എംവിഡി കടുപ്പിച്ചു; വാഹനത്തിന്‍റെ ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റി തൃശൂർ കോർപറേഷൻ ആരോഗ്യ വിഭാഗം
തൃശൂര്‍: തൃശൂർ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്‍റെ വാഹനത്തിന്‍റെ ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റി. മോട്ടോർ വാഹന വകുപ്പ് എൻഫോസ്മെന്‍റ് വിഭാഗത്തിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി. കോർപ്പറേഷന്‍റെ ആരോഗ്യവിഭാഗം ജീവനക്കാർ ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഇത് നിയമലംഘനമാണെന്ന് ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടും ലൈറ്റ് ഊരിയില്ല. കോർപ്പറേഷൻ കൗൺസിലർ ജോൺ ഡാനിയൽ പരാതി നൽകിയതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിൽ എൻഫോഴ്സ്മെന്‍റ് വിഭാഗം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നാലെ ആരോഗ്യ വിഭാഗം ജീവനക്കാർ ബീക്കൺ ലൈറ്റ് ഊരി മാറ്റി തടിയൂരുകയായിരുന്നു.