ഭൂമി വാങ്ങാൻ വായ്പ, അപേക്ഷകന് എത്ര രൂപ വരെ ലഭിക്കും? അറിയേണ്ടതെല്ലാം

ന്നത്തെ കാലത്ത് ആകര്‍ഷകമായ ഒരു നിക്ഷേപമാണ് ഭൂമി വാങ്ങുക എന്നത്..  പിന്നീട് മറിച്ചുവില്‍ക്കുന്നതിനോ, വീട് വയ്ക്കുന്നതിനോ, വീട് വച്ച ശേഷം വില്‍ക്കുന്നതിനോയെല്ലാം ഭൂമി വാങ്ങാറുണ്ട്. കുതിച്ചുയരുന്ന ഭൂമി വില , പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ഒരു തിരിച്ചടിയാണ്. എന്നാല്‍ ഭൂമി വാങ്ങുന്നതിന് പ്രത്യേകമായി ബാങ്കുകള്‍  വായ്പകള്‍ നല്‍കുന്നുണ്ട്. ഭൂമി വാങ്ങല്‍ വായ്പയ്ക്ക് ഭവന വായ്പകളുമായി സാമ്യങ്ങളുണ്ട്, പക്ഷേ അതിന്‍റേതായ വ്യവസ്ഥകളുമുണ്ട്. ഭൂമി വാങ്ങല്‍ വായ്പകള്‍, പലിശ നിരക്കുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, മറ്റ് പ്രധാന വിവരങ്ങള്‍ എന്നിവ പരിശോധിക്കാം.

ഭൂമി വാങ്ങല്‍ വായ്പ എന്താണ്?

ഭവന വായ്പകള്‍ പോലെ ഒരു ഭൂമി അല്ലെങ്കില്‍ പ്ലോട്ട് വാങ്ങാനും വായ്പ ലഭിക്കും. ഭാവിയില്‍ ഒരു വീട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാവുന്ന ഭൂമി അല്ലെങ്കില്‍ ഒരു പ്ലോട്ട് വാങ്ങുന്നതിനായി ബാങ്കുകളും എന്‍ബിഎഫ്സികളും  പ്രത്യേകമായി വായ്പ വാഗ്ദാനം ചെയ്യുന്നു. ഭവന വായ്പകളുമായി അവയ്ക്ക് വളരെയധികം സാമ്യമുണ്ടെങ്കിലും, ചില വ്യത്യാസങ്ങളുണ്ട്.

ഭൂമി വാങ്ങല്‍ വായ്പകളുടെ പലിശ നിരക്കുകള്‍ ഭവന വായ്പകളേക്കാള്‍ അല്പം കൂടുതലായിരിക്കും, കാലാവധി കുറവായിരിക്കും. അതുകൊണ്ടുതന്നെ അത്തരം വായ്പകളുടെ ഇഎംഐകള്‍ സാധാരണയായി കൂടുതലായിരിക്കും. പലിശനിരക്ക് 8.6%- 17% വരെയാകാം. അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള വായ്പ മുതല്‍് 20 വര്‍ഷം വരെ കാലാവധിയുള്ള വായ്പകള്‍ ലഭ്യമാണ്.

എത്ര തുക വായ്പയായി ലഭിക്കും?

വായ്പാദാതാവിന്‍റെ നയം അനുസരിച്ച് വായ്പ തുക വ്യത്യാസപ്പെടുന്നു. എന്നാല്‍ ബാങ്കുകളും എന്‍ബിഎഫ്സികളും സാധാരണയായി സ്വത്തിന്‍റെ മൂല്യത്തിന്‍റെ 60%-80% വരെ മാത്രമേ ധനസഹായം നല്‍കൂ. അതിനാല്‍, സ്വന്തം കയ്യില്‍ നിന്ന് ഭൂമിയുടെ മൂല്യത്തിന്‍റെ 20%-40% വരെ ചെലവാക്കേണ്ടിവരും. ഭൂമിയുടെ സ്ഥാനം, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോര്‍,  തിരിച്ചടവ് ശേഷി എന്നിവയെ ആശ്രയിച്ച് വായ്പ തുക 25 ലക്ഷം മുതല്‍ ആരംഭിച്ച് 15 കോടി വരെയാകാം.

വായ്പ അനുവദിക്കുന്നതിന് മുമ്പ് ബാങ്ക് വായ്പക്കാരന്‍റെ പ്രായം, വരുമാനം, കുടുംബത്തിലെ ആശ്രിതരുടെ എണ്ണം, ആസ്തികളുടെ മൂല്യം, ബാധ്യതകള്‍, വിദ്യാഭ്യാസ പശ്ചാത്തലം എന്നിവയുള്‍പ്പെടെയുള്ള മറ്റ് വിവിധ ഘടകങ്ങള്‍ വിലയിരുത്തും. 

യോഗ്യതാ മാനദണ്ഡങ്ങള്‍ എന്തൊക്കെ?

ഭൂമി വാങ്ങല്‍ വായ്പയ്ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഭവന വായ്പയ്ക്ക് സമാനമാണ്. കടം വാങ്ങുന്നയാള്‍ 21 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും സ്ഥിരമായ വരുമാനമുള്ളവരുമായിരിക്കണം. ചില പൊതുവായ യോഗ്യതാ വ്യവസ്ഥകളും ആവശ്യമായ രേഖകളും ഇതാ.

അപേക്ഷകന്‍ ശമ്പളക്കാരനോ സ്വയം തൊഴില്‍ ചെയ്യുന്നവനോ ആയിരിക്കണം
ശമ്പളമുള്ള വ്യക്തികള്‍ക്ക് പ്രതിമാസം 10,000 രൂപ കുറഞ്ഞത് വരുമാനം ഉണ്ടായിരിക്കണം.
സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത്  2 ലക്ഷം രൂപ ബിസിനസ്സ് വരുമാനം ഉണ്ടാകണം.
അപേക്ഷകന് മികച്ച ക്രെഡിറ്റ് സ്കോര്‍ ഉണ്ടായിരിക്കണം.

ആവശ്യമായ രേഖകള്‍

തിരിച്ചറിയല്‍ രേഖകള്‍ (ആധാര്‍/പാസ്പോര്‍ട്ട്/വോട്ടര്‍ ഐഡി കാര്‍ഡ്/ഡ്രൈവിംഗ് ലൈസന്‍സ്/പാന്‍ കാര്‍ഡ്)
വിലാസ തെളിവ് (റേഷന്‍ കാര്‍ഡ്/വൈദ്യുതി ബില്‍/ലീസ് കരാര്‍/പാസ്പോര്‍ട്ട്/ട്രേഡ് ലൈസന്‍സ്/സെയില്‍സ് ടാക്സ് സര്‍ട്ടിഫിക്കറ്റ്)
ബാങ്ക് സ്റ്റേറ്റ്മെന്‍റ് (ഏറ്റവും പുതിയ ആറ് മാസത്തെ കാലാവധി)
ഭൂമി നികുതി രസീത്
ടൈറ്റില്‍ ഡീഡ്
ബാങ്കിന്‍റെ ‘പാനല്‍ അഡ്വക്കേറ്റില്‍’ നിന്നുള്ള നിയമപരമായ സൂക്ഷ്മപരിശോധന റിപ്പോര്‍ട്ട്

By admin