അര്‍ജന്‍റീനയോടേറ്റ നാണംകെട്ട തോല്‍വി, പരിശീലകനെ പുറത്താക്കി ബ്രസീല്‍; പകരക്കാരനായി എത്തുമോ സൂപ്പർ പരിശീലകൻ?
സാവോപോളോ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്‍റീനയോട് കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ പരിശീലകന്‍ ഡോറിവല്‍ ജൂനിയറിനെ പുറത്താക്കി ബ്രസീല്‍. ഇടക്കാല പരിശീലകനായിരുന്ന ഫെർണാണ്ടോ ഡിനിസിന് പകരക്കാരനായി കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഡോറിവൽ ജൂനിയര്‍ ബ്രസീലിന്‍റെ പരിശീലകനായി ചുമതലയേറ്റത്. വെംബ്ലിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു തുടങ്ങിയെങ്കിലും അഞ്ച് തവണ ലോക ചാമ്പ്യൻമാരായിട്ടുള്ള ബ്രസീലിന് വിജയത്തുടര്‍ച്ച നൽകാന്‍ ഡോറിവലിന് കഴിഞ്ഞിരുന്നില്ല. കോപ അമേരിക്കയില്‍ ഉറുഗ്വേയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ പരാഗ്വേയോട് തോല്‍ക്കുകയും വെനസ്വേലയോട് സമനില വഴങ്ങുകയും ചെയ്തതിന് പിന്നാലെ പരമ്പരാഗത വൈരികളായ അര്‍ജന്‍റീനയോട് കൂടി നാണംകെട്ട തോല്‍വി വഴങ്ങിയതോടെ ഡോറിവലിന്‍റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഒന്നിനെതിരെ നാലു ഗോളിനാണ് നിലിവലെ ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ബ്രസീലിനെ തകര്‍ത്തത്. ഇതോടെ അര്‍ജന്‍റീന അടുത്ത വര്‍ഷത്തെ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയപ്പോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ നിലവില്‍ നാലാം സ്ഥാനത്തുള്ള ബ്രസീലിന് ഇനിയും യോഗ്യത ഉറപ്പാക്കാനായിട്ടില്ല. ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ നിലവില്‍ ഇക്വഡോറിനും ഉറുഗ്വേക്കും പിന്നിലാണ് ബ്രസീല്‍. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ജൂണ്‍ നാലിന് ഇക്വഡോറിനെതിരെ എവേ മത്സരത്തിലും ഒമ്പതിന് പരാഗ്വേക്കെതിരെ ഹോം മത്സരത്തിലും ബ്രസീല്‍ കളിക്കാനിറങ്ങുന്നുണ്ട്.
ഈ രണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് ബ്രസീല്‍ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നേരത്തെ റയല്‍ മാഡ്രിഡ് പരിശീലകനായ കാര്‍ലോസ് ആഞ്ചലോട്ടിയെ ബ്രസീല്‍ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഡൊറിവലിന്‍റെ പകരക്കാരനായി വീണ്ടും ആഞ്ചലോട്ടിയെ പരിഗണിക്കുമെന്ന് തന്നെയാണ് ബ്രസീൽ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഞ്ചലോട്ടിക്ക് പുറമെ പോര്‍ച്ചുഗീസ് പരിശീലകനായ ജോര്‍ജെ ജീസസിനെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
സൗദി പ്രോ ലീഗില്‍ നിലവില്‍ അല്‍ ഹിലാലിന്‍റെ പരിശീലകനാണ് ജോര്‍ജെ ജീസസ്. അതിനിടെ ബ്രസീലിയന്‍ ക്ലബ്ബായ പാല്‍മൈറാസിന്‍റെ പരിശീലകനായ ആബേല്‍ ഫെറേരയുടെ പേരും പരിശീലക സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. റയല്‍ മാഡ്രിഡുമായി 2026വരെ കരാറുള്ളതിനാല്‍ ആഞ്ചലോട്ടി പരിശീലകനായി ചുമതലയേറ്റെടുക്കാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് സൂചനകളും കഴിഞ്ഞ ദിവസം വന്നിരുന്നു.