ബാറിൽ അടിച്ച് ഫിറ്റായി മുൻ സർക്കാർ ജീവനക്കാരൻ, ആഭരണങ്ങൾ നോട്ടമിട്ട് മോഷ്ടാക്കൾ, ലിഫ്റ്റ് നൽകി മോഷണം, അറസ്റ്റ്

തിരുവനന്തപുരം: ബാറിൽ നിന്നും മദ്യപിച്ച് അവശനായ ഗൃഹനാഥനെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പണവും സ്വർണവും മൊബൈലും തട്ടിയെടുത്ത കേസിലെ പ്രതികളെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം സ്വദേശികളായ ചന്ദ്രബാബു(66), ഫവാസ് (36) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 25 നായിരുന്നു സംഭവം. 

ആറ്റിങ്ങലിന് സമീപമുള്ള ബാറിൽ നിന്നും മദ്യപിച്ചിരുന്ന റിട്ട. സർക്കാർ ജീവനക്കാരനായ അവനവഞ്ചേരി സ്വദേശിയെ പ്രതികൾ നോട്ടമിടുകയും നടക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വീട്ടിൽ കൊണ്ടാക്കാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയാണ് കവർച്ച നടത്തിയത്. ചിറയിൻകീഴ് ഭാഗത്തെത്തിയ ബൈക്ക് ആളൊഴിഞ്ഞ പുരയിടത്തിൽ നിർത്തിയ ശേഷം ഇയാളുടെ  കൈവിരലുകൾ ഒടിച്ച് കയ്യിലുണ്ടായിരുന്ന ചെയിൻ, മോതിരം, മൊബൈൽ ഫോൺ, 4000 രൂപ എന്നിവ തട്ടിയെടുത്തതായണ് പരാതി. തുടർന്ന് കൈകൾ കെട്ടിയിട്ട ശേഷം അക്രമികൾ കടന്നു കളയുകയായിരുന്നു. 

ഇതേസമയം അതുവഴിയെത്തിയ പഞ്ചായത്ത് അംഗമാണ് പരിക്കേറ്റ രാജനെ രക്ഷപ്പെടുത്തിയത്. ബാറിലും പരിസര പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് രാജനെ തട്ടിക്കൊണ്ടുപോയ ബൈക്കിന്‍റെ നമ്പർ കണ്ടെത്തിയ പൊലീസ് പ്രതികളെ തിരിച്ചറിയുകയായിരുന്നു. പിന്നീട് ഇവർ ബീമാപ്പള്ളിക്ക് സമീപമുണ്ടെന്ന് വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവർ നിരവധി കേസുകളിലെ പ്രതികളാണെന്നും പൊലീസ് വിശദമാക്കിയത്.  ആറ്റിങ്ങൽ ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്ഐമാരായ എം.എസ് ജിഷ്ണു, പി.രാധാകൃഷ്ണൻ എഎസ്ഐ മാരായ ഉണ്ണിരാജ്, ശരത് കുമാർ, ഓഫീസർമാരായ നിധിൻ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin