ഈ ജനപ്രിയ കാറിന്‍റെ ഇന്ത്യയിലെ വിൽപ്പന അവസാനിപ്പിച്ചു! ലിസ്റ്റിൽ നിന്നും നീക്കി, കാരണം ഇതോ?
2017 ൽ ആണ് ഇന്ത്യയിൽ ബ്രാൻഡിന്റെ മുൻനിര മോഡലായി ഫോക്‌സ്‌വാഗൺ ടിഗ്വാൻ എസ്‌യുവി അവതരിപ്പിച്ചത്. തുടക്കത്തിൽ കംഫർട്ട്‌ലൈൻ, ഹൈലൈൻ എന്നീ രണ്ട് വേരിയന്റുകളിലാണ് ഇത് ലഭ്യമാക്കിയത്. വിപണിയിൽ എത്തിയതിനുശേഷം 2023 ൽ ഒരു പ്രധാന അപ്‌ഡേറ്റ് ഉൾപ്പെടെ ഈ എസ്‌യുവി നിരവധി അപ്‌ഡേറ്റുകൾക്ക് വിധേയമായിട്ടുണ്ട്. ഇപ്പോൾ, ജർമ്മൻ വാഹന നിർമ്മാതാക്കൾ ടിഗ്വാനെ ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് ഡീലിസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. 38.17 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഒറ്റ, പൂർണ്ണമായി ലോഡുചെയ്‌ത എലഗൻസ് വേരിയന്റിലാണ് ഇത് അവസാനമായി ലഭ്യമായിരുന്നത്. പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈൻ പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ മോഡലിന്‍റെ വിൽപ്പന അവസാനിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് ടിഗ്വാനിൽ ഉപയോഗിച്ചിരുന്നത്. ഈ എഞ്ചിൻ പരമാവധി 187 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 7-സ്പീഡ് ഡിഎസ്‍ജി ഗിയർബോക്സുമായി ഈ മോട്ടോർ ജോടിയാക്കിയിരിക്കുന്നു. ഫോക്സ്‍വാഗന്റെ 4MOTION ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 7.7 മുതൽ 8.2 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും.
അതേസമയം വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ ലൈനിൽ കൂടുതൽ ശക്തമായ 204bhp/320Nm, 2.0L, 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ലഭ്യമാണ്. ടിഗുവാൻ ആർ ലൈൻ 7.1 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും മണിക്കൂറിൽ 229 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
പുതിയ ടിഗുവാൻ ആർ ലൈൻ ആറ് സിംഗിൾ-ടോൺ നിറങ്ങളിൽ ലഭ്യമാകുമെന്ന് കാർ നിർമ്മാതാവ് സ്ഥിരീകരിച്ചു. പെർസിമോൺ റെഡ് മെറ്റാലിക്, നൈറ്റ്ഷെയ്ഡ് ബ്ലൂ മെറ്റാലിക്, ഗ്രനേഡില്ല ബ്ലാക്ക് മെറ്റാലിക്, ഒറിക്സ് വൈറ്റ് മദർ ഓഫ് പേൾ ഇഫക്റ്റ്, സിപ്രെസിനോ ഗ്രീൻ മെറ്റാലിക്, ഓയിസ്റ്റർ സിൽവർ മെറ്റാലിക് എന്നിവയാണ് ഈ നിറങ്ങൾ. പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള ഈ പതിപ്പ് 12.9 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫോക്‍വാഗന്‍റെ ഏറ്റവും പുതിയ MIB4 OS ഫോർ ഇൻഫോ യൂണിറ്റ്, 10.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, സ്പോർട്സ് സീറ്റുകൾ, സ്റ്റിയറിംഗ്-മൗണ്ടഡ് നിയന്ത്രണങ്ങൾ, എഡിഎഎസ് സ്യൂട്ട് തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമായിരിക്കും.
നിലവിൽ നിർത്തലാക്കിയിരിക്കുന്ന സാധാരണ ടിഗ്വാനുമായി താരതമ്യപ്പെടുത്തുമ്പോൾ, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈൻ ഗണ്യമായി വില കൂടിയതായിരിക്കും, കാരണം ഇത് കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) ആയി ഇറക്കുമതി ചെയ്യും. ഇതിന് ഏകദേശം 50 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുമെന്ന് കണക്കാക്കപ്പെടുന്നു.