‘ശുചിമുറിയിലെ മലിന ജലം ശുദ്ധീകരിച്ച് വിറ്റ് നാ​ഗ്പൂർ 300 കോടി സമ്പാദിക്കുന്നു’; ആശയവുമായി നിതിൻ ​ഗഡ്കരി

ദില്ലി: ശുചിമുറിയിലെ മലിന ജലം വിറ്റ് നാ​ഗ്പൂർ 300 കോടി രൂപ സമ്പാദിക്കുണ്ടെന്ന് എംപിയും കേന്ദ്രമന്ത്രിയുമായ നിതിൻ ​ഗഡ്കരി. നാ​ഗ്പൂരിൽ ടോയ്‌ലറ്റ് വെള്ളം ശുദ്ധീകരിച്ച് വിൽക്കുകയും പ്രതിവർഷം 300 കോടി സമ്പാദിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന​ഗരസഭയുടെ പരിധിയിൽ നിരവധി സ്ഥലങ്ങളിൽ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചു. എല്ലാ നഗരങ്ങളിലും, മലിന ജലം പുനരുപയോഗിച്ച് വ്യവസായങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, ഖരമാലിന്യ സംസ്കരണവും ദ്രാവക മാലിന്യ സംസ്കരണവും മികച്ചതാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

യുപിയിലെ മഥുരയിലാണ് ഇത്തരമൊരു പദ്ധതി ആദ്യമായി നടപ്പാക്കിയത്. അവിടെ ചെളി വൃത്തിയാക്കി ശുദ്ധീകരിച്ച വെള്ളം ഇന്ത്യൻ ഓയിലിന്റെ മഥുര റിഫൈനറിക്ക് 20 കോടി രൂപക്ക് വിറ്റുവെന്നും അദ്ദേഹം പറഞ്ഞു. 40-60 പങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയതെന്നും 40% സർക്കാരും ബാക്കി 60% നിക്ഷേപകരും ചേർന്നാണ് മുടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

“മഥുരയിൽ 90 എംഎൽഡി ചെളി ഉണ്ടായിരുന്നു. ഞാൻ ജലവിതരണ മന്ത്രിയായിരുന്നപ്പോൾസർക്കാരിൽ നിന്ന് 40% ഉം നിക്ഷേപകരിൽ നിന്ന് 60% ഉം ചെലവഴിച്ച് ഒരു പദ്ധതി നടപ്പാക്കി. ചെളിയിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം ഞങ്ങൾ മഥുരയിലെ ഇന്ത്യൻ ഓയിൽ റിഫൈനറിക്ക് വിറ്റു. പ്രതിവർഷം 25 കോടി രൂപക്കാണ് വെള്ളം വിൽക്കുന്നത്.  

ഹൈഡ്രജൻ ഭാവിയിലെ ഇന്ധനമാകാൻ പോകുന്നു. മാലിന്യങ്ങൾ വേർതിരിക്കുന്നതിലൂടെ ഗ്ലാസ്, ലോഹം, പ്ലാസ്റ്റിക് എന്നിവ പുനരുപയോഗിക്കാം. ജൈവ മാലിന്യങ്ങൾ ബയോഡൈജസ്റ്ററിൽ ഇടുകയും മീഥേൻ അതിൽ നിന്ന് പുറത്തുവരുകയും ചെയ്യും. മീഥേനിൽ നിന്ന് കാർബൺ ഡൈഓക്സൈഡ് വേർതിരിക്കപ്പെടുകയും അതിൽ നിന്ന് ഹൈഡ്രജൻ വേർതിരിക്കുകയും ചെയ്യാം. ഞാനും ഒരു ഹൈഡ്രജൻ കാറിലാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

By admin