അമ്മ ഉപേക്ഷിച്ചു പോയ ബാലികയോട് നിരന്തരം ക്രൂരത; പ്രതിക്ക് 43 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

കോഴിക്കോട്: പത്ത് വയസ്സുകാരിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിലെ പ്രതിക്ക് 43 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി. വാണിമേല്‍ പരപ്പുപാറ സ്വദേശി ദയരോത്ത്കണ്ടി ഷൈജു (42) വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി ശിക്ഷിച്ചത്.

അമ്മ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് അച്ഛനോടും രണ്ടാനമ്മയോടുമൊപ്പമാണ് അതിജീവിത കഴിഞ്ഞിരുന്നത്. പരപ്പുപാറയിലും പാതിരിപ്പറ്റയിലും ഇവര്‍ വാടക വീട്ടില്‍ കഴിഞ്ഞുവരവെ പരപ്പുപാറയിലെ വീട്ടില്‍ വച്ചാണ് ഷൈജു കുട്ടിയെ ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് കുട്ടിയെ ബാലികസദനത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വളയം പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വളയം പോലീസ് ഇന്‍സ്‌പെക്ടര്‍ ജെആര്‍ രഞ്ജിത് കുമാര്‍, എസ്‌ഐ ഇവി ഫായിസ് അലി, എഎസ്‌ഐ കുഞ്ഞുമോള്‍ എന്നിവരാണ് കേസന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

തൃശൂരിൽ 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും ശിക്ഷ

അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. കൊടകര വില്ലേജ് കനകമല ദേശത്ത് പെരിങ്ങാടൻ വീട്ടിൽ ഹരിപ്രസാദിനെ (25 ) യാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി 52 വർഷത്തെ കഠിന തടവിനും 195000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 12 വയസ്സുകാരിയായ പെൺകുട്ടിയെ മുരിയാട് ക്ഷേത്ര പരിസരത്ത് നിന്നും തട്ടി കൊണ്ടുപോയി മുരിയാട് അണ്ടി കമ്പനി പരിസരത്തുള്ള പാടത്തെ ബണ്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിനാണ് പ്രതിയെ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി എ സിറാജുദ്ദീൻ ശിക്ഷിച്ചത്. ആളൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന കെ സി രതീഷ് ആണ് അന്വേഷണം നടത്തി ചാർജ്ജ് ഹാജരാക്കിയത്. സബ്ബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ വി പി, എ എസ് ഐ മാരായ പ്രസാദ് കെ കെ, ധനലക്ഷ്മി എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് സ്പെഷ്യൽ പോക്സോ കോടതി ചാലക്കുടിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ചാലക്കുടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ആളൂർ പൊലീസ് സ്റ്റേഷൻ സി പി ഒമാരായ സവീഷ്, ഡാനിയേൽ സാനി, ബിലഹരി കെ എസ്, സ്പെഷ്യൽ പോക്സോ കോർട്ട് ലൈസൺ ഓഫീസർ ചിത്തിര വി ആർ എന്നിവർ ഏകോപിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin