ബംഗ്ലാദേശിലേക്കുള്ള വൈദ്യുത വിതരണം പൂർണ തോതിൽ പുനരാംരംഭിച്ച് അദാനി ഗ്രൂപ്പ്

ധാക്ക: ബംഗ്ലാദേശിലേക്കുള്ള വൈദ്യുത വിതരണം പൂർണ തോതിൽ പുനരാംരംഭിച്ച് അദാനി ഗ്രൂപ്പ്. വൈദ്യുതി ചാര്‍ജ് ഇനത്തിൽ 846 മില്യണ്‍ ഡോളര്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ കുടിശ്ശികയാക്കിയതിന് പിന്നാലെ ബംഗ്ലാദേശിനുള്ള അമ്പത് ശതമാനം വൈദ്യുതി വിതരണം അദാനി ഗ്രൂപ്പ് വെട്ടിക്കുറച്ചിരുന്നു. ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനമായ ജാർഖണ്ഡിലെ കൽക്കരി പ്ലാന്റിൽ നിന്നാണ് 1600 മെഗാവാട്ട് അദാനി ഗ്രൂപ്പ് ബംഗ്ലാദേശിന് നൽകിയിരുന്നത്. സ്ഥിരമായി അദാനി ഗ്രൂപ്പിന് പണം നൽകുന്നുവെന്നും ആവശ്യത്തിനുള്ള വൈദ്യുതി ലഭിക്കുന്നതുമായാണ് ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ റെസൌർ കരീം വ്യാഴാഴ്ച ബ്ലൂംബെർഗിനോട് പ്രതികരിച്ചത്. രണ്ട് ആഴ്ചകൾക്ക് മുൻപാണ് വൈദ്യുതി വിതരണം പൂർണമായ തോതിലായത്. 

ഒക്ടോബർ 31 മുതലായിരുന്നു അദാനി ഗ്രൂപ്പ് ബംഗ്ലാദേശിലേക്കുള്ള വൈദ്യുത വിതരണം വെട്ടിക്കുറിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യം വൻ തുക നൽകാനുള്ളതിനേ തുടർന്നായിരുന്നു ഇത്. 850 മില്യൺ ഡോളർ കുടിശിക എന്നത് 800 മില്യൺ ഡോളറായി കുറയ്ക്കാൻ ബംഗ്ലാദേശിന് സാധിച്ചതായാണ് ബിബിസി റിപ്പോർട്ട് വിശദമാക്കുന്നത്. ശേഷിക്കുന്ന തുക ആറ് മാസത്തിനുള്ളിൽ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബംഗ്ലാദേശിലെ നാഷണൽ ഗ്രിഡിന് സഹായകമാവുന്നതാണ് നിലവിലെ തീരുമാനമെന്നാണ് വിലയിരുത്തൽ. 2017 ൽ ഒപ്പുവയ്ക്കപ്പെട്ട 25 വർഷത്തെ കരാറാണ് അദാനി ഗ്രൂപ്പിന് ബംഗ്ലാദേശുമായി ഉള്ളത്. 

രാജ്യത്തെ വൈദ്യുതി ഉപഭോക്താക്കളേക്കാൾ അദാനി ഗ്രൂപ്പിനാണ് കരാർ കൊണ്ടുള്ള ലാഭമെന്നാണ് കരാറിനേക്കുറിച്ച് വ്യാപകമായി ഉയരുന്ന വിമർശനം. ദേശീയ തലത്തിൽ ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ടതോടെ ഈ കരാർ വലിയ വിമർശനത്തിന് ഇരയായിരുന്നു. ഇടക്കാല സർക്കാരിന്റെ ചുമതലയേറ്റതിന് പിന്നാലെ തന്നെ സമാധാന നോബൽ അവാർഡ് ജേതാവായ മുഹമ്മദ് യൂനസ് ഷെയ്ഖ് ഹസീന ഒപ്പിച്ച ഊർജ്ജ കരാറുകളേക്കുറിച്ച് പഠിക്കാൻ വിദഗ്ധ പാനലിനെ ഏർപ്പെടുത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin