2025-ൽ പുറത്തിറങ്ങുന്ന പുതിയ എസ്‌യുവികൾ
2025 വർഷം ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിന് പല തരത്തിൽ ഒരു വലിയ വർഷമായിരിക്കും. ഇവികളും ഹൈബ്രിഡുകളും ഉൾപ്പെടെ പരിസ്ഥിതി സൗഹൃദ പരിഹാരങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം, ഗവൺമെന്റിന്റെ നയങ്ങളുടെ വികാസം, നൂതന സാങ്കേതികവിദ്യകളുടെ വരവ് തുടങ്ങി വാഹനമേഖല അടിമുടി മാറിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാണ കമ്പനികളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ, മഹീന്ദ്ര എന്നിവ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില എസ്‌യുവികൾ പുറത്തിറക്കാൻ തയ്യാറായി. അവയെ പരിചയപ്പെടാം.
ടാറ്റ ഹാരിയർ ഇവി
2025-ൽ ടാറ്റ ഹാരിയർ ഇവി തദ്ദേശീയ വാഹന നിർമ്മാതാക്കളിൽ നിന്ന് വരുന്ന ഏറ്റവും വലിയ എസ്‌യുവികളിൽ ഒന്നായിരിക്കും. ആക്ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം ബാറ്ററി പായ്ക്കുകളുമായി ഈ ഇലക്ട്രിക് എസ്‌യുവി വരാൻ സാധ്യതയുണ്ട്. ഹാരിയർ ഇവി പരമാവധി 500Nm ടോർക്ക് വാഗ്ദാനം ചെയ്യുമെന്ന് ടാറ്റ സ്ഥിരീകരിച്ചു. ഇതിന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കും. ചില ഇവി നിർദ്ദിഷ്‍ട മാറ്റങ്ങൾ അതിന്റെ ഐസിഇ എതിരാളിയിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടും. കൂടാതെ, ഇന്റീരിയറിൽ അതിന്റെ വൈദ്യുത സ്വഭാവം എടുത്തുകാണിക്കുന്ന ചില ഘടകങ്ങൾ ഉണ്ടായിരിക്കും.
പുതുതലമുറ ഹ്യുണ്ടായി വെന്യു
2025 അവസാനത്തോടെ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ പുതുതലമുറ വെന്യു അവതരിപ്പിക്കും. എസ്‌യുവിയുടെ പുതിയ മോഡൽ വളരെയധികം പരിഷ്‍കരിച്ച ഫ്രണ്ട് ഫാസിയയും അൽപ്പം കൂടുതൽ ഉയർന്ന നിലവാരമുള്ള ഇന്റീരിയറും ഉൾക്കൊള്ളുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. 2025 ഹ്യുണ്ടായി വെന്യുവിൽ പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, ടെയിൽലാമ്പുകൾ, ഫ്രണ്ട് ഗ്രിൽ, പുതിയ അലോയ് വീലുകൾ എന്നിവ ഉൾപ്പെട്ടേക്കാം. ഉള്ളിൽ, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ എന്നിവ ലഭിച്ചേക്കാം. നിലവിലുള്ള എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകൾക്കൊപ്പം പുതിയ വെന്യു വാഗ്‍ദാനം ചെയ്യാൻ സാധ്യതയുണ്ട്.
മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ്
2025-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവികളിൽ ഒന്നാണ് മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ്. മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ചെടുത്ത സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിനിന്റെ അരങ്ങേറ്റമായിരിക്കും ഈ മോഡൽ. ടൊയോട്ടയുടെ ആറ്റ്കിൻസൺ സ്ട്രോങ് ഹൈബ്രിഡ് സൈക്കിളിനേക്കാൾ വളരെ താങ്ങാനാവുന്ന ഒരു സീരീസ് സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. പുതിയ സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ജോടിയാക്കിയ Z-സീരീസ് പെട്രോൾ എഞ്ചിനുമായി (സ്വിഫ്റ്റിൽ നിന്ന് കടമെടുത്തത്) ഫ്രോങ്ക്സ് ഹൈബ്രിഡ് വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് 35 കിലോമീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
മഹീന്ദ്ര XEV 7e
2025 അവസാനത്തോടെ മഹീന്ദ്ര & മഹീന്ദ്ര ഇലക്ട്രിക് XUV700 നെ ‘ മഹീന്ദ്ര XEV 7e ‘ എന്ന പേരിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ ഇലക്ട്രിക് എസ്‌യുവി XEV 9e യുമായി നിരവധി ഡിസൈൻ ഘടകങ്ങൾ, ഇന്റീരിയർ, സവിശേഷതകൾ, പവർട്രെയിനുകൾ എന്നിവ പങ്കിടും. അതായത്, XEV 7e രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യാം – 59kWh, 79kWh – യഥാക്രമം 542km ഉം 656km ഉം റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഉയർന്ന ട്രിമ്മുകൾക്ക് ഒരു ഓപ്ഷനായി എഡബ്ല്യുഡി ലഭിച്ചേക്കാം. അകത്ത്, ഇവിയിൽ മൂന്ന് സ്‌ക്രീനുകൾ സജ്ജീകരിക്കുന്നതിനൊപ്പം വിഷൻ എക്സ് എച്ച്‍യുഡി, 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ലെവൽ 2 ADAS എന്നിവയും തുടങ്ങിയവയും ഉൾപ്പെട്ടേക്കാം.