യുപിയിൽ സർക്കാർ പുനരധിവാസ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധ; ഭിന്നശേഷിക്കാരായ 4 കുട്ടികൾ മരിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഒരു സർക്കാർ പുനരധിവാസ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഭിന്നശേഷിക്കാരായ നാല് കുട്ടികൾ മരിച്ചു. 16 പേർ ഇതേത്തുടർന്ന് ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. ഭക്ഷ്യവിഷബാധ ബാധിച്ച 20 ൽ അധികം ഭിന്നശേഷിക്കാരായ കുട്ടികളെ ലോക് ബന്ധു രാജ് നാരായൺ കമ്പൈൻഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 12 നും 17 നും ഇടയിൽ പ്രായമുള്ള രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് വിശാഖ് ജി പിടിഐയോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുട്ടികളെല്ലാം മാനസിക വെല്ലുവിളി നേരിടുന്നവരായിരുന്നു എന്നും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അവർക്ക് കടുത്ത നിർജ്ജലീകരണമുണ്ടായിരുന്നുവെന്നും ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. രാജീവ് കുമാർ ദീക്ഷിത് പറഞ്ഞു.
നിലവിൽ ബാക്കിയുള്ള 16 കുട്ടികളുടെ നില മെച്ചപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാക്കിയുള്ള കുട്ടികളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനായി ഒരു മെഡിക്കൽ സംഘത്തെ ഷെൽട്ടർ ഹോമിലേക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയിലേക്ക് നയിച്ച കാരണം കണ്ടെത്താനായി ഒരു മെഡിക്കൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ ബ്രജേഷ് പഥക് ഇന്നലെ ലോക് ബന്ധു ആശുപത്രി സന്ദർശിച്ച് കുട്ടികളെ സന്ദർശിച്ചു.
കത്വ ഏറ്റുമുട്ടല്‍; മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു, ഒരു ഭീകരനെ കൂടി വധിച്ചു