസ തുടങ്ങിയ കമ്പനികൾ കഷ്ടത്തിലാകും.

യൂറോപ്പിനും ഇന്ത്യയ്ക്കും ഭാവി തീർച്ചയായും ക്ലീൻ എനർജി, സാങ്കേതികവിദ്യാ വികസനം, ഉയർന്ന സ്വാശ്രയത്വം എന്നിവയിലാണ്. ഇത് നേടാൻ ചൈനീസ് അധീശത്വത്തിൽ നിന്നും മാറി നിർമ്മാണത്തിനും ഗവേഷണത്തിനും വികസനത്തിനുമായി പുതിയ ക്ലീൻ സാങ്കേതികവിദ്യാ വിതരണശൃംഖലകൾക്കായി രണ്ടു കൂട്ടരും ശ്രമിക്കണം. കഴിഞ്ഞ ടി.ടി.സി സമ്മേളനത്തിലെ പ്രഖ്യാപനം ഇതിന്റെ ആദ്യ പടിയാണ്. അതേസമയം ഇലക്ട്രിക് ബാറ്ററി റീസൈക്കിളിങ്, സമുദ്രത്തിലെ മാലിന്യം, മാലിന്യത്തിൽ നിന്നും ഹൈഡ്രജൻ സാങ്കേതികവിദ്യ, കൂടാതെ 60 മില്യൺ യൂറോ നൽകാമെന്ന വാഗ്ദാനം ഇതെല്ലാം പ്രതീക്ഷകൾക്ക് ഉതകുന്നതല്ല.

ഇന്ത്യയും യൂറോപ്പും വളരെ തിടുക്കത്തിൽ നിക്ഷേപങ്ങൾക്ക് ശ്രമിക്കണം. ഉദാഹരണത്തിന് ബാറ്ററി നിർമ്മാണം, സോളാർ വിതരണശൃംഖല വിപുലീകരണം, വിദേശത്തുള്ള, കാറ്റ് ഉപയോഗിച്ചുള്ള വ്യവസായങ്ങൾ എന്നിവയിൽ. സോളാർ പാനൽ നിർമ്മാണത്തിൽ യൂറോപ്പ് ഇന്ത്യയുടെ വിപണിയായിരിക്കും, എതിരാളിയല്ല. എന്നാൽ കാറ്റ് കൊണ്ടുള്ള ഊർജ്ജം, ബാറ്ററി വ്യവസായം എന്നിവയിൽ ന്യായമായ മത്സരം രണ്ടുപേർക്കും യോജിച്ചതാണ്.

ഒരുമിച്ചുള്ള നവീന ആശയങ്ങളുടെ രൂപീകരണത്തിലും രണ്ടുപേർക്കും വിപണി തുറക്കുന്നതിലും ഈ മേഖലയിൽ നിലവിലുള്ള ചൈനയുടെ അധീശത്വം ചോദ്യം ചെയ്യുന്നതിൽ നിർണ്ണായകമാകും. ജിയോപൊളിറ്റിക്കൽ ഏറ്റുമുട്ടലുകൾ ശക്തമാകുന്ന സമയത്ത് ചൈനയ്ക്ക് ബദലായ മാർഗ്ഗങ്ങൾ അന്വേഷിക്കുന്നവർക്ക് ഇത് മുതൽക്കൂട്ടാകും.

ക്ലീൻ എനർജി മേഖലയിൽ 2024-ൽ ഇന്ത്യയുടെ സാധ്യത വിപുലമായിട്ടുണ്ട്. സോളാർ ഇൻസ്റ്റലേഷനുകൾ ഇന്ത്യ ഒരു വർഷംകൊണ്ട് ഇരട്ടിയാക്കി. മാത്രമല്ല  കാറ്റ് കൊണ്ടുള്ള ഊർജ്ജത്തിൽ 20 ശതമാനം വർധനയും കൈവരിച്ചു. എന്നാലും വളർച്ചയ്ക്ക് ഇനിയും സാധ്യത ബാക്കിയാണ്. സോളാർ ഊർജ്ജം എടുത്താൽ യൂറോപ്പ് രണ്ട് മടങ്ങ് വളർച്ച നേടി, കാറ്റ് കൊണ്ടുള്ള ഊർജ്ജത്തിൽ അഞ്ച് മടങ്ങാണ് 2024-ൽ യൂറോപ്പ് വളർന്നത്. കാർബൺ ആശ്രയത്വം കുറച്ചുകൊണ്ട് ഒരു ക്ലീൻ എനർജി സൂപ്പർ പവർ ആകാനാണ് ഇന്ത്യ ശ്രമിക്കുന്നത്. വിശ്വസ്തരായ പങ്കാളികൾ ഇക്കാര്യത്തിൽ ഉള്ളത് സഹായകരമാകും. ഇതിൽ വിദേശത്ത് നിന്നുള്ള നിക്ഷേപം, സാങ്കേതികവിദ്യ, ഗവേഷണം, പുതിയ കണ്ടുപിടിത്തങ്ങൾ എന്നിവയിൽ യൂറോപ്പിന് ഒരുപാട് നൽകാനാകും.

ഡൽഹിയും ബ്രസൽസ്സും തമ്മിലുള്ള സഹകരണം വിതരണശൃംഖലകളുടെ വൈവിധ്യം, മത്സരാധിഷ്ഠിതമായ വിപണി, കൂടുതൽ സ്വതന്ത്രമായ സഹകരണം എന്നിവയിൽ സഹായകമാകും. പക്ഷേ ഇത് വിജയിക്കാൻ അംഗരാജ്യങ്ങൾ നിലവിലെ ജിയോപൊളിറ്റിക്കൽ സാഹചര്യം മനസ്സിലാക്കി റിസ്കുകൾ ഒഴിവാക്കി, വൈവിധ്യത്തിൽ ശ്രദ്ധിച്ച്, കാർബൺ ആശ്രയത്വം കുറച്ചുള്ള ഒരു വഴി തെരഞ്ഞെടുക്കണം. ഇത് ഇപ്പോൾ തത്വത്തിൽ മാത്രമല്ല, യാഥാർത്ഥ്യമാക്കാനും കഴിയും.

ഈ ലേഖനം കാർണെഗി ഇന്ത്യയുടെ ഒൻപതാമത് ഗ്ലോബൽ ടെക്നോളജി സമ്മിറ്റിന്റെ ഭാഗമായി  “സംഭാവന” എന്ന പ്രമേയത്തിലുള്ള ലേഖനങ്ങളുടെ ഭാഗമായി സൃഷ്ടിച്ചതാണ്. ഏപ്രിൽ 10-12 തീയതികളിൽ നടക്കുന്ന സമ്മിറ്റിന്റെ പൊതു സെഷനുകൾ ഏപ്രിൽ 11-12 തീയതികളിലാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലാണ് സമ്മിറ്റ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സന്ദർശിക്കാം https://bit.ly/JoinGTS2025AN

By admin