ആരോഗ്യ മേഖലയിൽ വീണ്ടും കേരളത്തിന്‍റെ മുന്നേറ്റം; 2 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് മക്കട ജനകീയ ആരോഗ്യ കേന്ദ്രം 90.35 ശതമാനം സ്‌കോറോടെ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരവും, കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 93.66 ശതമാനം സ്‌കോറോടെ മുസ്‌കാൻ അംഗീകാരവും നേടി. ഇതോടെ സംസ്ഥാനത്തെ ആകെ 217 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരവും, 4 ആശുപത്രികൾക്ക് മുസ്‌കാൻ അംഗീകാരം ലഭിച്ചു.
സംസ്ഥാനത്ത് 5 ജില്ലാ ആശുപത്രികൾ, 5 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 43 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ, 148 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 5 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.
മികച്ച ശിശു സംരക്ഷണ കേന്ദ്രങ്ങൾക്കാണ് ദേശീയ മുസ്‌കാൻ പുരസ്‌കാരം നൽകുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്., വയനാട് മാനന്തവാടി മെഡിക്കൽ കോളേജ്, മഞ്ചേരി മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളാണ് മുമ്പ് മുസ്‌കാൻ സർട്ടിഫിക്കേഷൻ നേടിയിട്ടുള്ളത്. പ്രസവം നടക്കുന്ന ആശുപത്രികളിൽ ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് 12 ആശുപത്രികൾക്ക് ദേശീയ ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാൻ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉൾപ്പെടെ കുട്ടികളുടെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകൾ, പ്രസവാനന്തര വാർഡുകൾ, പീഡിയാട്രിക് ഒപിഡികൾ, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. എൻ.ക്യു.എ.എസ്., മുസ്‌കാൻ അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.